ഉറക്കം സംബന്ധിച്ച മിത്തുകള്‍

ഉറക്കം സംബന്ധിച്ച മിത്തുകള്‍

ഉറക്കത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒരു പക്ഷേ ഉറക്കത്തെയും ആരോഗ്യത്തെയും ഹനിച്ചേക്കാം

ഉറക്കത്തെക്കുറിച്ചു വ്യാപകമായി കഴിഞ്ഞ തെറ്റിദ്ധാരണകള്‍ സത്യമറിയുമ്പോള്‍ നമ്മുടെ ഉറക്കം തന്നെ നഷ്ടപ്പെടുത്തിയേക്കാം. എത്ര സമയം ഉറങ്ങണം, സുഖകരമായ ഉറക്കത്തിന്റെ ലക്ഷണങ്ങളും എങ്ങനെയത് കൈവരിക്കമെന്ന ഉപദേശങ്ങളുമെല്ലാം യാഥാര്‍ത്ഥ്യത്തോടുക്കുമ്പോള്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും എന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഉറക്കം സംബന്ധിച്ച സത്യാവസ്ഥ തെളിയിക്കാന്‍ തുനിഞ്ഞിറങ്ങിയത്. ഇതിനായി ഉറക്കത്തെ സംബന്ധിച്ച പൊതുവായ മിത്തുകള്‍ ശേഖരിക്കുകയാണ് പഠനസംഘം ആദ്യം ചെയ്തത്. അവ എത്രമാത്രം തെറ്റാണെന്ന് വിവരിക്കാനും പട്ടികപ്പെടുത്താനും ഉറക്ക ശാസ്ത്ര വിദഗ്ധരോട് ആവശ്യപ്പെട്ടു. ഇത്തരം തെറ്റായ നിര്‍ദേശങ്ങള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് എത്രമാത്രം ദോഷം ചെയ്യും എന്ന് മനസിലാക്കാനാണിത്.

ഉറക്കം മനുഷ്യരുടെ ആരോഗ്യത്തിലും ക്ഷോമത്തിലും സുപ്രധാന പങ്കു വഹിക്കുന്നതായി ഗവേഷണത്തിനു നേതൃത്വം കൊടുക്കുന്ന റെബേക്ക റോബിന്‍സ് പറയുന്നു. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉറക്കത്തെക്കുറിച്ചുള്ള മിത്തുകള്‍ അഥവാ തെറ്റായ വിശ്വാസങ്ങള്‍ ജനങ്ങളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നു. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് പ്രകാരം മൂന്നിലൊന്ന് അമേരിക്കക്കാരും ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന ഏഴ് മണിക്കൂറില്‍ താഴെ മാത്രം ഉറക്കം കിട്ടുന്നവരാണ്. റെബേക്കയുടെ നേതൃത്വത്തില്‍ ഉറക്കത്തെ സംബന്ധിച്ച് 50ഓളം മിത്തുകള്‍ ശാസ്ത്രീയമായി പരിശോധിച്ചു. ഇവ ഒരോന്നും റേറ്റ് ചെയ്ത്, പൊതുജനാരോഗ്യത്തിന് ഏറ്റവും ഹാനികരമായ 20 മിത്തുകളിലേക്ക് പഠനം ചുരുക്കി. ഉറക്കദൈര്‍ഘ്യം, ഉറക്ക സമയം, ഉറക്ക പെരുമാറ്റരീതികള്‍, ഉറക്കത്തെ ബാധിക്കുന്ന പകല്‍സമയ പെരുമാറ്റം, പ്രീ-സ്ലീപ്പ് പെരുമാറ്റം, ഉറക്കത്തിലെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സംബന്ധിച്ച് മിഥ്യാധാരണകള്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.

മിത്തുകളില്‍ ഏറ്റവും വലുത് എവിടെയും എപ്പോള്‍ വേണമെങ്കിലും കിടന്ന് ഉറങ്ങാന്‍ കഴിയുന്നത് ആരോഗ്യകരമായ ഉറക്കശീലമായി കരുതുന്നതാണ്. സത്യത്തില്‍ ഉറക്കക്കുറവിന്റെ ലക്ഷണമാണിതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ പകല്‍ ഉറക്കം ഉറക്കക്കുറവിന്റെ പ്രാഥമിക ലക്ഷണമാണ്. മറ്റൊന്ന് പ്രായപൂര്‍ത്തിയായ ആരോഗ്യവാന്മാര്‍ക്ക് പരമാവധി അഞ്ച് മണിക്കൂര്‍ ഉറക്കം മതിയാകുമെന്ന ധാരണയാണ്. എന്നാല്‍ കുറഞ്ഞ ഉറക്കം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറക്ക സമയത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ കേള്‍ക്കാറുള്ള മിത്ത് രാത്രി നഷ്ടപ്പെടുന്ന ഉറക്കം പകല്‍ ഉറങ്ങി പരിഹരിക്കാമെന്നാണ്. എന്നാല്‍ രാത്രി ഷിഫ്റ്റിലെ തൊഴിലാളികളില്‍ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും വിഷാദരോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്കു വഴി വെക്കുമെന്നും പഠനസംഘം പറയുന്നു.

ഉറക്കരീതി സംബന്ധിച്ച ചില മിത്തുകളും വിദഗ്ധര്‍ പൊളിക്കുന്നു. ഉറക്കം വന്നില്ലെങ്കിലും കിടക്കയില്‍ കണ്ണടച്ചു കിടന്നാല്‍ മതിയെന്നാകും മിക്കവാറും പേര്‍ കേട്ടിട്ടുള്ള ഉപദേശം. എന്നാലിത് തെറ്റാണ്, പകരം ഉറക്കം വന്നില്ലെങ്കില്‍ കിടക്കയില്‍ നിന്നെഴുന്നേറ്റ് പോകുകയും ശല്യമായ മൊബീലിന്റെയോ ടിവിയുടെയോ വെളിച്ചം കെടുത്തിയ ശേഷം ഉറക്കം വരുമ്പോള്‍ കിടപ്പുമുറിയിലേക്കു മടങ്ങുകയുമാണു വേണ്ടത്. നല്ല ഉറക്കം സംബന്ധിച്ച സത്യവും മിഥ്യയും തിരിച്ചറിയുന്നത് മികച്ച ഉറക്കശീലം തിരഞ്ഞെടുക്കാനും ഉറക്കഘടന മെച്ചപ്പെടുത്താനും ഉപകരിക്കും. ഉറക്കത്തിലെ സ്വപ്നം ഓര്‍ക്കാന്‍ കഴിയുന്നത് നല്ല ഉറക്കത്തിന്റെ ലക്ഷണമല്ല, വളര്‍ത്തു മൃഗങ്ങളെ കിടക്കയില്‍ കൂടെ കൂട്ടുന്നതും നല്ല ശീലമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും ഉറക്കം പ്രധാനമാണ്, ഉറക്കത്തെ സ്വാധീനിക്കുന്ന എല്ലാ കാര്യങ്ങളും അപഗ്രഥിച്ച് അതില്‍ വേണ്ടത് കൊള്ളുകയും അല്ലാത്തവ തള്ളുകയും വേണമെന്ന് ഗവേഷണസംഘം നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health
Tags: Sleeping