ഇലക്ട്രിക് മോപെഡ് വിപണിയിലെത്തിച്ച് ഷഓമി

ഇലക്ട്രിക് മോപെഡ് വിപണിയിലെത്തിച്ച് ഷഓമി

ചൈനീസ് വിപണിയില്‍ പുതുതായി ഹിമോ ടി1 എന്ന ഇലക്ട്രിക് മോപെഡ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളിലുമുണ്ട് തങ്ങള്‍ക്ക് പിടി എന്ന് വീണ്ടും തെളിയിക്കുകയാണ് ഷഓമി. ചൈനീസ് വിപണിയില്‍ പുതുതായി ഹിമോ ടി1 എന്ന ഇലക്ട്രിക് മോപെഡ് പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനി. കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ മൂന്ന് പെയിന്റ് സ്‌കീമുകളില്‍ ലഭിക്കും. 450 യുഎസ് ഡോളറാണ് ഹിമോ ടി1 ഇലക്ട്രിക് വാഹനത്തിന് വില. ഇന്ത്യയില്‍ നികുതികള്‍ കൂടാതെ ഏകദേശം 31,477 രൂപ വില വരും. ഷഓമിയുടെ ചൈനീസ് ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്ത്യക്കാര്‍ക്കും ഇലക്ട്രിക് മോപെഡ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

ഇതിനുമുമ്പ് ഹിമോ സി20 എന്ന ഇലക്ട്രിക് ബൈസൈക്കിള്‍ ഷഓമി വിപണിയിലെത്തിച്ചിരുന്നു. 375 യുഎസ് ഡോളറാണ് (ഏകദേശം 26,000 ഇന്ത്യന്‍ രൂപ) ഹിമോ സി20 മോഡലിന് വില. 80 കിലോമീറ്ററാണ് ഹിമോ സി20 ബൈസൈക്കിളിന്റെ റേഞ്ച് എങ്കില്‍ ഹിമോ ടി1 മോപെഡിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 60 കിലോമീറ്റര്‍ മാത്രമാണ് റേഞ്ച്. എന്നാല്‍ വലിയ ബാറ്ററി ഉപയോഗിച്ചാല്‍ സിംഗിള്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഹിമോ ടി1 ഇലക്ട്രിക് വാഹനത്തിന്റെ സവിശേഷതയാണ്. ബാറ്ററി ശതമാനം, വേഗത, സമയം മുതലായ വിവരങ്ങള്‍ ഡിസ്‌പ്ലേയില്‍ കാണാം. ഹിമോ ടി1 മോപെഡിന്റെ ടോപ് സ്പീഡ്, ഭാരം എന്നിവ ഷഓമി വെളിപ്പെടുത്തിയില്ല. എന്നാല്‍ ചൈനയിലെ പുതിയ നിയമമനുസരിച്ച് ഇലക്ട്രിക് ബൈസൈക്കിളുകള്‍ക്ക് മണിക്കൂറില്‍ 25 കിലോമീറ്റര്‍ ടോപ് സ്പീഡും കുറഞ്ഞത് 55 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം.

ഇലക്ട്രിക് മോപെഡിന്റെ മുന്നില്‍ സാധാരണ ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട കോയില്‍ഓവറുകളും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളാണെങ്കില്‍ പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്ക് നല്‍കിയിരിക്കുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സവിശേഷതയാണ്. 672 വാട്ട് അവര്‍ ചാര്‍ജ് വഹിക്കാന്‍ കഴിയുന്ന 14 എഎച്ച് ബാറ്ററിയാണ് ഇലക്ട്രിക് മോപെഡിന് കരുത്തേകുന്നത്. എന്നാല്‍ ഓപ്ഷണല്‍ എക്‌സ്ട്രാ എന്ന നിലയില്‍ 28 എഎച്ച് ബാറ്ററി കമ്പനി ഓഫര്‍ ചെയ്യുന്നു.

Comments

comments

Categories: Auto