അമേരിക്കയിലെ അഞ്ചാംപനി റെക്കോര്‍ഡ് ഉയര്‍ച്ചയില്‍

അമേരിക്കയിലെ അഞ്ചാംപനി റെക്കോര്‍ഡ് ഉയര്‍ച്ചയില്‍

നിര്‍മാര്‍ജ്ജനം ചെയ്‌തെന്നു കരുതിയ അഞ്ചാംപനി വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ ഭീതിയിലായ അമേരിക്കയെ ഞെട്ടിച്ച് രോഗം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു

അമേരിക്കന്‍ ഐക്യനാടുകളില്‍ പരിപൂര്‍ണനിര്‍മാര്‍ജ്ജനം കൈവരിച്ചെന്നു കരുതിയ അഞ്ചാംപനിയുടെ തിരിച്ചുവരവ് അത്ര നിസ്സാരമല്ലെന്നു തെളിഞ്ഞിരിക്കുന്നു. 2000 ല്‍ രാജ്യം പൂര്‍ണവിമുക്തി പ്രഖ്യാപിച്ച രോഗം, ഇന്ന് ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡിലെത്തിയിരിക്കുന്നു. ഈ വര്‍ഷം 22 സംസ്ഥാനങ്ങളില്‍ 681 പേര്‍ രോഗബാധിതരായെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തത് 2014 ല്‍ ആയിരുന്നു. 667 പേര്‍ക്കാണ് ആ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ജൂതസമൂഹത്തിന്റെ കേന്ദ്രമായ ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്ക്‌ലിനിലാണ് ആദ്യം രോഗം കണ്ടെത്തിയത്. തുടര്‍ന്ന് അരിസോണ, കാലിഫോര്‍ണിയ, കൊളറാഡോ, കണക്ടികട്ട്, ഫ്‌ളോറിഡ, ജോര്‍ജിയ, ഇല്ലിനിയോസ്, ഇന്‍ഡ്യാന, ഇയോവ, കെന്റക്കി, മേരിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, മിഷിഗണ്‍, മിസ്സൗറി, നെവാഡ, ന്യൂഹാംഷെയര്‍, ന്യൂ ജേഴ്‌സി, ഒറിഗോണ്‍, ടെന്നസി, ടെക്‌സാസ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച്ചയോടെ 22 സംസ്ഥാനങ്ങളില്‍ 626 പേര്‍ക്ക് രോഗം വന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ സെന്റര്‍ (സിഡിസി) സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 19 വരെ സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സിഡിസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച മൂന്നു മണിയോടെ ബുധനാഴ്ച ഈ വര്‍ഷം രോഗബാധിതരുടെ 695 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സിഡിസി വെളിപ്പെടുത്തി.

ഇത്രത്തോളം പ്രശ്‌നം വളര്‍ന്നപ്പോഴും ഫെഡറല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ നിശ്ശബ്ദരായിരുന്നു. തിങ്കളാഴ്ചകളിലാണ് അഞ്ചാംപനി റിപ്പോര്‍ട്ടുകള്‍ സിഡിസി വെബ്‌സൈറ്റില്‍ അപ്‌ഡേര്‌റ് ചെയ്യാറ്. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത റെക്കോര്‍ഡ് അടുത്ത തിങ്കളാഴ്ച വരെ അപ്‌ഡേറ്റ് ചെയ്യേണ്ടെന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ക്ക്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ നിലവിലെ അവസ്ഥ വിശദീകരിച്ച് ഹെല്‍ത്ത്, ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലക്‌സ് അസര്‍ പ്രസ്താവന പുറപ്പെടുവിച്ചു. രാജ്യത്ത് ഫലപ്രദമായി ഇല്ലാതാക്കപ്പെട്ട അഞ്ചാം പനി വീണ്ടും തിരിച്ചുവന്നതായും വര്‍ധിച്ച രോഗബാധ സംഭവത്തിന്റെ ഗൗരവം കൂട്ടിയതായും അദ്ദേഹം അംഗീകരിച്ചു.

