തെരഞ്ഞെടുപ്പിന് ശേഷം നിതി ആയോഗ് 2.0

തെരഞ്ഞെടുപ്പിന് ശേഷം നിതി ആയോഗ് 2.0

സമിതിയുടെ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം

ന്യൂഡെല്‍ഹി: അടിമുടി നവീകരണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശ സമിതിയായ നിതി ആയോഗ്. പൊതുതെരഞ്ഞെടുപ്പിനുശേഷം രണ്ടാം പതിപ്പിലേക്ക് (നിതി ആയോഗ് 2.0) മാറാനാണ് പദ്ധതി. കഴിഞ്ഞ മാസം ആദ്യ വാരം മൊഹാലിയിലെ ഇന്ത്യന്‍ സകൂള്‍ ഓഫ് ബിസിനസ് കാംപസില്‍ ചേര്‍ന്ന നിതി ആയോഗ് യോഗത്തില്‍ 2015 ജനുവരി ഒന്നിന് രൂപീകൃതമായതിനുശേഷമുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത്, ആയോഗ് അംഗങ്ങളായ രമേഷ് ചന്ദ്, വി കെ സ്വാരസ്വത് തുടങ്ങിയവര്‍ പങ്കെടുത്ത പ്രസ്തുത യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നയ ശുപാര്‍ശകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പദ്ധതികള്‍ പരീക്ഷിക്കുന്നതിനായുള്ള ഫണ്ടിന്റെ അപര്യാപ്തത, ആയോഗിനുള്ളില്‍ വിദ്യാഭ്യാസം, വിനോദസഞ്ചാരം പോലുള്ള പ്രധാന സാമൂഹ്യ മേഖലകളില്‍ നേരിടുന്ന നൈപുണ്യ വിടവ്, സമതി ഉപാധ്യക്ഷ്യനും അധ്യക്ഷനായ പ്രധാനമന്ത്രിയും തമ്മിലുള്ള മികച്ച ആശയവിനിമയത്തിന്റെ ആവശ്യകത എന്നിവയെല്ലാം വിഷയങ്ങളായ യോഗം നിതി ആയോഗിന്റെ രൂപീകരണത്തിനുശേഷം ചേരുന്ന ഇത്തരത്തിലുള്ള ആദ്യ യോഗമായിരുന്നു. യോഗ തീരുമാനങ്ങളുടെ ചുരുക്കം സമിതി അധ്യക്ഷനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിക്കുമെന്നും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നവീകരണ തീരുമാനമെടുക്കുമെന്നുമാണ് അറിയുന്നത്.

പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് നിതി ആയോഗിന് സാമ്പത്തിക അധികാരങ്ങള്‍ നല്‍കണമെന്നും ആയോഗിന്റെ ഉപാധ്യക്ഷന്‍ ധനകാര്യ മന്ത്രിസഭാ യോഗങ്ങളിലെ സ്ഥിരം ക്ഷണിതാവായിരിക്കണമെന്നും സാമ്പത്തിക കമ്മീഷന്‍ മുന്‍ ചെയര്‍മാനായ വിജയ് കേല്‍ക്കര്‍ അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ആസൂത്രണ കമ്മീഷനു ബദലായി 2015 ജനുവരി ഒന്നിനാണ് എന്‍ഡിഎ സര്‍ക്കാര്‍ നിതി ആയോഗിന് രൂപം നല്‍കുന്നത്. ഇത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Comments

comments

Categories: Current Affairs