യെസ് ബാങ്ക് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി

യെസ് ബാങ്ക് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി

പുറത്തായ സ്ഥാപകന്‍ റാണ കപൂറിന്റെ വിശ്വസ്തരരക്കം 14 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനമുണ്ടാവും

മുംബൈ: യെസ് ബാങ്കിന്റെ തലപ്പത്ത് സമഗ്ര അഴിച്ചുപണിക്ക് പുതിയതായി ചുമതലയേറ്റ സിഇഒ രവ്‌നീത് ഗില്‍ തയാറെടുക്കുന്നു. രണ്ടാഴ്ച്ചക്കിടെ 14 ഉന്നത എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരെയാണ് സ്ഥാനമാറ്റത്തിനുള്ള പട്ടികയിലേക്ക് ബാങ്ക് ചേര്‍ത്തത്. ഒരു ബാങ്കിന്റെ നേതൃതലത്തില്‍ ഇതുപോലെ അടിമുടി മാറ്റം വരുന്നത് രാജ്യത്തെ ബാങ്കിംഗ് ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. കോര്‍പ്പറേറ്റ് ഭരണ വീഴ്ച്ചകള്‍, വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലും വായ്പാ വിതരണ നയങ്ങളിലുമുള്ള അശ്രദ്ധ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് മാനേജ്‌മെന്റില്‍ മാറ്റം വരുത്തുന്നതെന്നാണ് അറിയുന്നത്. ആര്‍ബിഐ നിര്‍ദേശവും നടപടിക്കു പിന്നിലുണ്ടെന്നാണ് സൂചന. അതേസമയം വാര്‍ത്തകള്‍ യെസ് ബാങ്ക് നിഷേധിച്ചിട്ടുണ്ട്.

പുറത്താക്കപ്പെട്ട യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ വിശ്വസ്ത സഹായികളടക്കമുള്ളവര്‍ക്കാണ് സ്ഥാന ചലനമെന്നാണ് സൂചന. റാണാ കപൂറിന്റെ സ്വാധീനം ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് നീക്കമെന്ന് നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കിന്റെ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മറച്ചുവെച്ചതോടെയാണ് എംഡി സ്ഥാനത്ത് നിന്ന് കപൂറിന് ഒഴിയേണ്ടി വന്നിരുന്നത്. രജത് മോംഗ (ഗ്രൂപ്പ് പ്രസിഡന്റ്), രാജീവ് ആനന്ദ്( ഗ്രൂപ്പ് പ്രസിഡന്റ് ആന്‍ഡ് നാഷണള്‍ ഹെഡ് ഓഫ് കോര്‍പ്പറേറ്റ് ഫിനാന്‍സ്, രാജ് അഹൂജ (ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍), കുമാര്‍ പദ്മനാഭന്‍ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍), ആശിഷ് അഗര്‍വാള്‍ (ചീഫ് റിസ്‌ക് ഓഫീസര്‍) എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ മാനേജ്‌മെന്റ് ചുമതലയേല്‍ക്കുന്നതോട് കൂടി നിലവിലെ ഒഴിവുകള്‍ മൂന്ന് മാസത്തിനുള്ളില്‍ നികത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ബോംബെ ഓഹരി വിപണിയില്‍ ഇന്നലെ നടന്ന വ്യാപാരത്തില്‍ യെസ് ബാങ്ക് ഓഹരി മൂല്യം 2.71 ശതമാനം വര്‍ധിച്ച് 239.15 രൂപയിലെത്തിയിരുന്നു.

Categories: Banking, Slider
Tags: Yes Bank