ട്രംപിന്റെ ഇറാന്‍ നയം അപക്വം

ട്രംപിന്റെ ഇറാന്‍ നയം അപക്വം

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മേയ് ഒന്ന് മുതല്‍ അവസാനിപ്പിക്കണമെന്ന താക്കീത് നല്‍കിക്കഴിഞ്ഞു യുഎസ്. തലതിരിഞ്ഞ ട്രംപ് നയം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ

ഇറാനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം അപക്വമാണെന്ന് തന്നെ പറയേണ്ടി വരും. മേയ് ഒന്ന് മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് യുഎസ് താക്കീത് നല്‍കിക്കഴിഞ്ഞു. ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് അവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കും യുഎസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എണ്ണ ഇറക്കുമതി ഭാഗികമായി തുടരാന്‍ ഇന്ത്യയും ചൈനയും ജപ്പാനും ഉള്‍പ്പടെ എട്ട് രാജ്യങ്ങള്‍ക്ക് ആറ് മാസത്തേക്ക് ട്രംപ് ഇളവ് നല്‍കുകയായിരുന്നു. അതാണ് ഇപ്പോള്‍ അവസാനിക്കുന്നത്.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബര്‍ മാസത്തോടെ അവസാനിപ്പിക്കണമെന്നായിരുന്നു ആദ്യം യുഎസ് പറഞ്ഞത്. പിന്നീടാണ് സഖ്യരാഷ്ട്രങ്ങളോടുള്ള പരിഗണനയെന്ന പേരില്‍ ആറ് മാസത്തേക്ക് ഇളവ് അനുവദിച്ചത്. അമേരിക്കയുടെ ഇറാന്‍ നയത്തിനനുസരിച്ച് ഭാരതത്തിന്റെ ഇറാന്‍ നയവും മാറണമെന്ന ശാഠ്യത്തിന് കൂടിയാണ് ഇപ്പോള്‍ നമ്മളും വഴങ്ങുന്നത്.

ഒരു ന്യായീകരണവുമില്ലാതെയാണ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയതും അവര്‍ക്ക് മേല്‍ വീണ്ടും ഉപരോധം ചുമത്തുന്നതും. അമേരിക്കയുടെ തന്നെ വാക്കിന് വിലയില്ലാത്ത നടപടിയായിരുന്നു ട്രംപിന്റെ ആ തീരുമാനം. എന്താണ് ഇതിന് പുറകിലെ യുക്തിയെന്നത് വിശദീകരിക്കുന്നതില്‍ പോലും ട്രംപ് പരജായപ്പെട്ടു. ഇറാനെ മൂലയ്ക്കിരുത്തി അവരെ കൂടുതല്‍ അപകടകാരിയാക്കുകയെന്നതാണോ നയം. ഇറാന്‍ ഉയര്‍ത്തുന്ന ആണവ ഭീഷണി ഒഴിവാക്കുന്നതിനായിരുന്നു യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് ആണവ കരാര്‍ ഉണ്ടാക്കിയത്. ഇതില്‍ നിന്നാണ് ട്രംപിന്റെ മാത്രം ഇഷ്ടമനുസരിച്ച് അമേരിക്ക പിന്മാറിയത്.

ഇറാനുമായി വ്യാപാരം തുടരാന്‍ ഫ്രാന്‍സും ജര്‍മനിയും യുകെയും ചേര്‍ന്ന് പ്രത്യേക സംവിധാനമുണ്ടാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്ത രാജ്യങ്ങളെയും ഇതുപയോഗപ്പെടുത്താന്‍ അവര്‍ സമ്മതിച്ചാല്‍ അമേരിക്കയ്ക്ക് തിരിച്ചടിയാകും. ഇത്തരത്തിലുള്ള ശ്രമങ്ങളാണ് കൂടുതല്‍ ഉണ്ടാകേണ്ടത്. ഇറാനുമായി വ്യാപാരം തുടരുന്നതിനുള്ള എല്ലാ സാധ്യതകളും ഇന്ത്യയും പരിശോധിക്കണം.

പശ്ചിമേഷ്യയുടെ സമാധാന അന്തരീക്ഷത്തിനും ഇറാനെ ഒറ്റപ്പെടുത്തുന്ന രീതി ഗുണം ചെയ്‌തേക്കില്ല. ഇറാന്‍ ഒരു ഭീഷണിയായി തീര്‍ന്ന ശേഷമാണ് അമേരിക്കയുടെ നടപടികളെങ്കില്‍ യുക്തിക്ക് നിരക്കുന്നതാണെന്ന വാദങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം ട്രംപിന്റെ ഇറാന്‍ എണ്ണ വിലക്കിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകുന്നത് വഌഡിമിര്‍ പുടിന്റെ റഷ്യയാണെന്നാണ്. ഉപരോധത്തില്‍ ഇനി ഇളവില്ലെന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവന വന്നയുടന്‍ തന്നെ എണ്ണ വിലയിലുണ്ടായത് വലിയ കയറ്റമാണ്. പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമായ റഷ്യയുടെ കയറ്റുമതിയിലേക്ക് വലിയ സംഭാവനയാണ് എണ്ണ നടത്തുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലേക്കും എണ്ണയുടെ സംഭാവന 30 ശതമാനത്തോളം വരും. എണ്ണ വിലയില്‍ വരുന്ന ഓരോ ചെറിയ വര്‍ധനയും റഷ്യയുടെ ബജറ്റില്‍ മിച്ചം പിടിക്കാനുള്ള തുകയായാണ് പരിണമിക്കുന്നത്. ഇറാന്റെ ശത്രുരാജ്യവും അമേരിക്കയുടെ മിത്രരാജ്യവുമായ സൗദി അറേബ്യക്കും ട്രംപിന്റെ തീരുമാനം ഗുണം ചെയ്യും. എന്നാല്‍ റഷ്യക്ക് മേല്‍ക്കൈ നല്‍കുന്ന തീരുമാനങ്ങള്‍ എടുക്കുന്ന നയങ്ങളിലേക്ക് ഇത്ര വിദഗ്ധമായി ട്രംപ് എങ്ങനെ എത്തുന്നുവെന്നതും പരിശോധിക്കപ്പെടേണ്ട വിഷയമാണ്.

Categories: Editorial, Slider
Tags: Iran, Trump