എസ്ബിഐ എട്ട് പുതിയ ഡിഎംഡികളെ നിയമിച്ചു

എസ്ബിഐ എട്ട് പുതിയ ഡിഎംഡികളെ നിയമിച്ചു

ഒഴിഞ്ഞുകിടക്കുന്ന ചീഫ് ജനറല്‍ മാനേജര്‍മാരുടെ തസ്തികകള്‍ നിറയ്ക്കുന്നതിന് 15 എക്‌സിക്യൂട്ടീവുകളെ കണ്ടെത്താനുള്ള നടപടികളും എസ്ബിഐ ആരംഭിച്ചിട്ടുണ്ട്

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കൂട്ട നിയമനം. എട്ട് എക്‌സിക്യൂട്ടീവുകളെയാണ് എസ്ബിഐ പുതുതായി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍മാരായി നിയമിച്ചിട്ടുള്ളത്. അടുത്തിടെ ബാങ്ക് നടത്തിയിട്ടുള്ള ഏറ്റവും വലിയ എച്ച്ആര്‍ അഴിച്ചുപണികളിലൊന്നാണിത്.

ഒഴിഞ്ഞുകിടക്കുന്ന ചീഫ് ജനറല്‍ മാനേജര്‍മാരുടെ തസ്തികകള്‍ നിറയ്ക്കുന്നതിന് 15 എക്‌സിക്യൂട്ടീവുകളെ കണ്ടെത്താനുള്ള നടപടികളും എസ്ബിഐ ആരംഭിച്ചതായാണ് വിവരം. ചില എക്‌സിക്യൂട്ടീവുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറിയതാണ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍മാരുടെ ഒഴിവിന് കാരണമായത്. ചിലര്‍ ഏതാനും മാസത്തിനുള്ളില്‍ വിരമിക്കാനിരിക്കുന്നവരാണെന്നും ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സോമ ശങ്കര പ്രസാദ്, കേശവ് കുമാര്‍ ടി, അസ്വാനി ഭാട്ടിയ, ഹരേ കൃഷ്ണ ജേന, സന്ദീപ് തിവാരി, അലോക് കുമാര്‍ ചൗധരി, ജാനകിരാമന്‍ സ്വാമിനാഥന്‍, സഞ്ജീവ് ചധ എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍മാര്‍. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍മാരെ കണ്ടെത്തുന്നതിന് 27 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ബാങ്ക് അഭമുഖം നടത്തിയത്. ചീഫ് ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ജനറല്‍ മാനേജര്‍മാരെ തെരഞ്ഞെടുക്കുന്നതിന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി അഭിമുഖം നടന്നു.

മുന്‍കാലങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള (അപ്രൈസല്‍) വാര്‍ഷിക നടപടിക്രമങ്ങള്‍ ബാങ്ക് ഏപ്രിലില്‍ തന്നെ ആരംഭിച്ചു. മേയ് 15ഓടെ ഇത് പൂര്‍ത്തിയാകും. നേരത്തെ ഇത്തരം നടപടികള്‍ കൈകൊണ്ട് തന്നെയാണ് ചെയ്തിരുന്നത്. അതുകൊണ്ട് ഇതിന് ഏകദേശം ആറോ ഒന്‍പതോ മാസം സമയമെടുക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് എസ്ബിഐ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള വാര്‍ഷിക നടപടികള്‍ പൂര്‍ണമായും ഡിജിറ്റലി ചെയ്യാന്‍ തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ന്യൂഡെല്‍ഹിയില്‍ എസ്ബിഐയില്‍ നിന്നുള്ള പത്ത് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെ മറ്റ് പൊതുമേഖലാ ബാങ്കുകള്‍ മാനേജിംഗ് ഡയറക്റ്റര്‍മാരായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായും നിയമിച്ചിരുന്നു. ഇതില്‍ പകുതി പേരും എസ്ബിഐയില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍മാരായിരുന്നു. എസ്ബിഐ മുന്‍ ഡിഎംഡിമാരായിരുന്ന മൃത്യുഞ്ജയ് മഹാപത്ര, പദ്മജ ചുന്ദ്രു എന്നിവര്‍ ഇപ്പോള്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെയും ഇന്ത്യന്‍ ബാങ്കിന്റെയും മേധാവികളാണ്.

എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായിരുന്ന പല്ലവ് മോഹപത്ര ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവിയാണ്. ജെ പാക്കിരിസാമി ആന്ധ്രാ ബാങ്കിലും കര്‍ണം ശേഖര്‍ ദേനാ ബാങ്കിലുമാണ് ഇപ്പോഴുള്ളത്. ദേനാ ബാങ്ക് നിലവില്‍ ബാങ്ക് ബറോഡയുടെ ഔട്ട്‌ലെറ്റായാണ് പ്രവര്‍ത്തിക്കുന്നത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 3,955 കോടി രൂപയുടെ അറ്റ ലാഭമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 2,416.34 കോടി രൂപയുടെ അറ്റ നഷ്ടം കുറിച്ച സ്ഥാനത്താണിത്.

Comments

comments

Categories: FK News
Tags: SBI