തകര്‍ന്നടിഞ്ഞിടത്ത് നിന്നും തകര്‍പ്പന്‍ ‘സക്‌സസ്

തകര്‍ന്നടിഞ്ഞിടത്ത് നിന്നും തകര്‍പ്പന്‍ ‘സക്‌സസ്

തൊട്ടതെല്ലാം പൊന്നാക്കുന്ന സംരംഭകരുടെ വിജയകഥകള്‍ക്കിടയില്‍ വ്യത്യസ്തനാണ് മധുരൈ സ്വദേശിയും പുരുഷന്മാരുടെ വസ്ത്ര ബ്രാന്‍ഡായ സക്‌സസിന്റെ ഉടമയുമായ ഫൈസല്‍ അഹമ്മദ്. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, വീട്ടിലെ സാമ്പത്തിക ബാധ്യത അകറ്റുന്നതിനായി തുടങ്ങിയ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വ്യാപാരം ഫൈസലിനെ കൊണ്ട് ചെന്നെത്തിച്ചത് വന്‍ കടക്കെണിയിലേക്കാണ്. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ 2006 ല്‍ തുടങ്ങിയ വസ്ത്ര വ്യാപാരം 2011 ല്‍ ഒരു കോടിയുടെ ബാധ്യതയില്‍ ചെന്നെത്തി. എന്നാല്‍ വ്യത്യസ്തമായ വിപണതന്ത്രത്തിലൂടെ ഒരു കോടിയുടെ നഷ്ടം 50 കോടിയുടെ ലാഭക്കണക്കാക്കി മാറ്റുകയായിരുന്നു ഈ സംരംഭകന്‍. ഇന്ന് തമിഴ്‌നാട്ടിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വസ്ത്ര ബ്രാന്‍ഡുകളില്‍ ഒന്നാണ് സക്‌സസ് (suxus). മനസ് വച്ച് പരിശ്രമിച്ചാല്‍ ഏതവസ്ഥയിലും വിജയം സംരംഭകനൊപ്പം നില്‍ക്കുമെന്ന് തെളിയിക്കുന്നു ഫൈസലിന്റെ ‘സക്‌സസ്’ സ്റ്റോറി

സംരംഭക വിജയത്തിന് എടുത്തുപറയത്തക്ക ഒരു ഫോര്‍മുലയുണ്ടോ? ഒരിക്കലും ഇല്ലെന്ന് പറയും തമിഴ്‌നാട് മധുരൈ സ്വദേശിയായ ഫൈസല്‍ അഹമ്മദ് എന്ന സംരംഭകന്‍. ഇങ്ങനെ പറയാന്‍ ഫൈസലിന് തന്റേതായ കാരണങ്ങളുമുണ്ട്. ഏറെ പ്രതിസന്ധികളിലൂടെ കടന്നു ചെന്ന് സംരംഭകവിജയമെന്ന ലക്ഷ്യം കൈപ്പിടിയിലൊതുക്കിയ വ്യക്തിയാണ് ഫൈസല്‍. 2006 ല്‍ തുടങ്ങിയ സംരംഭകയാത്രയില്‍ നേരിട്ടതത്രയും കയ്‌പ്പേറിയ അനുഭവങ്ങള്‍. എന്നാല്‍ വിജയം എന്നത് ഫൈസലിന്റെ ജീവിതത്തിന്റെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായ ഒന്നായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതലകള്‍ എല്ലാം ഏറ്റെടുത്തുകൊണ്ട് വളരെ ചെറിയ പ്രായത്തില്‍ ബിസിനസിലേക്കിറങ്ങിയ ഫൈസലിനെ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയില്‍ കാത്തിരുന്നതത്രയും കെണികളായിരുന്നു. എന്നാല്‍ വീണിടത്ത് നിന്നും ഒരു ഫീനിക്‌സ് പക്ഷിയുടെ ആര്‍ജവത്തോടെ പറന്നുയരാന്‍ കാണിച്ച മനസാണ് ഇന്ന് തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച വസ്ത്ര ബ്രാന്‍ഡുകളില്‍ ഒന്നായ സക്‌സസിന്റെ ഉടമസ്ഥതയിലേക്ക് ഫൈസലിനെ എത്തിച്ചത്.

