അറിവുള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യം

അറിവുള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യം

വിജ്ഞാനത്തിന്റെ വിവര വിനിമയത്തിന്റെയും യുഗത്തില്‍ അറിവിനോളം വലിയ സ്വത്തില്ല. തുടര്‍ച്ചായി അറിവുകളെ അപ്‌ഡേറ്റ് ചെയ്യുന്ന വ്യക്തികളാണ് പുതിയ യുഗത്തിന്റെ പതാകാവാഹകര്‍. വിജ്ഞാനത്തിലധിഷ്ഠിതമായ ഇടപെടലുകളാണ് ഇപ്പോള്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിജയകരമായ പ്രവര്‍ത്തനത്തിന് നിദാനമായി നിലകൊള്ളുന്നത്. സ്ഥാപനങ്ങള്‍ പോലും ഇപ്പോള്‍ വിജ്ഞാന ദാഹികളായ ജീവനക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വാസ്തവത്തില്‍ സ്പഷ്ടമായ വേഗത്തില്‍ വിജ്ഞാന യുഗം ഇന്റലിജന്‍സ് യുഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ സ്ഥാനപങ്ങള്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി വേണം ഇന്ന് പ്രവര്‍ത്തനം മുന്നോട്ടു നീക്കാന്‍

ഡി സി പഥക്

തൊണ്ണൂറുകളില്‍ ആരംഭിച്ച ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി വിപ്ലവത്തിന്റെ വിജയത്തിനൊപ്പം ചുവടുറപ്പിച്ച വിജ്ഞാനത്തിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്. വ്യാവസായിക യുഗത്തെയും ആധുനിക യുഗത്തെയും വിഭജിക്കുന്ന വര്‍ഷമായി വാസ്തവത്തില്‍ കണക്കാക്കപ്പെടുന്നത് 1991 ആണ്. വിജ്ഞാന യുഗം വിവിധ ഭൂമേഖലകളില്‍ നിവസിക്കുന്നവരുമായി പുതിയ തലത്തിലുള്ളൊരു ബന്ധം സമ്മാനിക്കുകയും ആഗോളവല്‍ക്കരണത്തിന് സ്വാഗതമോതുകയും ചെയ്തു. ഇത് ബിസിനസ് രംഗത്ത് വിവിധ തലങ്ങളിലുള്ള മല്‍സരങ്ങളുടെ കെട്ടഴിച്ചുവിടുകയും ആശയങ്ങളുടെ പങ്കുവെക്കല്‍ ഉറപ്പാക്കുകയും അതിലൂടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സുതാര്യത ഉറപ്പാക്കുകയും ചെയ്തു. വ്യക്തികള്‍ ഉല്‍പ്പാദനക്ഷമതയുടെ കേന്ദ്രങ്ങളാക്കപ്പെടുകയും നേതൃത്വം, സംഘപ്രവര്‍ത്തനം, ഫലം എന്നിവയെ സംബന്ധിച്ചുള്ള ധാരാളം പരമ്പരാഗത സങ്കല്‍പ്പന്നങ്ങളെ ഇത് തകര്‍ക്കുകയും ചെയ്തു. ഏതൊരു മേഖലയിലെയും വിജയത്തിന്റെ താക്കോല്‍ എന്നു പറയുന്നത് മികച്ച ബോധ്യം നേടുകയെന്നതാണെന്ന വിജ്ഞാന യുഗത്തിന്റെ പുതിയ നിബന്ധനയാണ് എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിച്ചത്.

