സന്തോഷം, സഹിഷ്ണുത ഇപ്പോഴിതാ യുഎഇയില്‍ സാധ്യാത മന്ത്രാലയവും

സന്തോഷം, സഹിഷ്ണുത ഇപ്പോഴിതാ യുഎഇയില്‍ സാധ്യാത മന്ത്രാലയവും

മന്ത്രാലയത്തിന്റെ ചുമതല മന്ത്രിതല സമിതിക്ക്

ദുബായ്: മൂല്യങ്ങളുടെ സംരക്ഷണത്തിനും സഹിഷ്ണുതാ നയങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പേര് കേട്ട നാടാണ് അറബി നാട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്തോഷത്തിന് മാത്രമായി ഒരു സര്‍ക്കാര്‍ വകുപ്പും സഹിഷ്ണുതാ മന്ത്രാലയവും രൂപീകരിച്ച അറബിനാട്ടിലെ യുഎഇ എന്ന രാഷ്ട്രം തികച്ചും വ്യത്യസ്തമായൊരു മന്ത്രാലയം രൂപീകരിച്ച് കൊണ്ട് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സാധ്യതാ മന്ത്രാലയമെന്ന പേരില്‍ ലോകത്തില്‍ തന്നെ ആദ്യമായി നവീനവും അതേസമയം മാതൃകാപരവുമായ പാരമ്പര്യേതര മന്ത്രാലയത്തിന്റെ രൂപീകരണം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയുടെ പ്രധാനമന്ത്രി.

മന്ത്രിമാര്‍ക്ക് ചുമതലയുള്ള സാധാരണ വകുപ്പുകളില്‍ നിന്നും വ്യത്യസ്തമായി കാബിനറ്റ് അംഗങ്ങളുടെ കമ്മിറ്റിക്കായിരിക്കും സാധ്യതാ മന്ത്രാലയത്തിന്റെ ചുമതല. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കായിരിക്കും ഈ മന്ത്രാലയം പ്രത്യേക ഊന്നല്‍ നല്‍കുക. അത്തരം വിഷയങ്ങള്‍ വളരെ ഫലപ്രദമായി വേഗത്തില്‍ കൈകാര്യം ചെയ്യുക എന്നതാണ് സാധ്യാത മന്ത്രാലയത്തിന്റെ ചുമതല. ഭാവി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുക എന്ന ഉത്തരവാദിത്വവും ഈ മന്ത്രാലയത്തിനുണ്ട്. ഇതിനായി മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബിഹേവിയറല്‍ റിവാര്‍ഡ്‌സിന്റെ മേല്‍നോട്ട ചുമതലയായിരിക്കും സാധ്യതാ മന്ത്രാലയത്തിന് ഉണ്ടായിരിക്കുക. വിവിധ മന്ത്രാലയങ്ങളില്‍ നിന്നും പൊതു സ്ഥാപനങ്ങളില്‍ നിന്നുമുള്ള അംഗങ്ങളെ തെരഞ്ഞെടുത്ത് ഒരു സംഘത്തിന് രൂപം നല്‍കി നല്ല നടപടിക്രമങ്ങള്‍ക്കും പ്രവര്‍ത്തനരീതികള്‍ക്കും പോയിന്റ് അടിസ്ഥാനത്തിലുള്ള പാരിതോഷികം ലഭ്യമാക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബിഹേവിയറല്‍ റിവാര്‍ഡ്‌സ് രൂപീകരിച്ചിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്ന പോയിന്റുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ഫീസുകള്‍ അടക്കാനും സാധിക്കും. പോയിന്റുകള്‍ ലഭ്യമാക്കേണ്ട സ്വഭാവ രീതികള്‍ ഏതൊക്കെയാണെന്ന് വകുപ്പ് പിന്നീട് തീരുമാനിക്കും.

