ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയിലെത്തി

ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയിലെത്തി

ഇന്ത്യ എക്‌സ് ഷോറൂം വില 9.46 ലക്ഷം രൂപ

ഇന്ത്യയിലെ ട്രയംഫ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ട്രയംഫ് സ്പീഡ് ട്വിന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.46 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ ബോണവില്‍ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് സ്പീഡ് ട്വിന്‍. 2018 ഡിസംബറിലാണ് മോട്ടോര്‍സൈക്കിള്‍ ആഗോള അരങ്ങേറ്റം നടത്തിയത്. ട്രയംഫ് ബോണവില്‍ ടി120, ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ എന്നീ ബൈക്കുകള്‍ക്കിടയിലാണ് ട്രയംഫ് സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിന് സ്ഥാനം. മികച്ച പെര്‍ഫോമന്‍സ്, ഹാന്‍ഡ്‌ലിംഗ് എന്നിവ സമ്മാനിക്കുന്ന മോഡേണ്‍ ക്ലാസിക്കാണ് ട്രയംഫ് സ്പീഡ് ട്വിന്‍. കൂടുതല്‍ നേരേ നിവര്‍ന്ന പ്രകൃതവും റൈഡിംഗ് സുഗമമാക്കുന്ന എര്‍ഗണോമിക്‌സും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ ഉപയോഗിക്കുന്ന 1200 സിസി, ‘ഹൈ പവര്‍’ പാരലല്‍ ട്വിന്‍ എന്‍ജിനാണ് ട്രയംഫ് സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. എന്നാല്‍ ത്രക്‌സ്റ്റണ്‍ ആര്‍ എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരം രണ്ടര കിലോഗ്രാം കുറഞ്ഞിരിക്കുന്നു. താഴ്ന്ന ഇനേര്‍ഷ്യയുള്ള ക്രാങ്ക്, ഹൈ കംപ്രഷന്‍ ഹെഡ്, മഗ്നീഷ്യം കാം കവര്‍, പരിഷ്‌കരിച്ച ക്ലച്ച് അസംബ്ലി എന്നിവയാണ് ഭാരം കുറയാന്‍ കാരണങ്ങളായത്. എന്‍ജിന്‍ ഇപ്പോള്‍ 6,750 ആര്‍പിഎമ്മില്‍ 96 ബിഎച്ച്പി കരുത്തും 4,950 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

സ്‌റ്റൈലിംഗ് പരിഗണിക്കുമ്പോള്‍, ബോണവില്‍ കുടുംബത്തിന്റെ പാരമ്പര്യം ട്രയംഫ് സ്പീഡ് ട്വിന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മോഡേണ്‍ ക്ലാസിക്കിന് അനുയോജ്യമായവിധമാണ് ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവ. എന്‍ജിന്‍, മുന്‍ ഫോര്‍ക്കുകള്‍, ഹെഡ്‌ലാംപ്, ചക്രങ്ങള്‍, എക്‌സോസ്റ്റ് എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ്. എന്നാല്‍ ഇന്ധന ടാങ്കിന് കോണ്‍ട്രാസ്റ്റ് നിറം നല്‍കിയിരിക്കുന്നു. ചുവപ്പ്, കറുപ്പ്, ചാര നിറം എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. ഹാന്‍ഡില്‍ബാറിന്റെ അറ്റത്ത് കണ്ണാടികള്‍, പരന്ന സിംഗിള്‍ പീസ് സീറ്റ് എന്നിവയോടെയാണ് ബൈക്ക് വരുന്നത്. രണ്ട് ചെറിയ ഡിജിറ്റല്‍ എല്‍സിഡി സ്‌ക്രീനുകള്‍ ഉള്ളതാണ് ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. റൈഡിംഗ് മോഡ്, ക്ലോക്ക്, ട്രിപ്പ് മീറ്ററുകള്‍, ഒാഡോമീറ്റര്‍ എന്നിവ ഇവിടെ കാണാന്‍ കഴിയും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപ്, എല്‍ഇഡി ടെയ്ല്‍ലാംപ്, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

റൈഡ് ബൈ വയര്‍ സിസ്റ്റം, ടോര്‍ക്ക് അസിസ്റ്റ് ക്ലച്ച്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, മൂന്ന് റൈഡിംഗ് മോഡുകള്‍ (റോഡ്, റെയ്ന്‍, സ്‌പോര്‍ട്) എന്നിവയോടെയാണ് ട്രയംഫ് സ്പീഡ് ട്വിന്‍ വരുന്നത്. കൂടുതല്‍ സാഹസികത പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍ പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയും. മുന്നില്‍ 41 എംഎം കെവൈബി കാര്‍ട്രിഡ്ജ് ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ കെവൈബി ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയായ ബ്രെംബോയുടെ 4 പിസ്റ്റണ്‍ 4 പാഡ് ആക്‌സിയല്‍ കാലിപറുകള്‍ സഹിതം 305 എംഎം ഇരട്ട ഡിസ്‌ക്കുകളാണ് മുന്‍ ചക്രത്തില്‍ നല്‍കിയിരിക്കുന്നതെങ്കില്‍ പിന്‍ ചക്രത്തില്‍ ജാപ്പനീസ് കമ്പനിയായ നിസിന്റെ 2 പിസ്റ്റണ്‍ കാലിപര്‍ സഹിതം 220 എംഎം സിംഗിള്‍ ഡിസ്‌ക് കാണാം. 17 ഇഞ്ച്, 7 സ്‌പോക്ക് കാസ്റ്റ് അലൂമിനിയം വീലുകളിലാണ് ട്രയംഫ് സ്പീഡ് ട്വിന്‍ വരുന്നത്. പിറെല്ലി റോസ്സോ കോഴ്‌സ 3 ടയറുകള്‍ ഉപയോഗിക്കുന്നു.

Categories: Auto