ആദ്യപാദത്തില്‍ 15.1 ബില്യണ്‍ വരുമാനം നേടി ഫേസ്ബുക്ക്

ആദ്യപാദത്തില്‍ 15.1 ബില്യണ്‍ വരുമാനം നേടി ഫേസ്ബുക്ക്

കമ്പനി നഷ്ടത്തിലാവുമെന്ന വാള്‍സ്ട്രീറ്റ് കണക്കുകൂട്ടലുകള്‍ പിഴച്ചു

വാഷിംഗ്ടണ്‍: വാള്‍ സ്ട്രീറ്റ് കണക്കുകൂട്ടലുകളെ അപ്രസക്തമാക്കി 2019 ലെ ആദ്യപാദത്തില്‍ വരുമാന നേട്ടമുണ്ടാക്കി സാമൂഹിക മാധ്യമ ഭീമന്‍ ഫേസ്ബുക്. ആദ്യപാദത്തിലെ മൊത്തം വരുമാനം 26 ശതമാനം ഉയര്‍ന്ന് 15.1 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇത് 12.0 ബില്യണ്‍ ഡോളറായിരുന്നു. കമ്പനിയുടെ വരുമാനം 15.0 ബില്യണ്‍ ഡോളര്‍ മാത്രമായിരിക്കുമെന്നായിരുന്നു വാള്‍സ്ട്രീറ്റിലെ സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിരുന്നത്. സ്വകാര്യതാ ലംഘന കേസുകളില്‍ യുഎസ് കോടതി വിധിച്ച പിഴ ഒടുക്കാനുള്ള മൂന്ന് ബില്യണ്‍ ഡോളര്‍ തുകയും ഫേസ്ബുക് മാറ്റിവെച്ചിട്ടുണ്ട്. മാസങ്ങളായി ആശങ്കാകുലരായിരുന്ന നിക്ഷേപകര്‍ക്ക് ആശ്വാസമാകുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 10 ശതമാനത്തിലധികം ഉയര്‍ന്ന് 200.50 ഡോളറായി. മാന്ദ്യ വളര്‍ച്ച, കമ്പനിയുടെ സ്വകാര്യ അഴിമതികളുമായി ബന്ധപ്പെട്ട ചെലവ് എന്നിവ മൂലം നഷ്ടപ്പെട്ട പ്രതാപമാണ് ഫേസ്ബുക് തിരിച്ചുപിടിച്ചത്.

അതേസമയം ഫേസ്ബുക്കിന്റെ പ്രതിമാസ, പ്രതിദിന ഉപയോക്താക്കള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം ഉയര്‍ന്ന് യഥാക്രമം 2.4 ബില്യണും, 500 മില്യണുമായി. ആദ്യ പാദത്തിലെ മൊത്തം ചെലവ്, പിഴ ഉള്‍പ്പെടെ 11.8 ബില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 80 ശതമാനം വര്‍ധനമാണിത്. സുരക്ഷയ്ക്ക് വേണ്ടി പുതിയ സെക്യൂരിറ്റി സംവിധാനങ്ങളില്‍ നിക്ഷേപിച്ചതും, കണ്ടന്റ് മോഡറേറ്റര്‍മാരെ റിക്രൂട്ട് ചെയ്തതുമെല്ലാം ചെലവ് വര്‍ധിക്കാന്‍ കാരണമായി. ആദ്യ പാദത്തിലെ ഓപ്പറേറ്റിംഗ് മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ 46 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക എന്ന ബ്രിട്ടീഷ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമായി 87 മില്യണിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കിട്ടെന്ന വിവരത്തില്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വിശദമായ അന്വേഷണം ഫേസ്ബുക്കിനെതിരെ നടത്തി വരികയാണ്. വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് 2011ല്‍ തങ്ങളുമായി ഉണ്ടാക്കിയ കരാര്‍ ഫേസ്ബുക്ക് ലംഘിച്ചോ എന്നതാണ് പ്രധാനമായും എഫ്ടിസി പരിശോധിക്കുന്നത്.

Categories: FK News, Slider
Tags: Facebook