2014ന് ശേഷം ആദ്യ മിച്ച ബജറ്റുമായി സൗദി അറേബ്യ

2014ന് ശേഷം ആദ്യ മിച്ച ബജറ്റുമായി സൗദി അറേബ്യ

വരുമാനത്തില്‍ 48 ശതമാനം വര്‍ധനവ്

റിയാദ്: 2014ലെ എണ്ണവിലയിടിവിന് ശേഷം മിച്ച ബജറ്റെന്ന നേട്ടവുമായി സൗദി അറേബ്യ. എണ്ണവിപണിയില്‍ നിന്നും എണ്ണേതര വിപണിയില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചതോടെയാണ് ആദ്യ പാദത്തില്‍ 27.8 ബില്യണ്‍ സൗദി റിയാല്‍ മിച്ചമായി നേടാന്‍ അറബ് ലോകത്തെ സമ്പന്നരാഷ്ട്രമെന്ന ഖ്യാതിയുള്ള സൗദിക്ക് സാധിച്ചത്. വിഷന്‍ 2030യോടുള്ള പ്രതിബദ്ധതയ്്ക്ക് തെളിവാണ് ഈ വര്‍ഷത്തെ ബജറ്റെന്ന് സൗദി സാമ്പത്തിക കാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞു. പൊതു സാമ്പത്തിക വിഷയങ്ങള്‍ കൈാര്യം ചെയ്യുക, സുതാര്യത വര്‍ധിപ്പിക്കുക, സ്വകാര്യമേഖലയുടെ വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ സമഗ്രമായ പരിഷ്‌കരണ നടപടികളുമായി മുമ്പോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.

ആദ്യപാദത്തിലെ മൊത്തം ചിലവിടലില്‍ 8 ശതമാനവും വരുമാനത്തില്‍ 48 ശതമാനവും വര്‍ധനവുണ്ടായതായി മന്ത്രി പറഞ്ഞു. എണ്ണവ്യാപാരത്തില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചതും സബ്‌സിഡി നിരക്കുകള്‍ വെട്ടിക്കുറച്ചതും മൂല്യവര്‍ദ്ധിത നികുതി സംവിധാനം നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകി. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലെ ബജറ്റ് കമ്മി 2017ലെ 9.3 ശതമാനത്തില്‍ നിന്നും 5.9 ശതമാനമായി ചുരുങ്ങി.

എണ്ണേതര മേഖലയില്‍ നിന്നും 2018ല്‍ 2.1 ശതമാനത്തിന്റെ അധിക വരുമാനമുണ്ടായി. സൗദി അറേബ്യയുടെ ജിഡിപിയില്‍ 10 ശതമാനം വരുന്ന ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ബിസിനസ്, സേവനരംഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3.3 ശതമാനത്തിന്റെ പ്രതിവര്‍ഷ വര്‍ധനവുണ്ടായി.

വരുമാനത്തിനായി പ്രധാനമായും ക്രൂഡ് ഓയില്‍ വ്യാപാരത്തെ ആശ്രയിക്കുന്ന സൗദി അറേബ്യ മൂന്ന് വര്‍ഷം എണ്ണവിലയിടിവിന് സാക്ഷ്യം വഹിച്ച ശേഷം ബൃഹത്തായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. 2016 തുടക്കത്തില്‍ ബാരലിന് 30 ഡോളര്‍ ആയിരുന്ന എണ്ണവില പതുക്കെ കരകയറി 2018 മധ്യത്തില്‍ 80 ഡോളര്‍ എന്ന നേട്ടത്തിലെത്തിയതോടെ സൗദിയുടെ സമ്പദ് വ്യവസ്ഥയും കരുത്താര്‍ജ്ജിച്ചു. എണ്ണവ്യാപാരം വളര്‍ച്ച തിരികെ പിടിച്ചെങ്കിലും എണ്ണയിലുള്ള ആശ്രയത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കുകയാണ് സൗദി അറേബ്യ. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതും മൂല്യവര്‍ദ്ധിത നികുതി സംവിധാനത്തിന് രൂപം നല്‍കിയതുമെല്ലാം ഇതിന്റെ ഭാഗമായാണ്. വിഷന്‍ 2030 പരിപാടിക്ക് കീഴിലായി പരിഷ്‌കരണ അജണ്ടയുമായി മുമ്പോട്ട് പോകുന്ന സൗദി അരാംകോ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓഹരികള്‍ വില്‍ക്കാനും പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Arabia
Tags: Budget, Soudhi