രാജ്യത്തിന്റെ കുതിപ്പിലും ഭാവി രൂപവത്കരണത്തിലും എമിറാറ്റികളുടെ പങ്കും സംഭാവനയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സാധ്യതാ മന്ത്രാലയത്തിന്റെ ഭാഗമായി യുഎഇ ടാലന്റ് എന്ന വകുപ്പിന് രൂപം നല്‍കുന്നത്. എല്ലാ സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഭാധനരായ ആളുകളെ പ്രായഭേദമന്യേ കണ്ടെത്തുന്നതിനുള്ള വഴികള്‍ക്ക് ഈ വകുപ്പ് രൂപം നല്‍കും. കൂടാതെ രാജ്യത്തെ സേവിക്കുന്നതിനും പൗരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വേണ്ടി നൂതനമായ മാര്‍ഗങ്ങള്‍ വികസിപ്പിക്കും.

സര്‍ക്കാര്‍ നിര്‍വ്വഹണങ്ങളില്‍ പുതിയൊരു സമീപനം ലക്ഷ്യമിടുന്നതാണ് മന്ത്രാലയത്തിലെ മറ്റൊരു വകുപ്പായ കാര്യ നിര്‍വ്വഹണ വകുപ്പ്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഈ വകുപ്പ് പ്രത്യേക ഊന്നല്‍ നല്‍കുന്നു. എസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റല്‍ വിപണികളിലെ പുതിയ വികസനങ്ങളെ ആധാരമാക്കി വളരെ ലളിതമായി ഉപയോഗിക്കാവുന്ന സര്‍ക്കാര്‍ നിര്‍വ്വഹണ സംവിധാനത്തിന് രൂപം നല്‍കുക എന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്.

ജനസേവന പദ്ധതികളടക്കം നിരവധി പദ്ധതികളില്‍ സാധ്യതാ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന സാധ്യതാ മന്ത്രാലയത്തിന്റെ രൂപീകരണം പ്രഖ്യാപിച്ച് കൊണ്ട് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം ട്വിറ്ററില്‍ കുറിച്ചു. ”സര്‍ക്കാര്‍ ചിലവുകള്‍ കുറയ്ക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലും മന്ത്രാലയത്തിന്റെ സേവനം ലഭ്യമാക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം 60 ദിവസങ്ങളില്‍ നിന്ന് 6 മിനിറ്റായി കുറയും. രാജ്യത്തെങ്ങുമുള്ള യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്ലാറ്റ്‌ഫോമിന് രൂപം നല്‍കും” ഷേഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ഭാവിയിലെ വിവിധ വെല്ലുവിളികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കുന്നതിന് പുതിയ വഴികള്‍ ആവശ്യമാണെന്നും യുഎഇയിലെ നിഘണ്ടുവില്‍ അസാധ്യമെന്ന ഒരു വാക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.സാമ്പ്രദായികതയില്‍ നിന്നും ഏറെ അകലം പാലിക്കുന്ന ഒരു ഭാവി സ്വപ്‌നം കണ്ടുകൊണ്ട് യാഥാസ്ഥിതികമല്ലാത്ത ആശയങ്ങളില്‍ നിന്നുമാണ് യുഎഇ ജനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധ്യമായി ഒന്നുമില്ല എന്ന യുഎഇ വിശ്വാസത്തോട് ഒത്തുപോകുന്നതാണ് പുതിയ മന്ത്രാലയമെന്ന് ഭാവി, മന്ത്രാലയ കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു.

2016ലാണ് യുഎഇ സന്തോഷം, സഹിഷ്ണുത തുടങ്ങിയ മന്ത്രാലയങ്ങള്‍ക്ക് രൂപം നല്‍കിയത്. യുഎഇയ്ക്ക് മുമ്പ് 1972ല്‍ ഭൂട്ടാന്‍ രാജ്യത്തെ സന്തോഷ നിലവാരം അളക്കുന്നതിനായി മൊത്തം ദേശീയ സന്തോഷ സൂചികയ്ക്ക് രൂപം നല്‍കിയിരുന്നു. സമീപകാലത്തായി തായ്‌ലന്റ്, യുകെ തുടങ്ങിയ രാഷ്ട്രങ്ങളും സമാനമായ സന്തോഷ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി.

യുഎഇയിലെ വ്യത്യസ്ത മന്ത്രാലയങ്ങള്‍

സഹിഷ്ണുതാ മന്ത്രാലയം
സന്തോഷ, ക്ഷേമ മന്ത്രാലയം
ഭാവി കാര്യ മന്ത്രാലയം
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് മന്ത്രാലയം

Comments

comments

Categories: Arabia
Tags: UAE