ഉത്തരവാദി ഗോയലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഉത്തരവാദി ഗോയലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ജെറ്റിന്റെ ഓഹരികള്‍ ഇത്തിഹാദിന് വില്‍ക്കാനുള്ള ഇടപാടില്‍ നരേഷ് ഗോയല്‍ മനപൂര്‍വം പിഴവ് വരുത്തി

മുംബൈ: ജെറ്റ് എയര്‍വേയ്‌സ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു കാരണം സ്ഥാപകന്‍ നരേഷ് ഗോയലാണെന്ന ആരോപണവുമായി ബിജെപി എംപിയും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ജെറ്റിന്റെ ഓഹരികള്‍ ഇത്തിഹാദിന് വില്‍ക്കാനുള്ള ഇടപാടില്‍ നരേഷ് ഗോയല്‍ മനപൂര്‍വം വരുത്തിയ പിഴവുകളാണ് എയര്‍ലൈനിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നാണ് സ്വാമി ആരോപിച്ചു. തുടക്കം മുതലേ താന്‍ ജെറ്റ്-ഇത്തിഹാദ് ഇടപാടിന് എതിരായിരുന്നെന്നും ഇന്ത്യന്‍ കമ്പനികളുടെ കൈയില്‍ തന്നെ ഭൂരിഭാഗം ഓഹരികളുടെ ഉടമസ്ഥാവകാശം നിലനില്‍ക്കുമെങ്കില്‍ മാത്രമേ സ്വകാര്യ കമ്പനികളുടെ മല്‍സരത്തെ താന്‍ അനുകൂലിക്കുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി. 1991 ല്‍ താന്‍ വാണിജ്യ മന്ത്രിയായിരിക്കുമ്പോഴാണ് ഈ നടപടി ആരംഭിച്ചതെന്നും ഗോയല്‍ ഈ കരാറിന് രൂപം നല്‍കിയ രീതി, സത്യത്തില്‍ ഇത് നടപ്പിലാക്കന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ലെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2013 ല്‍ ജെറ്റ്-ഇത്തിഹാദ് ഇടപാടിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

എസ്ബിഐയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യം കൂടുതല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ജെറ്റ് എയര്‍വേയ്‌സ് താല്‍കാലികമായി പ്രവര്‍ത്തനമവസാനിപ്പിച്ചത്. കടബാധ്യത പരിഹരിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി കമ്പനിയുടെ ഓഹരികള്‍ ലേലം ചെയ്യാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത്തിഹാദ് അടക്കം നാല് നിക്ഷേപകരെ യോഗ്യതയുള്ള ബിഡ്ഡര്‍മാരായി കണ്‍സോര്‍ഷ്യം തെരഞ്ഞെടുത്തിട്ടുണ്ട്.

Comments

comments

Categories: Current Affairs