ശരിയായ സമയത്ത് ശരിയായ വിവരങ്ങള്‍ ആര്‍ജിക്കുകയെന്നതാണ് മികച്ച അറിവുള്ളവരായിരിക്കുകയെന്നതിന്റെ അര്‍ത്ഥം. അത് തീരുമാനത്തിനും ഊഹാപോഹത്തിനുമിടയില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയുന്നതും വ്യവഹാരയോഗ്യമായിരിക്കുകയും വേണം. ഇതിന് രണ്ട് അര്‍ത്ഥതലങ്ങള്‍ കൂടിയുണ്ട്. ആദ്യത്തേത്, അറിവുള്ളവരായിരിക്കുകയെന്നത് ഒരൊറ്റ തവണത്തെ വിജ്ഞാന ശേഖരണം കൊണ്ട് നടപ്പാവുന്ന കാര്യമല്ല. പുതിയ പുതിയ അറിവുകള്‍ എല്ലാ സമയവും ഒഴുകി വന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് സ്ഥിരമായി അറിവ് നവീകരിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. രണ്ടാമത്തെ കാര്യം, ഒരു വിഷയത്തിന്റെ അല്ലെങ്കില്‍ ഒരു സാഹചര്യത്തിന്റെ എല്ലാ തലങ്ങളെയും കുറിച്ച് സമഗ്ര ബോധ്യമുണ്ടായിരിക്കുകയാണ് അറിവു നേടുകയെന്നതിന്റെ അര്‍ത്ഥം. വിജ്ഞാനം ഒരു ഏകീകൃത പാക്കേജായിട്ടാണ് വരുന്നത്. പൂര്‍ണതോതില്‍ സമാഹരിക്കുന്ന വിവരങ്ങളാണ് മികച്ച പുരോഗതി നേടുന്നതിന് സഹായിക്കുക. ഉദാഹരണത്തിന് ഇക്കാലത്തെ ഒരു സ്‌കൂള്‍ ടീച്ചറിന് , പാഠ്യപദ്ധതിക്കുപരി കുട്ടികളുടെ മനശാസ്ത്രം, മാതാപിതാക്കളുടെ മാനസിക സമ്മര്‍ദ്ദം എന്നിവയെക്കുറിച്ചും ബോധ്യമുണ്ടായിരിക്കണം. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം പ്രയോജനപ്രദമാകണമെങ്കില്‍ ഇത് അത്യാവശ്യമാണ്. അതുപോലെ ഒരു തൊഴില്‍ദാതാവിന് ലാഭക്കണക്കുകള്‍ക്കപ്പുറം, സ്ത്രീകള്‍ക്ക് സുക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങളെ കുറിച്ചും ബോധ്യമുണ്ടായിരിക്കണം.

ഇന്നത്തെ കാലത്ത് എല്ലാ പ്രവൃത്തികളും വിജ്ഞാനാധിഷ്ഠിതമാണ്. ഇന്ന് പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലോ വ്യക്തിപ്രഭാവത്തിന്റെ പേരിലോ ഒരു നേതൃ സ്ഥാനവും അവകാശപ്പെടാനാവില്ല. ഒരു നേതാവ് വിജയം നേടുന്നതിനുള്ള തീരുമാനങ്ങള്‍ വിജ്ഞാനത്തെ അടിസ്ഥാനമാക്കിയാവണം കൈക്കൊള്ളേണ്ടത്. അതിനാല്‍ നേതാവ് ജനിക്കുകയല്ല, നിര്‍മിക്കപ്പെടുകയാണെന്നു പറയാന്‍ കഴിയും. ഉന്നതസ്ഥാനം കരസ്ഥമാക്കാനുള്ള അയാളുടെ അര്‍ഹതയുടെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരു നേതാവ് സ്വാഗതം ചെയ്യപ്പെടുന്നത്. നേതൃത്വം മറ്റ് അടിസ്ഥാന ഉപാധികളെയും ആശ്രയിച്ചാണിരിക്കുന്നതെന്ന കാര്യം അംഗീകരിക്കുന്നു. എങ്കിലും മികച്ച അറിവുണ്ടായിരിക്കുകയെന്ന കാര്യമാണ് ആദ്യം പരിഗണിക്കപ്പെടുക. വിപണി പ്രവണതകള്‍, ആഗോള മല്‍സരം, രാഷ്ട്രീയ-നിയമ സാഹചര്യങ്ങള്‍ എന്നിവക്കൊപ്പം മുന്നേറുന്നതിന് ഇന്ന് കോര്‍പ്പറേറ്റുകള്‍ ആഭ്യന്തര വിവരശേഖരണ വിശകലന വിഭാഗങ്ങളില്‍ നിര്‍ണായകമായ നിക്ഷേപം നടത്തിവരുന്നുണ്ട്. സ്ഥാപനത്തിലെ എല്ലാ അംഗങ്ങളുടെയും വിനിമയം ചെയ്യപ്പെടാത്ത വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ പ്രാധാന്യം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. കാരണം ഇപ്പോള്‍ ഒരു ജീവനക്കാരന്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു തരാന്‍ ശേഷിയുള്ള ഒരു വിജ്ഞാന തൊഴിലാളിയാണ്. കുറഞ്ഞ ഉദ്യോഗസ്ഥ ശ്രേണികളുള്ള ഒരു സ്ഥാപനത്തില്‍, മേലുദ്യോഗസ്ഥന് തന്റെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റെ ജോലിസ്ഥലത്തിനു പുറത്തുള്ള സാഹചര്യങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മികച്ച വിജ്ഞാനമുണ്ടായിരിക്കണം. ഇന്ന് ഒരു സ്ഥാപനത്തിലെ നേതൃത്വം, പ്രൊഫഷണല്‍-വ്യക്തി ജീവിത സന്തുലിതാവസ്ഥ, ലിംഗ സമത്വം, അംഗീകാരം പങ്കുവെക്കല്‍, സുതാര്യത, വ്യക്തിബന്ധം തുടങ്ങിയ മേഖലകളിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നേടേണ്ടതുണ്ട്.

