പ്രതിരോധിച്ച് ഷി; നൂറ്റാണ്ടിന്റെ പദ്ധതിയോ ലോകത്തെ വിഴുങ്ങുന്ന അനക്കോണ്ടയോ?

പ്രതിരോധിച്ച് ഷി; നൂറ്റാണ്ടിന്റെ പദ്ധതിയോ ലോകത്തെ വിഴുങ്ങുന്ന അനക്കോണ്ടയോ?

നൂറ്റാണ്ടിന്റെ പദ്ധതിയെന്ന് ചൈനയും ഫാസിസത്തിന്റെ പുതിയ മുഖമെന്ന് ഇന്ത്യയും കരുതുന്ന ബെല്‍റ്റ് റോഡ് സംരംഭത്തിന്റെ രണ്ടാമത് അന്താരാഷ്ട്ര ഫോറത്തില്‍ ഇന്നലെ ഷി ജിന്‍പിംഗ് സംസാരിച്ചു. പദ്ധതിയെ പ്രതിരോധിച്ച അദ്ദേഹം പറയുന്നത് ഇത് ലോകത്തിനുവേണ്ടിയാണെന്നാണ്. എന്നാല്‍ പട്ടുപാതയുടെ ആവരണത്തില്‍ പുതിയ കോളനികള്‍ സ്ഥാപിക്കാനുള്ള ചൈനയുടെ സ്വപ്‌നത്തെ ചിട്ടയായി പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് സാധിക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം

  • 40 രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ ബിആര്‍ഐ ഫോറത്തില്‍ പങ്കെടുക്കുന്നത്
  • ഏഴ് രാജ്യങ്ങള്‍ക്കുള്ളത് കടുത്ത അതൃപ്തി
  • ഇതിനോടകം ചൈന 125 രാജ്യങ്ങളുമായി ബിആര്‍ഐ സഹകരണ കരാറുകളില്‍ ഒപ്പിട്ടുണ്ട്
  • മാര്‍ച്ചില്‍ ഇറ്റലി ബിആര്‍ഐയില്‍ ചേര്‍ന്നത് യൂറോപ്പിനെ ഞെട്ടിച്ചിരുന്നു
  • ചൈനയും ബിആര്‍ഐ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആറ് ട്രില്ല്യണ്‍ ഡോളര്‍ കടന്നു
  • ഇരപിടിക്കുന്ന വേട്ടക്കാരന്റെ സ്വഭാവത്തോടെയാണ് ചൈന ചെറുരാജ്യങ്ങള്‍ക്ക് വാരിക്കോരി വായ്പ നല്‍കുന്നത്
  • കടക്കെണി നയതന്ത്രത്തിന്റെ ഭാഗമാണ് ബിആര്‍ഐ എന്നുള്ള വാദം ശക്തമാകുന്നു

ചൈനീസ് പ്രസിഡന്റും പുതിയ കാല മാവോയുമായ ഷി ജിന്‍പിംഗിന്റെ ‘ആത്യന്തിക’ സ്വപ്‌നമാണ് ബെല്‍റ്റ് റോഡ് പദ്ധതി (ബിആര്‍ഐ). യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും എല്ലാം ഒരു പോലെ ചൈനീസ് നിയന്ത്രണത്തിലാക്കാനുള്ള, അടിസ്ഥാനസൗകര്യ നിക്ഷേപത്തിന്റെ പുറംമോടിയിലുള്ള അധിനിവേശ പദ്ധതിയെന്ന് അമേരിക്കയും ഇന്ത്യയും വിശേഷിപ്പിക്കുന്നു ബെല്‍റ്റ് റോഡിനെ. അന്താരാഷ്ട്ര സഹകരണത്തിനായുള്ള രണ്ടാമത്തെ ബെല്‍റ്റ് റോഡ് ഫോറത്തിന് ബെയ്ജിംഗില്‍ ഇന്ന് പരിസമാപ്തി കുറിക്കുമ്പോള്‍ കുറച്ചുകൂടി തന്ത്രശാലിയാണ് താനെന്ന് ഷി ജിന്‍പിംഗ് ബോധ്യപ്പെടുത്തുകയാണ്.