ലോകമെമ്പാടുമുള്ള 194 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2017- 2018 കാലയളവില്‍ ലോകമെമ്പാടും അഞ്ചാംപനി റിപ്പോര്‍ട്ടില്‍ 48.4 ശതമാനം വര്‍ധിച്ചു. രോഗം 2017 ല്‍ 110,000 പേര്‍ക്ക് ജീവഹാനി വരുത്തിയതായി ലോകാരോഗ്യ സംഘടന പറയുന്നു. വിദേശയാത്ര ചെയ്ത അമേരിക്കക്കാര്‍, അല്ലെങ്കില്‍ യുഎസ് സന്ദര്‍ശിക്കുന്ന വിദേശികള്‍ എന്നിവരിലൂടെയാകാം രോഗം ഇവിടേക്ക് എത്തിയതെന്നാണു നിഗമനം. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അഞ്ചാംപനി വൈറസ് വളരെ പെട്ടെന്നു പടരുന്നതാണ്. രോഗബാധിതരില്‍ പനി, ക്ഷീണം, തുമ്മല്‍, ചുമ, കണ്ണ് ചുവക്കല്‍, ശരീരത്തില്‍ തടിപ്പുകള്‍ എന്നിവ ഉണ്ടാകും. ഇത് കുട്ടികളെ രോഗസങ്കീര്‍ണ്ണതയിലേക്കും മരണത്തിലേക്കും വരെ നയിക്കാം. രോഗബാധിതരില്‍ ഇരുപതില്‍ ഒരാള്‍ക്ക് ന്യൂമോണിയ ഉണ്ടാകും. ആയിരത്തിലൊരാള്‍ക്ക് മസ്തിഷ്‌ക്കവീക്കമോ ബധിരതയോ ബുദ്ധിവൈകല്യമോ ഉണ്ടാകും. ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് വൈറസുകള്‍ രോഗിയില്‍ നിന്നു മറ്റുള്ളവരിലേക്ക് പടരുന്നത്. രോഗം ബാധിച്ച് നാലു ദിവസം കഴിഞ്ഞാണ് ലക്ഷണങ്ങള്‍ കണ്ടെത്താനാകുക. രോഗം പരത്തുന്ന വൈറസിന് രണ്ട് മണിക്കൂറോളം അന്തരീക്ഷത്തില്‍ ജീവനോടെയിരിക്കാനാകും.

വാക്‌സിനെതിരായ പ്രചാരണങ്ങള്‍ യുഎസിലെ മാതാപിതാക്കളെ വളരെയധികം സ്വാധീനിച്ചിരിക്കുന്നുവെന്നതാണ് രോഗവ്യാപനം തടയുന്നതില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വാക്‌സിനുകളിലെ ചേരുവകള്‍ ഓട്ടിസത്തിനോ മറ്റ് പാര്‍ശ്വഫലങ്ങള്‍ക്കോ കാരണമാകും എന്ന് അവര്‍ വിശ്വസിക്കുന്നു. വാക്‌സിനുകളെപ്പറ്റിയുള്ള മാതാപിതാക്കളുടെ ആശങ്കകള്‍ നിരവധി കുട്ടികളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനു തടസം നില്‍ക്കുന്നതായി സിഡിസിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇമ്മ്യൂണേഷന്‍ ആന്‍ഡ് റെസ്പിറേറ്ററി ഡിസീസ് ഡയറക്റ്റര്‍ ഡോ. നാന്‍സി മെസ്സോണിയര്‍ പറയുന്നു. പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കാത്തവരുടെ ഇടയിലാണ് രോഗം പടര്‍ന്നിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ വലിയ തോതിലുള്ള പ്രതിരോധവാക്‌സിന്‍ പരിരക്ഷയുണ്ട്. 19 മാസം മുതല്‍ 35 മാസം വരെ പ്രായപരിധിയില്‍പ്പെടുന്ന യുഎസ് കുട്ടികളില്‍ 91.5% പേര്‍ക്കും 2017 ല്‍ അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല വാക്‌സിന്‍ എന്നീ കുത്തിവെപ്പുകളുടെ ഒരു ഡോസെങ്കിലും നല്‍കിയതായി സിഡിസി പറയുന്നു. എങ്കിലും വകുത്തിവെപ്പുകളോടു മുഖം തിരിക്കുന്ന വലിയൊരു സമൂഹമുണ്ട്. ഇവരിലൂടെയാണ് രോഗം പടര്‍ന്നിട്ടുള്ളത്. അഞ്ചാം പനിക്കെതിരേയുള്ള ഏക പ്രതിരോധമാര്‍ഗം കുത്തിവെപ്പെടുക്കുകയാണ്.

Comments

comments

Categories: Health
Tags: Measles