ഗുജറാത്തില്‍ കൊടുംചൂട്

ഗുജറാത്തില്‍ കൊടുംചൂട്

ഗുജറാത്തില്‍ ഇന്നു മുതല്‍ നാലു ദിവസം കൊടും ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യ മീറ്റെറോളജിക്കല്‍ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ്. 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് സംസ്ഥാനത്ത് ഊഷ്മാവ് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് ഇന്നലെ ഐഎംഡി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഞായര്‍ വരെ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തലസ്ഥാനമായ അഹമ്മദാബാദിലെ താപനില 43 ഡിഗ്രി ക്കും 44 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരുന്നു. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യതയുണ്ട്. ഗാന്ധിനഗര്‍, സബര്‍കാന്ത, ബനസ്‌കാന്ത, വഡോദര, രാജ്‌കോട്ട്, അമ്രേലി, സുരേന്ദ്രനഗര്‍, കച്ച് എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗത്തിനു സാധ്യത കാണുന്നത്. അഹമ്മദാബാദ് ഹീറ്റ് ആക്ഷന്‍ പദ്ധതിയുടെ ഭാഗമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആറ് മൊബീല്‍ വാട്ടര്‍ സ്റ്റാളുകള്‍ സ്ഥാപിച്ചു. നിര്‍ജ്ജലീകരണം തടുക്കാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒആര്‍എസ് ലായനി ലഭ്യമാക്കുകയും അംഗന്‍വാടികള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ വിതരണം നടത്തുകയും ചെയ്യും. ഉദ്യാനങ്ങളിലും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഡിപ്പോകളിലും വാട്ടര്‍ ബൂത്തുകള്‍ സ്ഥാപിക്കും. എല്ലാ നിര്‍മ്മാണ സൈറ്റുകളിലും കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കും. എല്ലാ പാര്‍ക്കുകളും രാത്രി 11 മണി വരെ തുറന്നിടുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളില്‍ കൂടുതല്‍ ഐസ് സംഭരിച്ചിട്ടുണ്ട്. ഐസ് പാക്കുകള്‍, ഐവി ഫഌയിഡ്, ഒആര്‍എസ് സഞ്ചികള്‍ എന്നിവ കൂടുതല്‍ സംഭരിച്ചതായി വി എസ് ആശുപത്രിയിലെ റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ കുല്‍ദീപ് ജോഷി പറഞ്ഞു. ഇതുവരെ ഉഷ്ണരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു അടിയന്തരസാഹചര്യം വന്നാല്‍ നേരിടാന്‍ തങ്ങള്‍ പൂര്‍ണ്ണസജ്ജരാണെന്ന് അദ്ദേഹം അറിയിച്ചു. പ്രായമായവര്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, ആസ്ത്മ രോഗികള്‍, രക്തസമ്മര്‍ദ്ദരോഗികള്‍ എന്നിവര്‍ ഉയര്‍ന്ന താപനിലയില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു. കൂടുതല്‍ വെള്ളം കുടിച്ചു ശരീരത്തിലെ ജലാംശം നിലനിര്‍ത്തണമെന്നും ഉച്ച മുതല്‍ വൈകിട്ട് നാലു വരെ പുറംജോലി ഒഴിവാക്കണമെന്നും ഡോക്റ്റര്‍മാര്‍ അറിയിച്ചു.

Comments

comments

Categories: Health