ഇന്ത്യയില്‍ 10,000ല്‍ അധികം റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ ലക്ഷ്യമിട്ട് ഷഓമി

ഇന്ത്യയില്‍ 10,000ല്‍ അധികം റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ ലക്ഷ്യമിട്ട് ഷഓമി

തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ പകുതിയോളം ഓഫ്‌ലൈനിലൂടെ ആകണമെന്നാണ് ഷഓമി ലക്ഷ്യം വെക്കുന്നത്

ന്യൂഡെല്‍ഹി: ഈ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇന്ത്യയില്‍ തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളുടെ വില്‍പ്പനയ്ക്കായുള്ള 10,000 റീട്ടെയ്ല്‍ സ്റ്റോറുകള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഷഓമി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മനുകുമാര്‍ ജയ്ന്‍ വ്യക്തമാക്കി. ആയിരാമത്തെ ‘ മി സ്‌റ്റോര്‍’ യാഥാര്‍ത്ഥ്യമാക്കിയതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 19 സംസ്ഥാനങ്ങളില്‍ മി സ്റ്റോറുകളുണ്ടെന്നും ഇതിലൂടെ 2000ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പാദങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷഓമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓണ്‍ലൈനിലൂടെയുള്ള സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 50 ശതമാനത്തിലധികം വിഹിതം കമ്പനിക്കുണ്ട്. ഓണ്‍ലൈനിലൂടെയുള്ള വളര്‍ച്ചാ സാധ്യത ഇനി പരിമിതമാണ്. അതിനാലാണ് തങ്ങള്‍ ഓഫ്‌ലൈന്‍ സാന്നിധ്യം വലിയ അളവില്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മനുകുമാര്‍ ജയ്ന്‍ പറഞ്ഞു. നിലവില്‍ ഓഫ്‌ലൈന്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 20 ശതമാനം വിഹിതം കമ്പനിക്കുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ പകുതിയോളം ഓഫ്‌ലൈനിലൂടെ ആകണമെന്നാണ് ഷഓമി ലക്ഷ്യം വെക്കുന്നത്. ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന ആരംഭിച്ച് ഉപഭോക്താക്കളുടെ പ്രിയ ബ്രാന്‍ഡായി മാറിയ ഷഓമി രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് ഓഫ്‌ലൈന്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാജ്യത്ത് 500 മി സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. 5000ഓളം മി സ്‌റ്റോറുകള്‍ ഗ്രാമീണ മേഖലയില്‍ ആരംഭിക്കുന്നതിനാണ് ഷഓമിയുടെ പദ്ധതി. മെട്രോകളിലും വന്‍ നഗരങ്ങളിലും പ്രവര്‍ക്കുന്ന വലിയ മി ഹോം സ്‌റ്റോറുകളിലേതിന് സമാനമായ സേവനമാണ് മി സ്‌റ്റോറുകളും നല്‍കുക.

മി സ്റ്റുഡിയോ എന്ന പേരില്‍ ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് 200 റീട്ടെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 400-600 ചതുരശ്രയടിയില്‍ മി ഹോം സ്‌റ്റോറുകളുടെ കൂടുതല്‍ ക്രമീകരിക്കപ്പെട്ട വേര്‍ഷന്‍ ആണിത്. മുംബൈയിലും ബെംഗളൂരുവിലുമാണ് നിലവില്‍ മി സ്റ്റുഡിയോ സ്‌റ്റോറുകള്‍ ഉള്ളത്.

Comments

comments

Categories: FK News
Tags: Xiaomi