ടാറ്റാ സ്റ്റീലിന്റെ അറ്റാദായം പകുതിയായി കുറഞ്ഞു വരുമാനത്തില്‍ 27% വര്‍ധന

ടാറ്റാ സ്റ്റീലിന്റെ അറ്റാദായം പകുതിയായി കുറഞ്ഞു വരുമാനത്തില്‍ 27% വര്‍ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സംയോജിത അറ്റാദായത്തില്‍ 48.78 ശതമാനത്തിന്റെ ഇടിവുണ്ടായതായി ടാറ്റാ സ്റ്റീല്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കുന്നു. 9,098 കോടി രൂപയാണ് നികുതിക്കു ശേഷമുള്ള ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 17,763 കോടി രൂപയായിരുന്നു ഇത്. വരുമാനത്തില്‍ 27 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 124,110 കോടി രൂപയില്‍ നിന്ന് 157,669 കോടി രൂപയായാണ് വരുമാനം വര്‍ധിച്ചത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 55 ശതമാനം വര്‍ധിച്ച് 30,734 കോടി രൂപയില്‍ എത്തി. 2017-18ല്‍ ഇത് 19,768 കോടി രൂപയായിരുന്നു. സംയോജിത സ്റ്റീല്‍ ഉല്‍പ്പാദനവും വിതരണവും 17 ശതമാനം വര്‍ധിച്ച് യഥാക്രമം 27.11 മില്യണ്‍ ടണ്ണിലും 26.80 മില്യണ്‍ ടണ്ണിലും എത്തി. ഇന്ത്യയില്‍ നിന്നുളള ഉല്‍പ്പാദനം 35 ശതമാനം വര്‍ധിച്ച് 16.81 മില്യണ്‍ ടണ്ണിലേക്കെത്തിയപ്പോള്‍ രാജ്യത്തിലെ വിതരണം 33 ശതമാനം ഉയര്‍ന്ന 16.26 മില്യണ്‍ ടണ്ണിലെത്തി.

2018-19 നാലാം പാദത്തില്‍ സംയോജിത അറ്റാദായം 84.37 ശതമാനം ഇടിഞ്ഞ് 2,295.25 കോടി രൂപയിലേക്കെത്തി. മുന്‍ വര്‍ഷം നാലാം പാദത്തിലിത് 14,688.02 കോടി രൂപയായിരുന്നു. നാലാംപാദത്തിലെ സംയോജിത വരുമാനം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 42,424 കോടി രൂപയിലെത്തി.

Comments

comments

Categories: Business & Economy
Tags: Tata steels