അസുരക്ഷിതമായ ലോകത്തിലും വ്യക്തികള്‍ക്കിടയിലുമാണ് നാം ജീവിക്കുന്നത്. സംരംഭങ്ങളുടെ നായകര്‍ക്കും സര്‍ക്കാര്‍ മേധാവികള്‍ക്കും സുരക്ഷയുടെ അടിസ്ഥാന ചട്ടക്കൂടിനെ സംബന്ധിച്ചും സുരക്ഷയൊരുക്കുന്നതിനായുള്ള സംവിധാനത്തിലെ ഘടകങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ചും അറിവുണ്ടായിരിക്കുകയെന്നത് പ്രധാനമാണ്. ഒരു പ്രത്യേക സ്ഥലത്ത് അല്ലെങ്കില്‍ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന ഭീഷണികളെക്കുറിച്ചുള്ള അറിവില്‍ നിന്നാണ് സുരക്ഷ ആരംഭിക്കുന്നത്. ഒരു പൗരന് അവന്റെ തന്നെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവന്റെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന കുറ്റകൃത്യ പ്രവണതകളെക്കുറിച്ച് മികച്ച അറിവുണ്ടായിരിക്കണം. സ്‌കൂളുകളുടെ മാനേജ്‌മെന്റുകള്‍ക്ക് അവരുടെ സല്‍പ്പേരും വിശ്വാസ്യതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന രീതിയില്‍ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അറിവ് നല്‍കേണ്ടതാണ്. അടുത്തിടെ പ്രശസ്തമായ ഒരു സ്‌കൂളിന്റെ മതില്‍ക്കെട്ടിനകത്ത് ഒരു കുട്ടി കൊലചെയ്യപ്പെടുകയുണ്ടായി. ഇത് സ്‌കൂളില്‍ സുരക്ഷിതമായ ചുറ്റുപാടുകളില്ലെന്നുള്ളതിന്റെ തെളിവാണ്. ഒരു കുടുംബം പോലും വാസ്തവത്തില്‍ ഒരു സംഘടനാ യൂണിറ്റ് പോലെയാണ്. അതിന്റെ തലവന്‍ തന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് മികച്ച അറിവുള്ള ആളായിരിക്കണം. അപ്പോഴാണ് പരിഹരിക്കപ്പെടേണ്ടതായ എന്തെങ്കിലും വിഷയം അവരുടെയിടയിലുണ്ടോയെന്ന് മനസിലാക്കാന്‍ കഴിയൂ.

