പക്ഷികളെ രക്ഷിക്കാന്‍ രണ്ടര മിനിറ്റ് ഗാനവുമായി സന്നദ്ധ സംഘടന

പക്ഷികളെ രക്ഷിക്കാന്‍ രണ്ടര മിനിറ്റ് ഗാനവുമായി സന്നദ്ധ സംഘടന

ലണ്ടന്‍: വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ രക്ഷിക്കാന്‍ ബ്രിട്ടനില്‍ റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് എന്ന സന്നദ്ധ സംഘടന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ഏപ്രില്‍ 26നു പുറത്തിറക്കി. ലെറ്റ് നേച്ചര്‍ സിംഗ് (പ്രകൃതിയെ പാടാന്‍ അനുവദിക്കൂ) എന്നാണു ഗാനത്തിന്റെ പേര്. ബ്രിട്ടന്‍ ആസ്വദിച്ചിരുന്ന ഏറ്റവും ശ്രദ്ധേയമായ 25 പക്ഷികളുടെ പാട്ടാണ് ഇതിലുള്ളത്.

‘ പ്രകൃതി നിശബ്ദമായിരിക്കുന്നു; ആകാശത്ത് പാടി പറന്ന് നടന്നിരുന്ന പക്ഷികളുടെ നാലില്‍ ഒരു ഭാഗം കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ നമ്മള്‍ക്ക് നഷ്ടമായിരിക്കുന്നു. നമ്മള്‍ക്ക് പ്രകൃതിയോടുള്ള ബന്ധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി പക്ഷികളുടെ പാട്ട് തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. അതിനായി സംഗീതവും ഉപയോഗിക്കുന്നു’ റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഹാര്‍പര്‍ പറഞ്ഞു.

പ്രകൃതിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു നിമിഷത്തേയ്ക്കു വിശ്രമിക്കാന്‍ ആളുകളെ സഹായിക്കും. അതോടൊപ്പം ശാന്തത അനുഭവിക്കാനും ഈ ഗാനം സഹായിക്കും. പക്ഷികളുടെ പാട്ട് മാനസികാരോഗ്യത്തിന് സഹായകരമാണെന്നു തെളിയിച്ചിട്ടുള്ളതാണ്.

ബ്രിട്ടനില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ, ഏകദേശം 40 ദശലക്ഷം പക്ഷികള്‍ അപ്രത്യക്ഷമായതായിട്ടാണു കണക്കാക്കുന്നത്. രാജ്യത്തെ 56 ശതമാനം ജീവിവര്‍ഗങ്ങളും വംശനാശ ഭീഷണി നേരിടുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പട്ടികയിലെ പത്ത് എണ്ണമെങ്കിലും ഗുരുതരമാം വിധം വംശനാശ ഭീഷണി നേരിടുന്നവയുമാണ്. ബ്രിട്ടീഷ് പൗരന്മാരില്‍ 15 ശതമാനം മാത്രമാണ് പ്രകൃതിക്കു ദോഷം സംഭവിക്കുന്നുണ്ടെന്നു മനസിലാക്കിയിരിക്കുന്നത്. 27 ശതമാനത്തോളം പേര്‍ വിശ്വസിക്കുന്നതു വന്യജീവികള്‍ ഭീഷണി നേരിടുന്നില്ലെന്നാണ്. ഈ ഭീഷണിക്കെതിരേ രാജ്യത്തെ ഉണര്‍ത്താനാണ് റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം പുറത്തിറക്കുന്നത്.

Comments

comments

Categories: FK News
Tags: Save birds