സംരംഭകത്വത്തില്‍ താന്‍ നേരിട്ട ഓരോ പ്രശ്‌നങ്ങളില്‍ നിന്നും സ്വയമൊരു കറക്ടീവ് തെറാപ്പി രൂപീകരിച്ച് തന്റെ വിജയ ഫോര്‍മുല കണ്ടെത്തുകയായിരുന്നു ഫൈസല്‍. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് ഫൈസല്‍ അഹമ്മദ്. പിതാവും അദ്ദേഹത്തിന്റെ പിതാവും കാലങ്ങളായി പലവിധ ബിസിനസുകളില്‍ വമ്പിച്ച നിക്ഷേപം നടത്തിയിരുന്നവര്‍. എന്നാല്‍ ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടെന്ന പോലെ, പിതാവിന്റെ ബിസിനസ് ഒന്നിന് പുറകെ ഒന്നായി തകര്‍ന്നത് വളരെ പെട്ടന്നായിരുന്നു. അതുവരെ ഉണ്ടായിരുന്ന സമ്പാദ്യവും ബാങ്ക് നിക്ഷേപവുമെല്ലാം ഒരു രാത്രി ഇരുണ്ട് വെളുക്കുന്ന വേഗത്തില്‍ നഷ്ടമായി. ജീവിക്കണമെങ്കില്‍ വീണ്ടും എല്ലാം ഒന്നില്‍ നിന്നും തുടങ്ങണമെന്ന അവസ്ഥ. പിതാവും മറ്റ് കുടുംബാംഗങ്ങളും മാനസികമായി തളര്‍ന്നു.

ഈ സമയത്ത് ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഫൈസല്‍ അഹമ്മദ്. വീടിന്റെ സാമ്പത്തിക ബാധ്യതകള്‍ മാറ്റുന്നതിനായി തന്റേതായ നിലയില്‍ എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് ഫൈസലിന് മനസിലായി. ഒരു ജോലി കണ്ടെത്തി അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താം എന്ന ചിന്ത അസ്ഥാനത്തായിരുന്നു. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായതിനാല്‍ തന്നെ ആ നിലക്ക് ചിന്തിക്കുകയായിരുന്നു ഫൈസല്‍. പിതാവ് ബിസിനസ് നടത്തുന്നത് കണ്ടുള്ള പരിചയം മാത്രമായിരുന്നു ആകെയുള്ള കൈമുതല്‍. എന്നിരുന്നാലും ആ വഴിക്ക് തന്നെ സഞ്ചരിക്കാന്‍ ഫൈസല്‍ തീരുമാനിച്ചു.

രണ്ടും കല്‍പ്പിച്ച് ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയിലേക്ക്

