ടവര്‍ ബിസിനസ് വില്‍ക്കുന്നതിനായി എടിഎസുമായി  ടാറ്റാ ടെലിയുടെ ചര്‍ച്ച

ടവര്‍ ബിസിനസ് വില്‍ക്കുന്നതിനായി എടിഎസുമായി  ടാറ്റാ ടെലിയുടെ ചര്‍ച്ച

എടിസി ടിഐപിഎല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടവര്‍ കമ്പനിയാണ്

ന്യൂഡെല്‍ഹി: മൊബീല്‍ ടവര്‍ ബിസിനസിലുള്ള തങ്ങളുടെ എല്ലാ ഓഹരികളും അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്( എടിസി) കൈമാറുന്നതിനായി ടാറ്റ ടെലി സര്‍വീസ് ചര്‍ച്ച നടത്തുന്നു. 2500 കോടി രൂപയുടെ ഇടപാടിനായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതു പ്രകാരം ഒരു ഓഹരിക്ക് 212 രൂപയാണ് ലഭിക്കുക. 2018 ഒക്‌റ്റോബറില്‍ തങ്ങളുടെ ഓഹരികളുടെ പകുതി ടാറ്റ ടെലിസര്‍വീസസ് എടിഎസിന് കൈമാറിയിരുന്നു. ടാറ്റാ സണ്‍സുമായി ചേര്‍ന്ന് തങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ബാക്കി ഓഹരികള്‍ കൂടി ഈ സാമ്പത്തിക വര്‍ഷം കൈമാറുന്നതിനായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

മൊബീല്‍ ടവര്‍ കമ്പനിയായ വിയോമില്‍ ടാറ്റ ടെലി സര്‍വീസസിനും എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിനും ഉണ്ടായിരുന്ന ഓഹരികള്‍ 2015 ഒക്‌റ്റോബറിലാണ് എടിസി വാങ്ങിയത്. 7635 കോടി രൂപയുടെ ഈ ഇടപാടിലൂടെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെ കമ്പനിയുടെ പേര് എടിസി ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി എടിസി മാറ്റുകയും ചെയ്തു. എടിസി ടിഐപിഎലില്‍ തങ്ങള്‍ക്കുണ്ടായിരുന്ന 26 ശതമാനം വിഹിതത്തിന്റെ പകുതിയാണ് കഴിഞ്ഞ വര്‍ഷം ടാറ്റാ ടെലിസര്‍വീസിന് കൈമാറിയത്.
എടിസി ടിഐപിഎല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടവര്‍ കമ്പനിയാണ്. രാജ്യ വ്യാപകമായി 78,000 മൊബീല്‍ ടവറുകളാണ് കമ്പനിക്ക് കീഴിലുള്ളത്. ടാറ്റ ടെലിസര്‍വീസസ് ബാക്കിയുള്ള ഓഹരികള്‍ കൂടി കൈമാറ് കമ്പനിക്ക് പുറത്തുപോകുന്നതോടെ എടിസി ടിഐപിഎലില്‍ 90 ശതമാനം ഓഹരികളും എടിസിയുടെ കൈവശമാകും.
രാജ്യത്തെ ടെലികോം വിപണിയില്‍ മല്‍സരം കനത്തതോടെ നേരത്തേ ടാറ്റാ തങ്ങളുടെ മൊബീല്‍ സേവന ബിസിനസില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇപ്പോള്‍ വിവിധ ബിസിനസുകള്‍ക്കായുള്ള കണക്റ്റിവിറ്റിസൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കമ്പനി മുന്നോട്ടുപോകുന്നത്. എയര്‍ടെലുമായുള്ള ലയനത്തിന് ടാറ്റാ ടെലി സര്‍വീസിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അനുമതി നല്‍കിയിട്ടുണ്ട്. ടെലികോം മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ഇരു കമ്പനികളും.

Comments

comments

Categories: Business & Economy