ശ്രീലങ്കയ്ക്ക് കൂടുതല്‍ ഐഎംഎഫ് സഹായം വേണ്ടിവരും

ശ്രീലങ്കയ്ക്ക് കൂടുതല്‍ ഐഎംഎഫ് സഹായം വേണ്ടിവരും

കൊളംബോ: ഭീകരാക്രമണങ്ങളില്‍ വിറങ്ങലിച്ച ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലയെ ആഘാതത്തില്‍ നിന്ന് പരിരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് കൂടുതല്‍ സഹായം വേണ്ടിവന്നേക്കുമെന്ന് വിലയിരുത്തല്‍. ശ്രീലങ്കയുടെ പ്രധാന വിദേശ വരുമാന സ്രോതസായ വിനോദസഞ്ചാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് അഞ്ചു ശതമാനമാണ് സംഭാവന ചെയ്യുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന ഐഎസ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വരുമാനവും സാമ്പത്തിക വളര്‍ച്ചയും വലിയ തോതില്‍ മന്ദഗതിയിലാകാനാണ് സാധ്യത.

ഭീകരാക്രമണത്തിനുശേഷം ലങ്കന്‍ ഓഹരി വിപണികളില്‍ കാര്യമായ ഇടിവ് ദൃശ്യമാണ്. ആക്രമണത്തിനുശേഷം ചൊവാഴ്ച്ച ആദ്യമായി തുറന്നപ്പോള്‍ ശ്രീലങ്കന്‍ ഓഹരി സൂചികയില്‍ 3.63 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇന്നലെയാകട്ടെ രാജ്യത്തെ പ്രധാന ഓഹരി വിപണി (കൊളംബോ ഓഹരി വിപണി) 0.12 ശതമാനം കുറവോടെ 5,396.15 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപം കുറയുന്ന സാഹചര്യത്തില്‍ ഐഎംഎഫില്‍ നിന്ന് കൂടുതല്‍ തുക രാജ്യത്തിന് ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ശ്രീലങ്കക്ക് ഐഎംഎഫ് നല്‍കിയിരുന്ന 1.5 ബില്യണ്‍ ഡോളര്‍ വായ്പയുടെ കാലാവധി 2020 വരെ കഴിഞ്ഞമാസം ദീര്‍ഘിപ്പിച്ചിരുന്നു.

Categories: FK News, Slider
Tags: IMF, Srilanka