എന്ത് ബിസിനസ് ചെയ്യുമെന്ന ചിന്തയില്‍ ഫൈസല്‍ വീണ്ടും കുരുങ്ങി നിന്നു. ആ സമയത്ത് മധുരയില്‍ മികച്ച വസ്ത്ര ബ്രാന്‍ഡുകള്‍ ഉണ്ടായിരുന്നില്ല. മധുരയ്ക്ക് പുറത്ത് പോയാണ് ആളുകള്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. പ്രത്യേകിച്ച്, പുരുഷന്മാര്‍ക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ആയിരുന്നു. ഇത് മനസിലാക്കിയ ഫൈസല്‍ റെഡിമെയ്ഡ് ഗാര്‍മെന്റ് വിപണിയില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. കുടുംബത്തില്‍ അവശേഷിച്ചിരുന്ന സമ്പത്തില്‍ നിന്നും അഞ്ചു ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് ഫൈസല്‍ ബിസിനസ് ആരംഭിച്ചത്.
2006 ല്‍ തന്റെ 18 -ാം വയസില്‍ ഏഴ് തയ്യല്‍ മെഷീനുകള്‍ വാങ്ങി , ഒരു കെട്ടിടം വാടകക്കെടുത്ത് ഫൈസല്‍ ഷര്‍ട്ടുകളുടെ നിര്‍മാണം ആരംഭിച്ചു. പ്രതിദിനം നൂറു ഷര്‍ട്ടുകളാണ് നിര്‍മിച്ചിരുന്നത്. ഇത് മധുരയിലെ വിവിധ ടെക്‌സ്‌റ്റൈല്‍സുകളില്‍ നേരിട്ട് എത്തിച്ചായിരുന്നു വില്‍പന. ആദ്യമൊന്നും ഷോപ്പുകള്‍ ഫൈസലിന്റെ ഉല്‍പ്പന്നം സ്വീകരിച്ചില്ല. എന്നാല്‍ പിന്നീട് വിലക്കുറവും ഗുണമേന്മയും തിരിച്ചറിഞ്ഞതോടെ മധുരയിലെ ടെക്‌സ്‌റ്റൈല്‍ ഉടമകള്‍ സക്‌സസ് എന്ന ബ്രാന്‍ഡിലുള്ള ഷര്‍ട്ടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. പ്രധാനമായും രണ്ട് ഡീലര്‍മാരാണ് സക്‌സസിന് ഉണ്ടായിരുന്നത്. ബി ടു ബി മോഡലിലാണ് സക്‌സസ് എന്ന ബ്രാന്‍ഡ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു പതിനെട്ടുകാരന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ മികച്ച രീതിയിലായിരുന്നു ബിസിനസ് വളര്‍ന്നത്.

അധികം താമയിയാതെ സ്വന്തം ഔട്ട് ലെറ്റ് തുറന്ന് കൊണ്ട് സക്‌സസ് എന്ന ബ്രാന്‍ഡിനെ അടുത്തതലത്തിലേക്ക് വളര്‍ത്തുവാന്‍ ഫൈസല്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ട്രിച്ചി, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലായി രണ്ട് ഔട്ട്‌ലെറ്റുകള്‍ തുറന്നു. നൂറു രൂപ വില വരുന്ന സക്‌സസ് ബ്രാന്‍ഡ് ഷര്‍ട്ടുകള്‍ മറ്റ് റീട്ടെയ്ല്‍ ഷോറൂമുകള്‍ വഴി വിറ്റു പോയിരുന്നത് 150 രൂപക്കായിരുന്നു. സ്വന്തമായി ഷോറൂം തുടങ്ങിയാല്‍ യദാര്‍ത്ഥ വിലയായ നൂറു രൂപക്ക് പകരം 150 രൂപ ഈടാക്കാനാകുമെന്ന ചിന്തയില്‍ നിന്നുമാണ് പെട്ടന്ന് സ്വന്തം ഷോറൂം എന്ന ആശയത്തിലേക്ക് ഫൈസല്‍ കടന്നത്. എന്നാല്‍ അത് വളരെ തെറ്റായ ഒരു തീരുമാനമായിരുന്നു എന്ന് മനസിലാക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു.

