പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍നിന്ന് 15,000 കോടി രൂപയുടെ വാഹനഘടകങ്ങള്‍ വാങ്ങും

പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍നിന്ന് 15,000 കോടി രൂപയുടെ വാഹനഘടകങ്ങള്‍ വാങ്ങും

എന്‍ജിനുകള്‍, ഗിയര്‍ബോക്‌സുകള്‍, ഷാസി ഘടകങ്ങള്‍, മെക്കാനിക്കല്‍ & ഇലക്ട്രോണിക് പാര്‍ട്ടുകള്‍ തുടങ്ങിയവയാണ് സംഭരിക്കുന്നത്

ന്യൂഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍നിന്ന് അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ യൂറോയുടെ (15,000 കോടി ഇന്ത്യന്‍ രൂപ) വാഹന ഘടകങ്ങള്‍ വാങ്ങും. എന്‍ജിനുകള്‍, ഗിയര്‍ബോക്‌സുകള്‍, ഷാസി ഘടകങ്ങള്‍, മെക്കാനിക്കല്‍ & ഇലക്ട്രോണിക് പാര്‍ട്ടുകള്‍ തുടങ്ങിയവയാണ് സംഭരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട ഘടകങ്ങളും ഇന്ത്യയില്‍നിന്ന് വാങ്ങുന്നത് പരിഗണിക്കും. പ്യൂഷോ, സിട്രോണ്‍, വോക്‌സ്ഹാള്‍, ഓപല്‍, ഡിഎസ്, അംബാസഡര്‍ തുടങ്ങിയവയാണ് പിഎസ്എ ഗ്രൂപ്പിനുകീഴിലെ ബ്രാന്‍ഡുകള്‍.

ആഗോളതലത്തില്‍ 42 ബില്യണ്‍ യൂറോയുടെ വാഹന ഘടകങ്ങള്‍ വാങ്ങുന്നതിന്റെ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ഇന്ത്യയില്‍നിന്ന് സംഭരിക്കാനാണ് പിഎസ്എ ഗ്രൂപ്പിന്റെ തീരുമാനം. ഒരു പക്ഷേ പത്ത് ശതമാനം വരെ വാങ്ങിയേക്കും. ഇന്ത്യയിലെ 250 ലധികം വാഹനഘടക വിതരണ കമ്പനികളുമായി പിഎസ്എ ഗ്രൂപ്പ് ബിസിനസ് സാധ്യതകള്‍ പങ്കുവെച്ചിട്ടുണ്ട്. ചെന്നൈയില്‍ പര്‍ച്ചേസിംഗ് ഓഫീസ് തുറക്കുകയും ചെയ്തു. ആഗോളതലത്തില്‍ വാഹന ഘടകങ്ങള്‍ വാങ്ങുമ്പോള്‍ ഇന്ത്യയെ കാര്യമായി പരിഗണിക്കുമെന്ന് പിഎസ്എ ഗ്രൂപ്പിന്റെ ഗ്ലോബല്‍ പര്‍ച്ചേസിംഗ് ആന്‍ഡ് സപ്ലയര്‍ ക്വാളിറ്റി വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മിഷേല്‍ വെന്‍ വ്യക്തമാക്കി.

പിഎസ്എ ഗ്രൂപ്പും സികെ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ആവ്‌ടെക്കും ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ട്. എന്‍ജിനുകളും ഗിയര്‍ബോക്‌സുകളുമാണ് ഇവിടുത്തെ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. സിട്രോണ്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തുമെന്ന് പിഎസ്എ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ മോഡലായ സിട്രോണ്‍ സി5 എയര്‍ക്രോസ് ഇതിനിടെ അനാവരണം ചെയ്തു.

Comments

comments

Categories: Auto