ഇന്നലെ 40ഓളം രാഷ്ട്രനേതാക്കളുള്‍പ്പെടുന്ന വലിയ സദസ്സിനെ അഭിസംബോധന ചെയ്ത് ചൈനയുടെ അനിഷേധ്യ നേതാവ് നടത്തിയ പ്രസംഗം അതാണ് സൂചിപ്പിക്കുന്നത്. ദരിദ്രരാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിയിടുന്നതാണ് ചൈനയുടെ പദ്ധതിയെന്ന കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ട് കുറച്ചുകാലമായി. ആ വാദം ശക്തിയാര്‍ജിക്കുന്നതിനിടെയാണ് ഇത്തവണ ബെല്‍റ്റ് റോഡ് സമ്മേളനം നടക്കുന്നത്. പദ്ധതിക്ക് സുതാര്യതയില്ലെന്നും കടുത്ത ഭാഷയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ വിമര്‍ശനങ്ങളുടെ തീവ്രത കുറയ്ക്കുക കൂടിയാണ് ഇത്തവണത്തെ ഫോറത്തിലൂടെ ഷി പദ്ധതിയിട്ടത്.

എല്ലാവരുടെയും സഹകരണത്തിലായിരിക്കും ബെല്‍റ്റ് റോഡുമായി മുന്നോട്ടുപോകുന്നതെന്നാണ് ഷി വ്യക്തമാക്കിയത്. കൂടുതല്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ചൈന ഒപ്പുവെക്കും, ബെല്‍റ്റ് റോഡ് നികുതി പിരിവിനായി കസ്റ്റംസ്, ഓഡിറ്റിംഗ്, നികുതി, മേല്‍നോട്ടം തുടങ്ങി വിവിധ തലങ്ങളില്‍ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം സുതാര്യവും ശക്തവുമാക്കും. ഉയര്‍ന്ന നിലവാരമുള്ള സഹകരണമാണ് നമുക്ക് വേണ്ടത്. അതിനായി സര്‍വസ്വീകാര്യമായ നിയമങ്ങളും മാനദണ്ഡങ്ങളുമാകും സ്വീകരിക്കുക-അന്താരാഷ്ട്ര സഹകരണത്തിനുവേണ്ടിയുള്ള ബെല്‍റ്റ് റോഡ് സമ്മേളനത്തില്‍ സംസാരിക്കവെ ഷി ജിന്‍പിംഗ് പറഞ്ഞു. ഏകദേശം 5,000ത്തോളം പേരാണ് ബെല്‍റ്റ് റോഡ് ഫോറത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. ബെല്‍റ്റ് റോഡ് ശൃംഖലയുടെ ഭാഗമായ പദ്ധതികള്‍ക്കുള്ള ഫണ്ടിംഗ് മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ ഈ ആഴ്ച്ച തന്നെ ഉണ്ടാകുമെന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയത്.

ബിആര്‍ഐ; തുടക്കം 2013ല്‍

യുറേഷ്യയിലുടനീളം വ്യാപാര പാതകള്‍ പുനസൃഷ്ടിക്കുകയെന്ന തന്റെ പദ്ധതി 2013ലാണ് ഷി ജിന്‍പിംഗ് അവതരിപ്പിച്ചത്. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് എന്ന സംരംഭം പിന്നീട് ബെല്‍റ്റ് റോഡ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യുകയായിരുന്നു. നൂറ്റാണ്ടിന്റെ പദ്ധതിയെന്നായിരുന്നു അതിനെ ചൈനീസ് സര്‍വാധിപന്‍ വിശേഷിപ്പിച്ചത്. ആഫ്രിക്ക മുതല്‍ കിഴക്കന്‍ പസിഫിക് വരെയുള്ള മേഖലകളില്‍ ബില്യണ്‍കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് ഇതിനായി ചൈന ഒഴുക്കിയിരിക്കുന്നത്. സാമ്പത്തിക ഏകീകരണവും വികസനവുമാണ് സംരംഭത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നാണ് തുടക്കം മുതല്‍ കമ്യൂണിസ്റ്റ് ചൈന പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചെറിയ രാജ്യങ്ങള്‍ക്ക് വലിയ തോതിലുള്ള വായ്പ നല്‍കി, അത് തിരിച്ചടയ്ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി, ചൈനയുടെ ആജ്ഞാനുവര്‍ത്തികളാക്കി അവരെ മാറ്റുകയാണ് ബെല്‍റ്റ് റോഡ് ചെയ്യുന്നത്.