മാനവ വിഭവ വികസനത്തെയാണ് വിജ്ഞാന യുഗം ഏറ്റവുമധികം സ്വാധീനിച്ചത്. സ്ഥാപനങ്ങള്‍ ഇപ്പോള്‍ വിജ്ഞാന ദാഹികളായ ജീവനക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇത്തരം വ്യക്തികള്‍ക്ക് ചില സ്വഭാവ സവിശേഷതകളുണ്ടാകും. അവര്‍ വായനയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയില്ല. വിജ്ഞാനത്തെ വിഷയത്തിനനുസരിച്ച് തരം തിരിക്കുന്ന ഇവര്‍ക്ക് അന്വേഷണത്വരയുടെ ആവേശത്തില്‍ നിന്നും ഉല്‍ഭവിച്ച അടക്കാനാവാത്ത ജിജ്ജാസയുണ്ടായിരിക്കും. ഒന്നും കണ്ണടച്ച് വിശ്വസിക്കാത്ത ഇക്കൂട്ടര്‍ ഗോസിപ്പുകള്‍ക്കല്ല, വിശ്വാസ യോഗ്യമായ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കുക. ഏത് സന്ദര്‍ഭത്തിലും എന്ത്, എന്തിന്, എവിടെ എന്ന ചോദ്യങ്ങള്‍ക്കുത്തരം അറിയുന്നതിന് യുക്തിഭദ്രമായ സമീപനമാണ് ഇവര്‍ സ്വീകരിക്കുക. ആത്യന്തികമായി മനുഷ്യ സ്വഭാവത്തിലും പെരുമാറ്റത്തിലും താല്‍പ്പര്യമുണ്ടാകും. എല്ലാ ബിസിനസും മനുഷ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണല്ലോ. നിയമനം നടത്തുന്നവര്‍ ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിവിവരണ രേഖയ്ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കും അപ്പുറമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു സ്ഥാപനം എങ്ങനെ പ്രര്‍ത്തിക്കുന്നുവെന്നതിന്റെ കേന്ദ്ര ബിന്ദു അതിലുള്ള വ്യക്തികളാണ്. നൈപുണ്യത്തിനും പുനര്‍ നൈപുണ്യ വികസനത്തിനും മള്‍ട്ടി ടാക്‌സിക്കിംഗിനും ഇത്രയധികം പ്രധാന്യം കൊടുക്കേണ്ടതിന്റെയും സ്ഥാപനങ്ങളുടെ ദൗത്യവും പ്രവര്‍ത്തന രീതികളും പതിവായി ഓര്‍മപ്പെടുത്തേണ്ടതിന്റെയും ആവശ്യകത അതിനാലുണ്ട്.

തീരുമാനങ്ങളെടുക്കാന്‍ എപ്പോഴും അറിവ് ആവശ്യമുണ്ട്. അറിവാകട്ടെ പൊതുവായി ലഭ്യമല്ല, അത് പ്രത്യേക പരിശ്രമങ്ങളിലൂടെ ആര്‍ജിക്കേണ്ടിവരുന്നതാണ്. ബൗദ്ധിക മൂല്യമുള്ള വിജ്ഞാനത്തിനായി അഥവാ മുന്നോട്ടുള്ള അവസരങ്ങളും അപകടങ്ങളും വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന വിശ്വസനീയവും പുതിയതുമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സംരംഭങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. അതുകൊണ്ടാണ് വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഇന്റലിജന്‍സും അവയുടെ രഹസ്യ സ്വഭാവവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത്. ലയന, ഏറ്റെടുക്കല്‍ ഇടപാടുകള്‍, ബിസിനസ് എതിരാളിയെക്കുറിച്ചുള്ള പഠനം, പുറത്തുള്ള സാഹചര്യം നിരീക്ഷിക്കുക, അഭിമുഖങ്ങള്‍, പൂര്‍വകാല ചരിത്രം പരിശോധിച്ച് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ‘ഡു ഡിലിജന്‍സ്’ പോലെ, അപ്ലെയ്ഡ് ഇന്റലിജന്‍സ് ഉപയോഗിക്കാവുന്ന ധാരാളം മേഖലകളുണ്ട്. വാസ്തവത്തില്‍ സ്പഷ്ടമായ വേഗത്തില്‍ വിജ്ഞാന യുഗം ഇന്റലിജന്‍സ് യുഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ സ്ഥാനപങ്ങള്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി വേണം ഇന്ന്് പ്രവര്‍ത്തനം മുന്നോട്ടു നീക്കാന്‍.

