‘ചൈന കഴിഞ്ഞാല്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട വിപണി ഇന്ത്യ’

‘ചൈന കഴിഞ്ഞാല്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട വിപണി ഇന്ത്യ’
  • ഇന്ത്യയില്‍ മൂലധന നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യമാണ് ഇപ്പോഴും
  • മികച്ച നേട്ടം തരാന്‍ വിപണിക്ക് സാധിക്കും
  • ഗോള്‍ഡ്മാന്‍ സാക്‌സിന്റെ തിമോത്തി മോക്ക് ഇന്ത്യയിലപ്പോഴും ശുഭപ്രതീക്ഷ

ന്യൂഡെല്‍ഹി: ചൈന കഴിഞ്ഞാല്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട മാര്‍ക്കറ്റ് ഇന്ത്യയാണെന്ന് ഗോള്‍ഡ് മാന്‍ സാക്‌സ് കമ്പനി ചീഫ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് തിമോത്തി മോ. കഴിഞ്ഞ വര്‍ഷം ഏതാണ്ട് അഞ്ച് മുതല്‍ ആറ് ബില്ല്യണ്‍ ഡോളര്‍ വരെയാണ് ഇന്ത്യന്‍ വിപണികളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത്. എന്നാല്‍ അവര്‍ ഇപ്പോള്‍ തിരിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട്-മോ പറഞ്ഞു.

വിദേശ നിക്ഷേപകര്‍ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ അമിതാവേശമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും പിന്നീട് പെട്ടെന്ന് വില്‍ക്കുകയും ചെയ്യുന്ന അവസ്ഥ മാറി ഇപ്പോള്‍ കൈവശം വെക്കാവുന്നതെന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് മോ അഭിപ്രായപ്പെട്ടു.

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്ക് ആവര്‍ത്തിച്ച് എത്താനുള്ള പ്രേരണ നല്‍കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും കൂടുതല്‍ ക്രിയാത്മക നേട്ടങ്ങള്‍ നല്‍കുന്നതായി അത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പാദത്തിലെ വിപണിനേട്ടത്തെ കുറച്ചുള്ള ഡോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഈ വര്‍ഷവും അടുത്ത വര്‍ഷവും 16 ശതമാനത്തിന്റേയും 14 ശതമാനത്തിന്റേയും നേട്ടം തരാന്‍ വിപണിക്ക് സാധിക്കുമെന്നാണ്. കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും മികച്ച നേട്ടം നല്‍കിയത് 2019ലെ മൂന്നാം പാദമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി വീണ്ടും അധികാരത്തിലേറുമെന്ന വികാരം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് വിപണി പോസിറ്റീവായാണ് പ്രതികരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനിയും ഒരു മാസം ബാക്കിയുള്ളതിനാല്‍ വിപണിക്ക് ഇനിയും മെച്ചപ്പെടലിനുള്ള അവസരമുണ്ട്.

മുന്‍കാലങ്ങളിലെ പ്രകടനം വിലയിരുത്തിയാല്‍, തെരഞ്ഞെടുപ്പിന് മുമ്പ് വിപണിക്ക് കുതിപ്പുണ്ടാകുകയും നിക്ഷേപകര്‍ക്ക് താരതമ്യേന മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് മനസിലാക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിപണി സ്ഥിരത കൈവരിക്കുകയും സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

അഞ്ച് വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഘടനാപരമായ വളര്‍ച്ച വളരെ അകര്‍ഷണീയമാണെന്നാണ് പൊതുവെ സാമ്പത്തികവിദഗ്ധരുടെ പക്ഷം. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ഇവിടെയുണ്ടെന്നും ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണെന്നും തിമോത്തി മോ അഭിപ്രായപ്പെട്ടു. മൂലധന നിക്ഷേപത്തിന് അനുയോജ്യമായ സാധ്യകളാണ് ഇപ്പോഴും ഇന്ത്യയിലുള്ളതെന്നും അദ്ദേഹം.

Comments

comments