റിലയന്‍സ് റീട്ടെയ്ല്‍ ഇ-കൊമേഴ്‌സ് ലോഞ്ചിന് അടിത്തറയൊരുങ്ങി

റിലയന്‍സ് റീട്ടെയ്ല്‍ ഇ-കൊമേഴ്‌സ് ലോഞ്ചിന് അടിത്തറയൊരുങ്ങി
  • റിലയന്‍സ് റീട്ടെയ്ല്‍ ഫൂഡ്-ഗ്രോസറി ആപ്ലിക്കേഷന്റെ പരീക്ഷണം ജീവനക്കാര്‍ക്കിടയില്‍ കമ്പനി ആരംഭിച്ചു
  • ഇന്ത്യന്‍ ടെലികോം മേഖലയില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടുള്ള ജിയോയുടെ പ്രവേശനം പോലെ തന്നെ വിപ്ലവകരമായിരിക്കും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്കുള്ള ആര്‍ഐഎല്ലിന്റെ അരങ്ങേറ്റവും

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയ്ല്‍ ഇ-കൊമേഴ്‌സ് ലോഞ്ചിന് അടിത്തറ ഒരുക്കികഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ ഇ-കൊമേഴ്‌സ് സംരംഭം അവതരിപ്പിക്കുന്നതിനുമുന്നോടിയായി തങ്ങളുടെ ഫൂഡ്-ഗ്രോസറി ആപ്ലിക്കേഷന്റെ പരീക്ഷണം കമ്പനി ജീവനക്കാര്‍ക്കിടയില്‍ ആരംഭിച്ചതായാണ് വിവരം. റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡിന്റെ 4ജി ടെലികോം സേവനം ആരംഭിക്കുന്നതിന് മുന്‍പും ഇതേ സ്ട്രാറ്റജിയാണ് റിലയന്‍സ് ഉപയോഗിച്ചത്.

ഈ വര്‍ഷം അവസാനത്തോടെ റിലയന്‍സ് ഫൂഡ്, ഗ്രോസറി ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായേക്കും. ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത് പ്രാദേശിക വ്യാപാരികള്‍ വഴിയായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ടെലികോം മേഖലയില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടുള്ള ജിയോയുടെ പ്രവേശനം പോലെ തന്നെ വിപ്ലവകരമായിരിക്കും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്കുള്ള ആര്‍ഐഎല്ലിന്റെ അരങ്ങേറ്റവും.

നിലവില്‍ യുഎസ് റീട്ടെയല്‍ ഭീമന്‍ ആമസോണും വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫഌപ്കാര്‍ട്ടും അടക്കിവാഴുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണിയില്‍ പുതിയ മത്സരത്തിന് തിരികൊളുത്താന്‍ റിലയന്‍സ് ഇ-കൊമേഴ്‌സ് സംരംഭം കാരണമായേക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ ആവശ്യകതയുള്ളത് ഭക്ഷ്യ, പലചരക്ക് സാധനങ്ങളുടെ വിഭാഗത്തിലാണെങ്കിലും ഈ വിഭാഗത്തിലുള്ള ഓണ്‍ലൈന്‍ വില്‍പ്പന ഇപ്പോഴും മുന്‍നിര നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയുടെ മൂന്നില്‍ രണ്ട് ഭാഗം പങ്കാളിത്തം വഹിക്കുന്നത് ഭക്ഷ്യ, പലചരക്ക് വിഭാഗമാണ്.