നഷ്ടത്തിന്റെ ദിനങ്ങള്‍ ആരംഭിക്കുന്നു

ഒന്നിന് പുറകെ ഒന്നായി അഞ്ച് ഷോറൂമുകള്‍ തുറന്നുകൊണ്ടാണ് ഫൈസല്‍ തന്റെ സ്ഥാപനത്തെ ബ്രാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഷോറൂം തുടങ്ങാനുള്ള സ്ഥലം, കെട്ടിട വാടക, വലിയ അളവിലുള്ള ഉല്‍പ്പന്നങ്ങള്‍ , ജോലിക്കാര്‍ തുടങ്ങി നല്ലൊരു തുക നിക്ഷേപ ഇനത്തില്‍ ചെലവാക്കേണ്ടതായി വന്നു. എന്നാല്‍ കച്ചവടം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ ഒന്നും തന്നെ ശരിയായ ദിശയിലല്ല എന്ന് മനസിലായി. എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ച മധുരൈ, ഈറോഡ് എന്നിവിടങ്ങളില്‍ വില്‍പന വളരെ കുറവായിരുന്നു. ഒരു ലക്ഷം രൂപ വാടകക്കാണ് ഈ പ്രദേശത്ത് കെട്ടിടങ്ങള്‍ വാടകക്ക് എടുത്തിരുന്നത്. എന്നാല്‍ പ്രതിദിനം 3000 രൂപയുടെ പരമാവധി വില്‍പ്പനയാണ് ഇവിടെ നിന്നും ലഭിച്ചത്. ഈ തുക കൊണ്ട് ഒരിക്കലും തന്റെ സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ ഫൈസല്‍ എത്തി.

എന്നിരുന്നാലും അടുത്ത രണ്ട് വര്‍ഷക്കാലം നഷ്ടം സഹിച്ച് മുന്നോട്ട് പോയി. 2013 ആയപ്പോഴേക്കും കമ്പനിയുടെ നഷ്ടം ഒരു കോടി രൂപയായി മാറി. വില്‍പനയില്ലാതെ കിടന്ന ചരക്കുകള്‍ കമ്പനിക്ക് ബാധ്യതയായി മാറി. ഏത് വിധേനയും ചരക്കുകള്‍ ഒഴിവാക്കാനും ഫാഷന്‍ മാറിത്തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ബാധ്യതയുണ്ടാക്കാതിരിക്കുന്നതിനുമായി ചരക്കുകള്‍ ഏത് വിധേനയും മധുരൈയിലും ഈറോഡിലുമുള്ള സ്റ്റോറുകളില്‍ തന്നെ വിറ്റഴിച്ച് ഷോറൂം അടക്കാന്‍ ഫൈസല്‍ തീരുമാനിച്ചു. 6000 പീസ് ഷര്‍ട്ടുകളോളം അപ്പോള്‍ സ്റ്റോറില്‍ ഉണ്ടായിരുന്നു. കടകാലിയാക്കല്‍ വില്‍പന വഴി സ്റ്റോക്കുകള്‍ വിറ്റഴിക്കുക എന്നത് മാത്രമായിരുന്നു ഫൈസലിന് മുന്നിലുണ്ടായ ഏക പോംവഴി.

ഇതിന്റെ ഭാഗമായി ഏഴ് ഷര്‍ട്ടുകള്‍ 1000 രൂപക്ക് എന്ന നിലക്ക് വില്‍ക്കാന്‍ ഫൈസല്‍ തീരുമാനിച്ചു. മധുരൈ, ഈറോഡ് ഷോറൂമുകള്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കി. ഈ ഓഫറിനെ പറ്റി തങ്ങളുടെ പക്കലുള്ള 3000 ല്‍ പരം ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് സന്ദേശവും അയച്ചു. അടുത്ത ദിവസം നടന്ന വില്‍പന അവിശ്വസനീയമായിരുന്നു.

മൂന്നര ലക്ഷം രൂപയുടെ വില്‍പ്പനയാണ് അന്ന് കടയില്‍ ഉണ്ടായത്. കട കാലിയാക്കല്‍ വില്‍പനയായതിനാല്‍ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ആയിരം രൂപക്ക് ഏഴ് ഷര്‍ട്ട് എന്ന വാര്‍ത്ത നഗരത്തില്‍ തീപ്പൊരി വേഗത്തിലാണ് പ്രചരിച്ചത്. തൊട്ടടുത്ത ദിവസം മൂന്നു ലക്ഷം രൂപയുടെ വില്‍പനയും അതിനടുത്ത ദിവസം രണ്ട് ലക്ഷം രൂപയുടെ വില്‍പനയും നടന്നു. ഒരു കോടി രൂപയുടെ നഷ്ടത്തിന് മുന്നില്‍ മൂന്നു ദിവസം കൊണ്ട് ലഭിച്ച എട്ടര ലക്ഷം രൂപയുടെ നേട്ടം വലുതായിരുന്നില്ല. എന്നാല്‍ അതില്‍ നിന്നും ഫൈസല്‍ വലിയൊരു വിപണന തന്ത്രം കണ്ടെത്തുകയായിരുന്നു.