ബെല്‍റ്റ് റോഡിന്റെ ഭാഗമാകാമെന്ന് നേരത്തെ സമ്മതിച്ച ഏഴ് രാജ്യങ്ങള്‍ ഇപ്പോള്‍ ചൈനയുമായി കുറച്ച് ഉടക്കിലാണ്. ബിആര്‍ഐയുടെ ഭാഗമായി ഒപ്പിട്ട ചില പദ്ധതികള്‍ ഇവര്‍ റദ്ദാക്കുകയോ ചുരുക്കുകയോ ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ചൈനയുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണിത്. ഈ മാസം ആദ്യം മലേഷ്യയില്‍ ഈസ്റ്റ് കോസ്റ്റ് റെയ്ല്‍ ലിങ്ക് പദ്ധതി പുനരാരംഭിക്കാന്‍ ചൈന കരാര്‍ ഒപ്പിട്ടിരുന്നു. ഈ പദ്ധതിയില്‍ നിന്നും മലേഷ്യ നേരത്തെ പിന്മാറുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ആദ്യം 16 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയായിട്ടാണ് ഇത് വിഭാവനം ചെയ്തിരുന്നതെങ്കിലും ചൈനയുടെ കുടിലത പുറത്തായതോടെ പദ്ധതി 10.7 ബില്ല്യണ്‍ ഡോളറിലേക്ക് ചുരുങ്ങുകയാണുണ്ടായത്. ഫിലിപ്പീന്‍സിലെ മനിലയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മിക്കുന്ന പദ്ധതിക്ക് അവരുടെ പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെര്‍ട്ടെയുമായി ഷി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ചൈനയുടെ കടക്കെണിയില്‍ വീഴാന്‍ പോകുന്ന ഏറ്റവും ഒടുവിലത്തെ രാജ്യം ഫിലിപ്പീന്‍സാണെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

റോഡ്രിഗോയുടെ ബില്‍ഡ്, ബില്‍ഡ്, ബില്‍ഡ് എന്ന വികസന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ആവോളം പണം നല്‍കാമെന്നതായിരുന്നു ചൈനയുടെ വാഗ്ദാനം. എന്നാല്‍ ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിധിയില്ലാതെ ഫിലിപ്പീന്‍സിലേക്കെത്തിയ ചൈനീസ് മൂലധനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് അടുത്തിടെ എത്തിച്ചിരുന്നു.

റോഡ്രിഗോയുടെ പിടിപ്പുകേടുകൊണ്ട് രാജ്യത്തേക്കെത്തിയ ചൈനീസ് മൂലധനം കടുത്ത അസ്വസ്ഥകള്‍ സൃഷ്ടിച്ചതായാണ് ഫിലിപ്പീന്‍സിനുള്ളില്‍ നിന്നുതന്നെയുള്ള വിമര്‍ശനങ്ങള്‍. 2016ല്‍ മാത്രം 24 ബില്യണ്‍ ഡോളറിന്റെ സഹായമാണ് ചൈനയില്‍ നിന്നും ഫിലിപ്പീന്‍സ് പറ്റിയത്. 2018ല്‍ ഫിലിപ്പീന്‍സിലേക്ക് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം എത്തിയിരിക്കുന്നതും ചൈനയില്‍ നിന്നാണ്. വലിയ തോതിലുള്ള ചൈനീസ് തൊഴിലാളികളുടെ ഒഴുക്കും അതിവേഗത്തില്‍ ഉയരുന്ന പ്രോപ്പര്‍ട്ടി വിലയും എല്ലാം ഫിലിപ്പീന്‍സിനെ മറ്റൊരു ശ്രീലങ്കയാക്കുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ശ്രീലങ്കയ്ക്ക് താങ്ങാവുന്നതിലധികം പണം പലിശയ്ക്ക് നല്‍കി ചൈനയുടെ കടക്കെണി നയതന്ത്രത്തില്‍ ഇന്ത്യയുടെ അയല്‍രാജ്യത്തെ പെടുത്തുകയായിരുന്നു ഷി ജിന്‍പിംഗ്. വായ്പകള്‍ പലതും തിരിച്ചടയ്ക്കാന്‍ പറ്റാതെ ശ്രീലങ്ക ചൈനീസ് കുരുക്കിലാകപ്പെടുന്നതിലേക്കാണ് നിക്ഷേപം വഴിവെച്ചത്. ചൈനയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ശ്രീലങ്കയ്ക്ക് സാധിക്കാതിരുന്നപ്പോള്‍ രാജ്യത്തെ രണ്ട് തന്ത്രപ്രധാനമായ തുറമുഖങ്ങളുടെ നിയന്ത്രണം കമ്യൂണിസ്റ്റ് രാജ്യത്തിനെഴുതിതിക്കൊടുക്കേണ്ടി വന്നു അവര്‍ക്ക്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലും സമാനമായാണ് ചൈന ഇടപെടല്‍ നടത്തുന്നത്.

