എണ്ണവിതരണം കൂട്ടാന്‍ അമേരിക്ക; എടുത്തുചാടാനില്ല, ‘കാത്തിരുന്ന് കണ്ട്’ തീരുമാനമെടുക്കുമെന്ന് സൗദി

എണ്ണവിതരണം കൂട്ടാന്‍ അമേരിക്ക; എടുത്തുചാടാനില്ല, ‘കാത്തിരുന്ന് കണ്ട്’ തീരുമാനമെടുക്കുമെന്ന് സൗദി

മുമ്പ് ഇറാന്‍ ഉപരോധത്തിന്റെ ആഘാതം മുമ്പില്‍ കണ്ട് വിതരണം കൂട്ടിയത് വിപണിയെ തകര്‍ച്ചയിലെത്തിച്ചിരുന്നു

റിയാദ്: ഇറാന്‍ ഉപരോധത്തില്‍ ചില രാഷ്ട്രങ്ങള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ച അമേരിക്ക എണ്ണ വിതരണം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലത്തുമ്പോഴും സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം പതുക്കെ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ. എണ്ണയുല്‍പാദനം കൂട്ടുന്ന വിഷയത്തില്‍ കാര്യങ്ങള്‍ ഏത് നിലയ്ക്കാണ് നീങ്ങുന്നതെന്ന് കാത്തിരുന്ന് കാണാമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് സൗദി അറിയിച്ചു.

എടുത്തുചാടി തീരുമാനമെടുത്ത് എണ്ണവിലയെ തകര്‍ച്ചയിലെത്തിച്ച മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട സൗദി അറേബ്യ ഇത്തവണ വളരെ കരുതലോടെയാണ് നീങ്ങുന്നത്. ഉടനടി എണ്ണക്കയറ്റുമതി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യം നിലവിലില്ലെന്നും ആഗോള എണ്ണവിപണികളെ സന്തുലിതമാക്കി നിലനിര്‍ത്തുന്നതിലാണ് ഇപ്പോള്‍ സൗദി അറേബ്യയുടെ ശ്രദ്ധയെന്നും സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലി റിയാദില്‍ നടന്ന സാമ്പത്തിക കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.

ഇറാന്റെ എണ്ണ ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് അമേരിക്ക അനുവദിച്ച ഇളവുകള്‍ റദ്ദാക്കിക്കൊണ്ട് തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൗദി അറേബ്യയെയും യുഎഇയും പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് സൗദി രംഗത്ത് വന്നിരിക്കുന്നത്. ഇറാന്റെ എണ്ണക്കയറ്റുമതി അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇരുരാഷ്ട്രങ്ങളും സമ്മതിച്ചിട്ടുണ്ട് എന്നായിരുന്നു വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

ഇറാന്‍ ഉപരോധത്തിലുള്ള ഇളവുകള്‍ പിന്‍വലിച്ചതോടെ പ്രതിദിനം പത്ത് ലക്ഷം ബാരല്‍ എണ്ണയുടെ അപര്യാപ്്തതയാണ് എണ്ണ വിപണിയില്‍ ഉണ്ടാകുക. ഈ കുറവ് നികത്തുന്നതിനായി ഒപെക് തലവനായ സൗദി അറേബ്യയും യുഎഇയും വിതരണം വര്‍ധിപ്പിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. അമേരിക്ക ഇറാന്‍ ഉപരോധത്തിന്‍ മേലുള്ള ഇളവുകള്‍ പിന്‍വലിച്ച ഉടന്‍ ആഗോള എണ്ണ വിപണി സന്തുലിതമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എണ്ണ വിതരണം ലഭ്യമാക്കുന്നതിന് ഒപെകിലെ മറ്റ് എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി അറേബ്യ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

അതേസമയം എണ്ണവിതരണം വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ നിര്‍ദ്ദേശത്തില്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടപടിയെടുക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. വാഷിംഗ്ടണിന്റെ ഇറാന്‍ നയം എത്തരത്തിലാണ് അമേരിക്ക നടപ്പിലാക്കുകയെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല എന്നതാണ് അതിനുള്ള ഒരു കാരണം.

ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈന അമേരിക്കന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായിട്ടില്ല. അയല്‍രാജ്യങ്ങള്‍ മുഖേന ഇറാന്‍ കുറഞ്ഞത് 300,000 ബിപിഡി നിരക്കില്‍ എണ്ണ കടത്തി പ്രധാന വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

2018ല്‍ അമേരിക്ക ഇറാന് മേല്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തുന്നതിന് തൊട്ട് മുമ്പായി പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് സൗദി അറേബ്യയും ഒപെകിലെ സഖ്യരാഷ്ട്രങ്ങളും എണ്ണവിതരണം വര്‍ധിപ്പിച്ചെങ്കിലും വൈറ്റ്ഹൗസ് ഇറാന്റെ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് ഉപരോധത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഡിസംബറില്‍ എണ്ണവിപണി തകര്‍ച്ചയുടെ വക്കിലെത്തി. ഈ നടപടി തെറ്റായിപ്പോയെന്ന് യുഎഇ ഊര്‍ജമന്ത്രിയായ സുഹൈല്‍ അല്‍ മസ്രോയി നേരത്തെ ഏറ്റുപറഞ്ഞിരുന്നു. എണ്ണവിപണിയെ സന്തുലനമാക്കി നിലനിര്‍ത്തുക എന്ന ലക്ഷ്യമുള്ള ഒപെക് പ്ലസിന് ഇറാന് മേലുള്ള അമേരിക്കന്‍ ഉപരോധം വിപണിയില്‍ സൃഷ്ടിക്കുന്ന ആഘാതം തിട്ടപ്പെടുത്തുന്നതില്‍ പിശക് പറ്റിയെന്നും അദ്ദേഹം സമ്മതിക്കുകയുണ്ടായി.

ഇറാന്‍ ഉപരോധത്തിലെ അമേരിക്കന്‍ നടപടികളില്‍ വീണ്ടും എടുത്തുചാടി തീരുമാനമെടുക്കുന്നത് തങ്ങളുടെ പ്രധാന വരുമാന മാര്‍ഗമായ എണ്ണവിപണിയെ താറുമാറാക്കുമെന്ന ബോധ്യമാണ് സൗദി അറേബ്യയെ കാത്തിരുന്ന് കാണാമെന്ന നിലപാടില്‍ എത്തിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia