‘സൗദിയിലെ സാമ്പത്തിക വികസനം; ഇന്ത്യയ്ക്ക് അവസരങ്ങളേറെ’

‘സൗദിയിലെ സാമ്പത്തിക വികസനം; ഇന്ത്യയ്ക്ക് അവസരങ്ങളേറെ’

സൗദിവല്‍ക്കരണവും നികുതി വ്യവസ്ഥയും ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകില്ലെന്ന് സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ഹൈദരാബാദ്: സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിടുന്ന സൗദി അറേബ്യയില്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും തൊഴിലാളികള്‍ക്കും അവസരങ്ങള്‍ ഏറെയാണെന്ന് സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസഫ് സയിദ്. സൗദിവല്‍ക്കരണം, നികുതി സംവിധാനം തുടങ്ങിയ നടപടികളെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് സൗദിയിലുള്ള അവസരങ്ങള്‍ കുറയുമെന്ന അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി സൗദിയിലെ സാമ്പത്തിക വികസനം ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കമെന്ന് ഡോ.ഔസഫ് സയിദ് അഭിപ്രായമപ്പെട്ടു.

എണ്ണവ്യാപാരത്തിലുള്ള ആശ്രയത്വം കുറച്ച് കൊണ്ടുവരുന്നതിനായി വിഷന്‍ 2030 പദ്ധതി പ്രകാരം ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, വിനോദം, ടൂറിസം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് കൊണ്ട് സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കുകയാണ് സൗദി അറേബ്യ. സൗദി പദ്ധതിയിടുന്ന ഇത്തരം വികസന പദ്ധതികളില്‍ പങ്കാളികളാകുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇന്ത്യയില്‍ നിന്നുള്ള 300-350 കമ്പനികളാണ് സൗദിയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതെന്നും ഔസഫ് സയിദ് പറഞ്ഞു.

സൗദിയിലെ നികുതി സംവിധാനം, വിവിധ സേവനങ്ങള്‍ക്കായുള്ള ഫീസുകള്‍ വര്‍ധിപ്പിച്ച നടപടി എന്നിവ 2.7 മില്യണ്‍ ജനസംഖ്യയുമായി ശക്തരായ നിലകൊള്ളുന്ന സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയൊരു തിരിച്ചടിയാകില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് സയിദ് പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദി വല്‍ക്കരണത്തെ തുടര്‍ന്ന് ചില തൊഴില്‍ വിഭാഗങ്ങളില്‍ സൗദിക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെങ്കിലും ജോലിക്ക് വേണ്ടി ഇന്ത്യക്കാര്‍ സൗദിയിലേക്ക് പോകുന്ന പ്രവണത തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴിലുകള്‍ നല്‍കാന്‍ രാജ്യങ്ങള്‍ ബാധ്യസ്ഥരാണ്. സ്വദേശികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന തൊഴില്‍ മേഖലകള്‍ വിദേശീയര്‍ക്ക് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെടുന്നത് മോശമാണ്. അത് എല്ലാ രാജ്യങ്ങളുടെയും ദേശീയ ബാധ്യതയാണ”്. സൗദിവല്‍ക്കരണത്തെ കുറിച്ച് സയിദ് പറഞ്ഞു.

ഹൈദരാബാദ് സ്വദേശിയായ സയിദ് നേരത്തെ ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് പ്രതിനിധിയായും റിയാദിലെ സെക്കന്‍ഡ്/ഫസ്റ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ ഉത്തരവാദിത്വം വ്യക്തിപരമായി വെല്ലുവിളി ഉയര്‍ത്തുന്നതാണെങ്കിലും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും ഉന്നതനിലയില്‍ എത്തിയിരിക്കുന്ന അവസരത്തിലുള്ള നിയമനം വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാമ്പത്തികം, വ്യാപാരം, ഊര്‍ജ സുരക്ഷ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇരുരാഷ്ട്രങ്ങളും വളരെ സഹകരിച്ച് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടം ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണപത്രങ്ങളിലും കരാറുകളിലും പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായിരിക്കും അംബാസഡറെന്ന നിലയില്‍ താന്‍ പ്രഥമ പരിഗണന നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയിലെ 2.7 മില്യണ്‍ വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘സൗദി നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്നതിനായി സൗദി ഉദ്യോഗസ്ഥരുമായും ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും’. നികുതി സംവിധാനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നും ഇഖാമ ഫീസ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നും സൗദിയിലെ ഇന്ത്യന്‍ പ്രവാസികളുടെ കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ച് വരികയാണെന്ന റിപ്പോര്‍ട്ടിനോട് ഔസഫ് സയിദ് യോജിച്ചില്ല. ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ പ്രവാസികള്‍ കുട്ടികളെ ഇന്ത്യയിലേക്കോ മറ്റിടങ്ങളിലേക്കോ പറഞ്ഞയക്കുന്നത് സാധാരണമാണ്. ഉയര്‍ന്ന ജീവിതച്ചിലവുകള്‍ കാരണം ചില പ്രവാസികള്‍ക്ക് കുടുംബവുമായി സൗദിയില്‍ താമസിക്കുന്നത് വെല്ലുവിളിയാണെങ്കിലും ഇവരുടെ എണ്ണം കൂടിവരന്നുണ്ടെന്നത് വസ്തുതാ വിരുദ്ധമാണ്. ഇന്ത്യയില്‍ നിന്നുള്ള കുടുംബങ്ങള്‍ ഇപ്പോഴും സൗദിയില്‍ പോയി സുഖമായി താമസിക്കുന്നുണ്ടെന്നും സയിദ് അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 28നാണ് സയിദ് ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കുന്നത്. നേരത്തെ സീഷെല്‍സിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, യെമനിലെ ഇന്ത്യന്‍ അംബാസഡര്‍, ചിക്കാഗോ, ജിദ്ദ എന്നിവടങ്ങളിലെ കോണ്‍സുല്‍ ജനറല്‍ എന്നീ നിലകളിലും ഡോ. ഔസഫ് സയിദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia