മാരുതി ഡീസല്‍ കാര്‍ നിര്‍മാണം നിര്‍ത്തുന്നു

മാരുതി ഡീസല്‍ കാര്‍ നിര്‍മാണം നിര്‍ത്തുന്നു
  • 2020 ഏപ്രില്‍ മാസത്തിന് ശേഷം ഡീസല്‍ കാറുകള്‍ പുറത്തിറക്കില്ലെന്ന് മാരുതി സുസുക്കി
  • ഡീസല്‍ എഞ്ചിനുകളെ ബിഎസ്-VI മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിഷ്‌കരിക്കുന്നത് ദുഷ്‌കരം
  • 1,500 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ നിലനിര്‍ത്തിയേക്കും; സിഎന്‍ജി, പെട്രോള്‍ കാറുകളില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനം

ന്യൂഡെല്‍ഹി: ചെറിയ ഡീസല്‍ കാറുകളുടെ നിര്‍മാണം അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും നിര്‍ത്തുമെന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കാര്‍ വില്‍പ്പനക്കാരായ മാരുതി സുസുക്കി പ്രഖ്യാപിച്ചു. കാര്‍ബണ്‍ മലിനീകരണ നിയന്ത്രണം സംബന്ധിച്ച ബിഎസ-VI മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 1,500 സിസിയില്‍ കുറഞ്ഞ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങളാവും പിന്‍വലിക്കുക. ചെറിയ വാഹനങ്ങള്‍ ബിഎസ്-VI ലേക്ക് പരിവര്‍ത്തനം ചെയ്യുന്നതോടെ ചെലവ് താങ്ങാനാവാത്ത വിധം ഉയരും. ഇതോടെ ചെറു ഡീസല്‍ കാറുകളുടെ കുറഞ്ഞ വിലയെന്ന ആകര്‍ഷണം കുറയുമെന്നും വില്‍പ്പന ഇടിയുമെന്നും വിലയിരുത്തപ്പെടുന്നു. ചെറു ഡീസല്‍ കാര്‍ ശ്രേണിയില്‍ വന്‍ ഉല്‍പ്പാദന നിരയുള്ള മാരുതിയുടെ മിക്ക ജനപ്രിയ മോഡലുകളും ഇതോടെ റോഡുകളില്‍ നിന്നും അപ്രത്യക്ഷമാവും. എസ്-ക്രോസ്, സിയാസ്, വിറ്റാര-ബ്രേസ, ഡിസൈയര്‍, സ്വിഫ്റ്റ്, ബലേനോ എന്നിവയുടെ ഡീസല്‍ മോഡലുകളാവും ഇപ്രകാരം പിന്‍വലിക്കപ്പെടുക. അതേസമയം ഇവയുടെ പെട്രോള്‍, സിഎന്‍ജി മോഡലുകളുടെ ഉല്‍പ്പാദനം കമ്പനി വര്‍ധിപ്പിക്കുകയും ചെയ്യും.

2020 ഏപ്രില്‍ മുതലാണ് ബിഎസ്-VI മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കുക. നിലവിലെ ബിഎസ്-V ല്‍ നിന്ന് നേരിട്ട് ബിഎസ്-VI ലേക്കാണ് രാജ്യം കടക്കുന്നത്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പാലിക്കേണ്ട സാങ്കേതിക മികവ് വാഹനങ്ങളുടെ നിര്‍മാണ ചെലവ് വലിയ തോതില്‍ ഉയര്‍ത്തും. പത്ത് ദിവസം മുന്‍പ് ഡീസല്‍ കാറുകള്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച കമ്പനിയാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബലേനോയുടെ പെട്രോള്‍ വേരിയന്റ് കമ്പനി പുറത്തിറക്കിയിരുന്നു. ബലേനോയുടെ ഡീസല്‍ വേരിയന്റിനെക്കുറിച്ച് കമ്പനി നിശബ്ദത പാലിച്ചതോടെ ഡീസല്‍ വാഹനങ്ങളോട് മാരുതി വിടപറയുന്നെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയ കമ്പനി, ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ഡീസല്‍ കാറുകള്‍ തുടര്‍ന്നും വിപണിയിലെത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ അപ്രസക്തമാക്കുന്ന തീരുമാനമാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

മാരുതി സുസുക്കി, ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ 23 ശതമാനവും ഡീസല്‍ വാഹനങ്ങളാണ്. ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് കമ്പനിക്ക് തിരിച്ചടി തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.53 ലക്ഷം വാഹനങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നത്. ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡിസൈയര്‍, സ്വിഫ്റ്റ് പെട്രോള്‍ വേരിയന്റുകളും വരുന്ന മാസങ്ങളില്‍ കമ്പനി പുറത്തിറക്കാനിരിക്കുകയാണ്.

ബലേനോയുടെ വില കൂട്ടി

ബിഎസ്-VI മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പു തന്നെ വാഹനങ്ങളുടെ വില ഉയര്‍ത്തുകയാണ് മാരുതി. ബലേനോ ഡീസല്‍, പെട്രോള്‍ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില 15,000 രൂപ വരെ വര്‍ധിപ്പിച്ചു. 1,000 സിസി പെട്രോള്‍ എഞ്ചിനുള്ള ബലേനോയുടെ വില 8.76 ലക്ഷത്തില്‍ നിന്ന് 8.88 ലക്ഷമായാണ് ഉയര്‍ത്തിയത്. ബലേനോ ഡിസലിന്റെ വില 6.61-8.60 ലക്ഷത്തില്‍ നിന്ന് 6.73-8.73 ലക്ഷം റേഞ്ചിലേക്കാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനവിന് പ്രത്യേക കാരണങ്ങളൊന്നും കമ്പനി പറഞ്ഞിട്ടില്ല.

Categories: FK News, Slider