ഇ-കൊമേഴ്‌സ് മത്സരത്തിന് ഏറ്റവും അനുയോജ്യമാണ് റിലയന്‍സ് റീട്ടെയ്ല്‍. കമ്പനിക്ക് മതിയായ മൂലധന ശേഷിയും ഓഫ്‌ലൈന്‍ സാന്നിധ്യമുണ്ട്. മികച്ച ബ്രാന്‍ഡുകളും പലചരക്ക് വിഭാഗത്തില്‍ കാര്യമായ സ്വാധീനവും റിലയന്‍സിനുണ്ട്. ഈ ദീപാവലിക്ക് അല്ലെങ്കില്‍ അടുത്ത വര്‍ഷം എന്തായാലും റിലയന്‍സ് റീട്ടെയ്‌ലിന്റെ ഇ-കൊമേഴ്‌സ് സംരംഭം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫോറസ്റ്റര്‍ റിസര്‍ച്ചില്‍ നിന്നുള്ള മുതിര്‍ന്ന അനലിസ്റ്റ് സതീഷ് മീന അറിയിച്ചു. റിലയന്‍സ് ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിക്കുന്നത് മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ നിലനില്‍പ്പിനെ ബാധിക്കുമെങ്കിലും മേഖലയിലേക്ക് പുതിയ ഓണ്‍ലൈന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നും ഭക്ഷ്യ, പലചരക്ക് വിഭാഗത്തിന് ഇത് ഗുണം ചെയ്യുമെന്നും സതീഷ് മീന പറഞ്ഞു.

സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഹോള്‍സെയില്‍, സ്‌പെഷാലിറ്റി, ഓണ്‍ലൈന്‍ സ്‌റ്റോറുകളുമാണ് റിലയന്‍സ് റീട്ടെയ്‌ലിനുള്ളത്. 10,415 സ്‌റ്റോറുകള്‍ റിലയന്‍സ് റീട്ടെയ്‌ലിനുണ്ട്. ഇ-കൊമേഴ്‌സ് സംരംഭത്തിനായി തദ്ദേശീയ വ്യാപാരികളുമായി ധാരണയിലെത്താനാണ് ആര്‍ഐഎല്ലിന്റെ പദ്ധതി. ഓണ്‍ലൈന്‍-ടു-ഓഫ്‌ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് വഴി വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് നീക്കം. റിലയന്‍സ്‌സമാര്‍ട്ട് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴി കമ്പനി ഭക്ഷ്യ, പലചരക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനുകീഴില്‍ വ്യാപാരികളെ സംയോജിപ്പിക്കാനാണ് റിലയന്‍സിന്റെ പദ്ധതി. ജിയോയുടെയും റീട്ടെയ്ല്‍ കാഷ് ആന്‍ഡ് കാരി മോഡലിന്റെയും ശക്തി സംയോജിപ്പിക്കുന്നതിനുള്ള ആര്‍ഐഎല്ലിന്റെ ആദ്യ ശ്രമാണ് ഫൂഡ്, ഗ്രോസറി ആപ്പ് തൊഴിലാളികള്‍ക്കിടയില്‍ ലഭ്യമാക്കിയത്. റിലയന്‍സ് റീട്ടെയ്‌ലും ജിയോയും ചേര്‍ന്ന് പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ജനുവരിയിലാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഇതിന്റെ സേവനം ലഭിക്കുന്ന ആദ്യ സംസ്ഥാനം ഗുജറാത്ത് ആയിരിക്കുമെന്നും അംബാനി പ്രഖ്യാപിച്ചിരുന്നു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഗ്രൂപ്പിന്റെ പകുതിയോളം വരുമാനം ഉപഭോക്തൃ ബിസിനസില്‍ നിന്നും നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇകൊമേഴ്‌സ് രംഗത്തേക്ക് അംബാനി കടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.3 ട്രില്യണ്‍ രൂപയുടെ വിറ്റുവരവാണ് റിലയന്‍സ് റീട്ടെയ്ല്‍ നേടിയത്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനം വര്‍ധിച്ചു. 6,600 നഗരങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

18 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയ്‌ലിന്റെ മൊത്തം മൂല്യമെന്ന് ജെഫറീസ് പറയുന്നു. രാജ്യത്തെ മൊത്തം റീട്ടെയ്ല്‍ വിപണിയുടെ മൂന്ന് ശതമാനം വരുമിത്. 2030ഓടെ ഇന്ത്യയില്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലിന്റെ പങ്കാളിത്തം എട്ട് ശതമാനം വര്‍ധിച്ച് 170 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ജെഫറീസ് പറയുന്നത്.

Comments

comments

Categories: FK News

Related Articles