മാലദ്വീപില്‍ ഭരണം മാറിയതോടെ ചൈനീസ് പദ്ധതികളോട് സര്‍ക്കാര്‍ മുഖം തിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ചൈനീസ് അനുകൂല സര്‍ക്കാരായിരുന്നു മാലദ്വീപില്‍, ഇപ്പോള്‍ ഇന്ത്യ അനുകൂല സര്‍ക്കാരും. അടിസ്ഥാനസൗകര്യ അധിനിവേശത്തിലൂടെ മറ്റ് രാജ്യങ്ങളില്‍ നിയന്ത്രണം കൈയാളി ലോകനേതാവാകാനുള്ള തങ്ങളുടെ ആഗ്രഹത്തിലേക്ക് പടിപടിയായി കാലെടുത്തുവെക്കാനുള്ള ശ്രമത്തിലാണ് ചൈന. അതിന് കുടപിടിക്കുന്ന പദ്ധതിയാണ് ഷിയുടെ ഈ ബെല്‍റ്റ് റോഡ്.

ഇരപിടിക്കുന്ന വേട്ടക്കാരന്റെ സ്വഭാവത്തോടെയാണ് ചൈന ചെറുരാജ്യങ്ങള്‍ക്ക് വാരിക്കോരി വായ്പ നല്‍കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാതാകുമ്പോള്‍ അവരുടെ തന്ത്രപ്രധാന ഇടങ്ങള്‍ ചൈനയുടെ അധീനതയിലാകും. നാളെ ചൈനയുടെ സൈനിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തന്ത്രപ്രധാന ആസ്തികളായി അത് മാറുകയും ചെയ്യും.

നിയന്ത്രണം സ്‌റ്റേറ്റിലേക്ക് തന്നെ

അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പടെയുള്ള ചില ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ബെല്‍റ്റ് റോഡ് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിന് തന്നെയാണെന്നുള്ള ബോധ്യപ്പെടുത്തലും ചൈന നടത്തുന്നുണ്ട്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ നേതൃത്വത്തില്‍ വിപണി സൗഹൃദമായ ധനകാര്യ ചട്ടക്കൂടും ബിആര്‍ഐ പദ്ധതിക്കായി ഒരുക്കുമെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്.

ഒഴുകുന്നു നിക്ഷേപം

ചൈനീസ് കമ്പനികള്‍ മാത്രം ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഭാഗമായ രാജ്യങ്ങളില്‍ 2013നും 2018നും ഇടയ്ക്ക് നിക്ഷേപിച്ചത് 90 ബില്യണ്‍ ഡോളറാണ്. ഈ നിക്ഷേപത്തില്‍ വാര്‍ഷികാടിസ്ഥാനത്തിലുണ്ടാകുന്ന വളര്‍ച്ച 5.2 ശതമാനമാണെന്നാണ് ചൈന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഇതേ കാലയളവില്‍ ഈ രാജ്യങ്ങളെല്ലാം കൂടി ചൈനയില്‍ നടത്തിയതാകട്ടെ 40 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും. അതേസമയം ചൈനയും ബിആര്‍ഐയും തമ്മിലുള്ള മൊത്തം വ്യാപാരം ആറ് ട്രില്യണ്‍ ഡോളര്‍ കടന്നുവെന്നതും ശ്രദ്ധേയമാണ്. ഇരുകൂട്ടരും തമ്മിലുള്ള വ്യാപാരത്തിലുണ്ടാകുന്നത് പ്രതിവര്‍ഷം നാല് ശതമാനം വളര്‍ച്ചയാണ്. ചൈനയുടെ മൊത്തം വ്യാപാരത്തിന്റെ 28 ശതമാനത്തോളം വരുമിത്.