ഏറ്റവും കുറഞ്ഞ മാര്‍ജിന്‍ ലാഭം മതി

തന്റെ ബ്രാന്‍ഡിന്റെ വിജയത്തിന് വ്യത്യസ്തമായ ഒരു മോഡലാണ് ഇനി വേണ്ടതെന്നു ഫൈസലിന് മനസിലായി. ഏറ്റവും കുറഞ്ഞ മാര്‍ജിന്‍ ലാഭം നേടി, ഏറ്റവും ചുരുങ്ങിയ വിലക്ക് ജനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സക്‌സസ് എന്ന ബ്രാന്‍ഡിനെ ഉപഭോക്താക്കള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് മനസിലാക്കിയ ഫൈസല്‍ , ഈറോഡിലുള്ള സക്‌സസ് ഷോറൂമിനെ തന്റെ സ്ഥാപനത്തിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗമായി കണ്ടു. 1000 രൂപക്ക് 7 ഷര്‍ട്ടുകള്‍ വില്‍ക്കുമ്പോള്‍ ഒരു ഷര്‍ട്ടിന് 146 രൂപയാണ് വില ലഭിക്കുക. എന്നാല്‍ ആ ഷര്‍ട്ടിന്റെ യഥാര്‍ത്ഥ നിര്‍മാണ ചെലവ് 250 രൂപയോളം വരും. ഈ അവസ്ഥയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റ് ഉപഭോക്താക്കളെ നിലനിര്‍ത്തണമെങ്കില്‍ നിര്‍മാണച്ചെലവ് കുറക്കണം എന്ന് ഫൈസല്‍ മനസിലാക്കി.

ഇത് പ്രകാരം നിര്‍മാണ ചെലവ് കുറച്ചു. യാത്രകള്‍ നടത്തി ഗുണമേന്മയുള്ളതും എന്നാല്‍ വിലക്കുറവുള്ളതുമായ മെറ്റിരിയലുകള്‍ കണ്ടെത്തി. കുറഞ്ഞ ചെലവില്‍ തയ്യല്‍ യൂണിറ്റുകള്‍ നടത്തുന്നതിന് ആളുകളെ കണ്ടെത്തി പരിശീലനം നല്‍കി. പറയാന്‍ എളുപ്പമായിരുന്നു എങ്കിലും ഏതെല്ലാം പ്രാവര്‍ത്തികമാക്കുക എന്നത് അത്ര എലിപ്പമായിരുന്നില്ല. എന്നാല്‍ വിജയിക്കണം എന്ന ഇച്ഛാശക്തി ഫൈസലിന് താങ്ങായി. മറ്റ് വസ്ത്ര നിര്‍മാതാക്കള്‍ ഒരു ഉല്‍പ്പന്നത്തില്‍ നിന്നും വിലയുടെ 40 % ലാഭമായി നേടുമ്പോള്‍ ഫൈസലിന് ലഭിച്ചിരുന്നത് 10% ആയിരുന്നു. എന്നാല്‍ ആ പത്തു ശതമാനം ലാഭത്തില്‍ നിന്നും കാലാകാലം നിലനില്‍ക്കുന്ന ഉപഭോക്താക്കളെ സക്‌സസ് ഉണ്ടാക്കിയെടുത്തു.

