ആര്‍ബിഐ സ്വര്‍ണ്ണ നിക്ഷേപം ഉയര്‍ത്തുന്നു; 46.7 ടണ്‍ വാങ്ങും

ആര്‍ബിഐ സ്വര്‍ണ്ണ നിക്ഷേപം ഉയര്‍ത്തുന്നു; 46.7 ടണ്‍ വാങ്ങും
  • ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ റിസര്‍വ് ബാങ്കിന്റെ ശ്രമം
  • നിലവില്‍ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ പത്താമത്; കൈവശം 609 ടണ്‍ സ്വര്‍ണ്ണം
  • കഴിഞ്ഞ വര്‍ഷം 274 ടണ്‍ സ്വര്‍ണ്ണം സംഭരിച്ച റഷ്യ ഒന്നാമത്; യുഎസിന്റെ കരുതല്‍ ശേഖരത്തിന്റെ 70% സ്വര്‍ണ്ണം

ന്യൂഡെല്‍ഹി: കറന്‍സി സ്വാശ്രയത്വം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് സ്വര്‍ണ്ണത്തിന്റെ കരുതല്‍ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഡോളറിലുള്ള വിദേശനാണ്യ കരുതല്‍ ശേഖരം കുറയ്ക്കാനും യുഎസ് ഡോളറിന് ഇന്ത്യന്‍ കറന്‍സിയുടെ മേലുള്ള സ്വാധീനം പരിമിതപ്പെടുത്താനുമാണ് ആര്‍ബിഐയുടെ ഉദ്ദേശ്യം. നടപ്പ് വര്‍ഷം ഇതിനായി 46.7 ടണ്‍ (1.5 ദശലക്ഷം ഔണ്‍സ്) സ്വര്‍ണ്ണക്കട്ടികള്‍ കേന്ദ്ര ബാങ്ക് വാങ്ങും. കഴിഞ്ഞ വര്‍ഷം 42 ടണ്‍ സ്വര്‍ണ്ണമായിരുന്നു ബാങ്ക് വിദേശത്തു നിന്ന് വാങ്ങിയിരുന്നത്. 2019 ലെ ആദ്യ രണ്ട് മാസങ്ങളിലെ സ്വര്‍ണ്ണം വാങ്ങലിന്റെ രീതി പരിശോധിച്ച ഓവര്‍സീ-ചൈനീസ് ബാങ്കിംഗ് കോര്‍പ്പറേഷനിലെ സാമ്പത്തിക വിദഗ്ധനായ റോസ് സ്ട്രാച്ചനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയും റഷ്യയും ഡോളറിനെതിരെ മേല്‍ക്കൈ നേടാന്‍ നടത്തുന്ന ആക്രമണോല്‍സുകമായ സ്വര്‍ണ്ണം വാങ്ങലിന് സമാനമായ നീക്കമാണ് ഇന്ത്യയില്‍ നിന്നും ഉണ്ടാകുകയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ വര്‍ഷം 274 ടണ്‍ സ്വര്‍ണ്ണം സംഭരിച്ച റഷ്യയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം സംഭരിക്കപ്പെട്ട സ്വര്‍ണ്ണം 651.5 ടണ്ണാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം ഇത് റെക്കോഡാണ്. നടപ്പ് വര്‍ഷം കരുതല്‍ സ്വര്‍ണ്ണ സംഭരണം 700 ടണ്‍ കടക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

യുഎസുമായുള്ള വ്യാപാര കമ്മി ഉയരുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ചതുമാണ് ആര്‍ബിഐയെ ഡോളറില്‍ നിന്ന് സ്വര്‍ണ്ണത്തിലേക്ക് ചുവടുമാറ്റാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ വിദേശ കരുതല്‍ ധനശേഖരം ഉയര്‍ന്നു നില്‍ക്കുകയും വിദേശ നിക്ഷേപം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നത്, രൂപയുടെ മൂല്യം താഴ്ത്തി നിര്‍ത്താനും കയറ്റുമതി വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബിസിനസ് മേധാവിയായ ശേഖര്‍ ഭണ്ഡാരി പറയുന്നു.

ആഗോള തലത്തില്‍ രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരത സജീവമായതോടെയാണ് ഡോളറില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണ്ണത്തിലേക്ക് കരുതല്‍ നിക്ഷേപം മാറ്റാന്‍ രാജ്യങ്ങള്‍ താല്‍പ്പര്യം കാണിക്കുന്നത്. യുഎസുമായി വ്യാപാര യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ചൈന സമീപ മാസങ്ങളിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താവായതില്‍ അത്ഭുതപ്പെടാനില്ലെന്ന് ഓവര്‍സീ-ചൈനീസ് ബാങ്കിംഗ് കോര്‍പ്പറേഷനിലെ വിശകലന വിദഗ്ധനായ ലീ സെംഗ് വീ അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ സ്വര്‍ണ്ണ ഖനി

രാജ്യത്തിന്റെ കരുതല്‍ സ്വര്‍ണ്ണ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്. 2019 ജനുവരി, ഫെബ്രുവരി മാസത്തെ ശക്തമായ വാങ്ങലിന്റെ കൂടി പശ്ചാത്തലത്തില്‍ കരുതല്‍ ശേഖരം 609 ടണ്ണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ ലോകത്ത് പത്താം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ജര്‍മനിയുടെയും യുഎസിന്റെയും കരുതല്‍ സേഖരത്തില്‍ 70 ശതമാനവും സ്വര്‍ണ്ണമാണ്. അതേ സമയം ഇന്ത്യയുടെ ആകെ കരുതല്‍ ശേഖരത്തിന്റെ 6.4 ശതമാനം മാത്രമാണ് സ്വര്‍ണ്ണം. 42 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ കഴിഞ്ഞ വര്‍ഷം വാങ്ങിയതെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) വ്യക്തമാക്കുന്നു. റഷ്യ 2018 ല്‍ വാങ്ങിക്കൂട്ടിയത് 274 ടണ്‍ സ്വര്‍ണ്ണമാണ്. റഷ്യ, ചൈന, ഇന്ത്യ, കസാഖ്സ്ഥാന്‍, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം സ്വര്‍ണ്ണം വാങ്ങി സംഭരിക്കുന്നത്. 2019 ല്‍ ആഗോള സ്വര്‍ണ്ണ കരുതല്‍ ശേഖരത്തിലേക്ക് 700 ടണ്‍ സ്വര്‍ണ്ണം ശേഖരിക്കപ്പെടുമെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍

സ്വര്‍ണ്ണത്തിന്റെ ശേഖരങ്ങള്‍

രാജ്യം സ്വര്‍ണ്ണം

യുഎസ് 8,133 ടണ്‍

ജര്‍മനി 3,381 ടണ്‍

ഇറ്റലി 2,451 ടണ്‍

ഫ്രാന്‍സ് 2,435 ടണ്‍

ചൈന 1,797 ടണ്‍

റഷ്യ 1,460 ടണ്‍

സ്വിറ്റ്‌സര്‍ലന്‍ഡ് 1,040 ടണ്‍

ജപ്പാന്‍ 765 ടണ്‍

നെതര്‍ലന്‍ഡ്‌സ് 612 ടണ്‍

ഇന്ത്യ 609 ടണ്‍

Categories: Business & Economy, Slider