റിവിയനില്‍ ഫോഡ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

റിവിയനില്‍ ഫോഡ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

റിവിയന്റെ ഏഴംഗ ഡയറക്റ്റര്‍ ബോര്‍ഡില്‍ ഫോഡിന്റെ ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് ജോ ഹിന്റിച്ച്‌സിനെ ഉള്‍പ്പെടുത്തും

ഡിട്രോയിറ്റ് : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ റിവിയനില്‍ മറ്റൊരു അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി 500 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരി നിക്ഷേപം നടത്തും. നിക്ഷേപം കൂടാതെ, ഫോഡിനായി ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു കമ്പനികളും തീരുമാനിച്ചു. റിവിയന്‍ ഉപയോഗിക്കുന്ന സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമില്‍ പുതിയ വാഹനം വികസിപ്പിക്കാനാണ് ഫോഡ് ഉദ്ദേശിക്കുന്നത്.

നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിന് തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് റിവിയന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആര്‍കെ സ്‌കറിഞ്ജ് പറഞ്ഞു. റിവിയനില്‍ നിക്ഷേപം നടത്തുന്നതിലും അവരുമായി സഹകരിക്കുന്നതിലും സന്തോഷമെന്ന് ഫോഡ് മോട്ടോര്‍ കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ബില്‍ ഫോഡ് പ്രതികരിച്ചു.

ഫോഡ് മോട്ടോര്‍ കമ്പനിയുടെ നിക്ഷേപം സ്വീകരിക്കുമെങ്കിലും സ്വതന്ത്ര കമ്പനിയായി റിവിയന്‍ തുടരും. നിക്ഷേപ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് റെഗുലേറ്ററി ഏജന്‍സികളുടെ അംഗീകാരത്തിന് കാത്തിരിക്കുകയാണ് ഫോഡ്. നിക്ഷേപം യാഥാര്‍ത്ഥ്യമാകുന്നതോടെ, റിവിയന്റെ ഏഴംഗ ഡയറക്റ്റര്‍ ബോര്‍ഡില്‍ ഫോഡിന്റെ ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് ജോ ഹിന്റിച്ച്‌സിനെ ഉള്‍പ്പെടുത്തും.

അതേസമയം, സ്വന്തം നിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് ഫോഡ്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് 11 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുന്നതായി ഫോഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് പൂര്‍ണ്ണ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മസ്താങില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ക്രോസ്ഓവര്‍ 2020 ല്‍ വിപണിയിലെത്തിക്കും. കൂടാതെ, ബെസ്റ്റ് സെല്ലിംഗ് എഫ്-150 പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കും.

ആര്‍1ടി പിക്കപ്പ് ട്രക്ക്, ആര്‍1എസ് എസ്‌യുവി എന്നിവ റിവിയന്‍ ഇതിനകം വികസിപ്പിച്ച വാഹനങ്ങളാണ്. 5 സീറ്റര്‍ പിക്കപ്പും 7 സീറ്റര്‍ എസ്‌യുവിയും 644 കിലോമീറ്റര്‍ റേഞ്ച് സമ്മാനിക്കുന്നതാണ്. രണ്ട് മോഡലുകളും 2020 ല്‍ വിപണിയിലെത്തിക്കും.

Comments

comments

Categories: Auto
Tags: Ford, Ford Rivian