ആയിരം രൂപക്ക് 7 ഷര്‍ട്ട്, 4 പാന്റ് , 4 ജീന്‍സ്

പ്രൊഡക്ഷന്‍ കോസ്റ്റും അമിത ലാഭവും കുറച്ചതോടെ കമ്പനി വീണ്ടും പയ്യെ പയ്യെ ലാഭത്തിലേക്ക് നടന്നു കയറാന്‍ തുടങ്ങി. ആയിരം രൂപ ബജറ്റില്‍ കൈ നിറയെ വസ്ത്രങ്ങള്‍ എന്നതായിരുന്നു സക്‌സസിന്റെ വില്‍പന തന്ത്രം. ഇത് പ്രകാരം ആയിരം രൂപക്ക് 7 ഷര്‍ട്ട്, 4 പാന്റ്, 4 ജീന്‍സ്, 8 ടീ ഷര്‍ട്ട് തുടങ്ങിയ ഓഫറുകള്‍ ഫൈസല്‍ കൊണ്ട് വന്നു. പിന്നീട് സ്ഥാപനം വളര്‍ന്നതിനനുസരിച്ച് 499 രൂപക്ക് 4 ഷര്‍ട്ട്, 799 രൂപക്ക് നാല് പാന്റ് അങ്ങനെ പലവിധ ഓഫറുകള്‍ കൊണ്ട് വന്നു. കടയില്‍ വസ്ത്രം വാങ്ങാന്‍ വരുന്നവര്‍ കൈ നിറയെ വസ്ത്രവും സംതൃപ്തമായ മനസുമായി മടങ്ങിപ്പോകാന്‍ തുടങ്ങിയതോടെ സക്‌സസ് തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറി. ഇന്നും സക്‌സസിന്റെ വിപണന തന്ത്രം ഇത് തന്നെ.

”മനുഷ്യ മനസിന്റെ സൈക്കോളജിയാണ് ഞാന്‍ ഇവിടെ കച്ചവട വിജയത്തിനായി വിനിയോഗിച്ചത്. ഒന്നിന്റെ വിലക്ക് പലത് നല്‍കുക. അപ്പോള്‍ ഉപഭോക്താക്കള്‍ സന്തുഷ്ടരാകും. ലാഭം കുറച്ച് വില്‍പന വര്‍ധിപ്പിക്കുക എന്ന തന്ത്രം പൊതുവെ ആരും പ്രയോഗിച്ചിട്ടില്ല എന്നതും സക്‌സസിന്റെ ബ്രാന്‍ഡിംഗില്‍ തുണയായി.മറ്റില്ലാവരുടെ വിപണനതന്ത്രം അതെ പടി പകര്‍ത്തി വിജയം നേടാനാവില്ല എന്നും, സ്വന്തം അനുഭവങ്ങളിലൂടെ നാം വികസിപ്പിക്കുന്ന വിപണനതന്ത്രം മറ്റാര്‍ക്കും പകര്‍ത്താനാവില്ലെന്നും സക്‌സസിന്റെ വിജയത്തിലൂടെ ഞാന്‍ പഠിച്ചു” സക്‌സസ് സിഇഒ ഫൈസല്‍ അഹമ്മദ് പറയുന്നു.

നിലവില്‍ തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിലായി ആറു ഷോറൂമുകളാണ് സക്‌സസിന് ഉള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക വിറ്റുവരവ് 50 കോടി രൂപയായിരുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 420 സ്റ്റോറുകള്‍ തുടങ്ങണം എന്നതാണ് ഫൈസല്‍ അഹമ്മദ് പദ്ധതിയിടുന്നത്. അതിനായുള്ള യാത്ര അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു. പരാജയം ഒന്നിന്റെയും അവസാനമല്ല എന്നും വിജയിക്കാനുള്ള മനസും ആത്മവിശ്വാസവുമാണ് ഒരു സംരംഭകന്റെ വിജയമന്ത്രമെന്നും തെളിയിക്കുന്നു ഫൈസല്‍ അഹമ്മദിന്റെ ‘സക്‌സസ്’.

Comments

comments

Categories: FK Special, Slider