125 രാജ്യങ്ങളുമായാണ് ബെല്‍റ്റ് റോഡുമായി ബന്ധപ്പെട്ട സഹകരണ പദ്ധതികള്‍ക്കായി ചൈന കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 29 അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി വേറെയും സഹകരണമുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇറ്റലി ബെല്‍റ്റ് റോഡിന്റെ ഭാഗമായത് വലിയ വാര്‍ത്തയായിരുന്നു. ചൈനയുടെ കടക്കെണി നയത്തിന് ചൂട്ടുപിടിക്കുന്നതായി ഇറ്റലിയുടെ സമീപനമെന്നും ഇതവരുടെ പരമാധികാരത്തെ നാളെ ബാധിക്കുമെന്നുമാണ് യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരുടെ വിലയിരുത്തല്‍.

ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നിവരാണ് ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതികളുടെ ഭാഗമായ പ്രധാന വികസിത രാഷ്ട്രങ്ങള്‍. അമേരിക്ക അതിശക്തമായ എതിര്‍പ്പാണ് പദ്ധതിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ജപ്പാന്റെയും നിലപാട് അതുതന്നെ. ബെല്‍റ്റ് റോഡ് പദ്ധതിയുടെ പ്രധാന ഭാഗമായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്കിസ്ഥാന്‍ അധീന കശ്മീരിലുടെ ആയതിനാല്‍ ഇന്ത്യയും ഇതിന്റെ ഭാഗമായിട്ടില്ല. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ബെല്‍റ്റ് റോഡെന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്. മോദിയെ അനുനയിപ്പിക്കാന്‍ ബെയ്ജിംഗ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാര്യമുണ്ടായില്ല. 2017ല്‍ നടന്ന ആദ്യ ബെല്‍റ്റ് റോഡ് ഫോറത്തില്‍ ഒരു പ്രതിനിധിയെ പോലും അയക്കാത്ത പ്രധാന രാജ്യം ഇന്ത്യയായിരുന്നു.

പട്ടുപാതയല്ല, അനക്കോണ്ട; എന്താണീ സില്‍ക്ക് റോഡ്?

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ വ്യാപാരത്തിന്റെ പേര് പറഞ്ഞ് കമ്യൂണിസ്റ്റ് ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം വര്‍ധിപ്പിക്കാനുള്ള സംരംഭമാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി (ബിആര്‍ഐ). പൗരാണിക പട്ടുപാത(സില്‍ക്ക് റോഡ്)യുടെ പുനരുജ്ജീവനമെന്നാണ് ഷി ജിന്‍പിംഗ് ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണെന്ന് യുഎസും ഇന്ത്യയുമെല്ലാം പറയുന്നു. സൈനിക താല്‍പ്പര്യങ്ങളാണ് പാതയ്ക്ക് പിന്നിലെന്ന് അടുത്തിടെ പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു. പട്ടുപാതയല്ല, ലോകത്തെ വരിഞ്ഞുവിഴുങ്ങുന്ന അനക്കോണ്ടയാണ് ചൈനയുടെ ബിആര്‍ഐ എന്നാണ് പെന്റഗണ്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 2027 ആകുമ്പോഴേക്കും പദ്ധതിയനുസരിച്ച് ചൈന ചുരുങ്ങിയത് 1.3 ട്രില്യണ്‍ ഡോളറിന്റെയെങ്കിലും നിക്ഷേപം നടത്തുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നത്. ബിആര്‍ഐയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയില്‍ കൂടി ചേര്‍ത്തതോടെ ഈ പദ്ധതിയില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്മാറില്ലെന്ന് കൂടിയാണ് ചൈന പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Categories: FK Special, Slider
Tags: China, Silk Road