വിജ്ഞാനത്തിലധിഷ്ഠിതമായ ഇടപെടലുകളാണ് ഇപ്പോള്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിജയകരമായ പ്രവര്‍ത്തനത്തിന് നിദാനമായി നിലകൊള്ളുന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് സഹായകമായ ഒരു സ്ഥാപനാന്തരീഷത്തിന്റെ രൂപീകരണം വിജ്ഞാന യുഗത്തിന്റെ ധര്‍മ്മ ചിന്തയുടെ ഭാഗമാണ്. സംഘങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി വ്യക്തികളുടെ പ്രത്യേക കഴിവുകള്‍ പ്രയോജനപ്പെടുത്തുക, ഒന്നിലധികം സംസ്‌കാരങ്ങളുള്ള വ്യക്തികളുടെ സംഘത്തെ ക്രിയേറ്റിവിറ്റിയുടെ ശക്തിസ്രോതസായി കാണുക, ബഹുമതികള്‍ പങ്കുവെക്കുന്നതിലെ സുതാര്യതയിലൂടെ കോര്‍പ്പറേറ്റ് വിശ്വസ്തത ഊട്ടിയുറപ്പിക്കുക, പരാജയഭീതി മാറ്റുക, ആവശ്യമുള്ളയിടങ്ങളില്‍ ആയാസരഹിതമായ സമയക്രമം അനുവദിച്ചുകൊണ്ട് പ്രൊഫഷണല്‍ ജീവിതവും വ്യക്തി ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെ നിലനിര്‍ത്തുക, ഉചിതമായ സഹായം നല്‍കാനും വാങ്ങാനുമുള്ള മനോഭാവം പ്രോല്‍സാഹിപ്പിച്ചുകൊണ്ട് ബന്ധങ്ങള്‍ ശക്തമാക്കുക, പണത്തിനും മനുഷ്യാധ്വാനത്തിനുമൊപ്പം സമയത്തെ ഒരു സ്രോതസായി ഉപയോഗിക്കുക എന്നിവ ഈ ആശയത്തിന്റെ ചട്ടക്കൂടില്‍ ഉള്‍പ്പെടുന്നു. ഫണ്ട്, മനുഷ്യാധ്വാനം, സമയം തുടങ്ങി വിഭവ സ്രോതസുകളുടെ ഒരു യൂണിറ്റില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പാദനം നടത്തുകയെന്ന, സ്മാര്‍ട്ടായിരിക്കുകയെന്നതിന്റെ നിര്‍വചനത്തിലാണ് എല്ലാ ആഖ്യാനങ്ങളും രൂപീകൃതമായിരിക്കുന്നത്. പ്രവര്‍ത്തനങ്ങളെയും മാനേജ്‌മെന്റിനെയും സ്മാര്‍ട്ടാക്കാന്‍ ഉപയോഗിക്കാവുന്ന വലിയൊരു ഉപകരണമാണ് ഐടിയെന്നത് വിജ്ഞാനത്തിന്റെ യുഗത്തില്‍ ഗ്രാഹ്യമായ കാര്യമാണ്. എങ്ങനെയായാലും സാങ്കേതിക വിജ്ഞാനത്തിലധിഷ്ഠിതമായ മനുഷ്യ കണ്ടുപിടുത്തങ്ങളില്ലാതെ ഇത് സാധ്യമാകില്ല. ഇത് മികച്ച അറിവുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്.

(ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്റ്ററാണ് ലേഖകന്‍)

Categories: FK Special, Slider