പുതിയ ആള്‍ട്ടോ 800 വിപണിയില്‍

പുതിയ ആള്‍ട്ടോ 800 വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 2.94 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ആള്‍ട്ടോ 800 വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് പുതിയ ആള്‍ട്ടോ 800. 2.94 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് മോഡലിന് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില.

നിലവിലെ അതേ 796 സിസി, 3 സിലിണ്ടര്‍ എന്‍ജിനാണ് 2019 ആള്‍ട്ടോ 800 മോഡലിന് കരുത്തേകുന്നത്. എന്നാല്‍ ഈ മോട്ടോര്‍ ഇപ്പോള്‍ ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്. ബിഎസ് 6 എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ഫേസ്‌ലിഫ്റ്റ് ചെയ്ത ആള്‍ട്ടോ 800 കാറിലെ ഡിസൈന്‍ മാറ്റങ്ങള്‍ മുന്‍വശത്ത് മാത്രമായി ഒതുക്കിയിരിക്കുന്നു. മുന്നില്‍ പുതിയ ഗ്രില്‍, നീളമേറിയ ഹെഡ്‌ലാംപുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ബംപര്‍, പരിഷ്‌കരിച്ച ഫെന്‍ഡറുകള്‍ എന്നീ മാറ്റങ്ങള്‍ കാണാം. കാറിനകത്ത് ഇരട്ട നിറം നല്‍കിയിരിക്കുന്നു. പുതിയ എയര്‍ കണ്ടീഷണര്‍ വെന്റുകള്‍ നല്‍കുന്നതിനായി ഡാഷ്‌ബോര്‍ഡ് പരിഷ്‌കരിച്ചു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ളതാണ് 2 ഡിന്‍ ഓഡിയോ സിസ്റ്റം.

വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) സഹിതം ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. പ്രാബല്യത്തിലാകാന്‍ പോകുന്ന ക്രാഷ്, പെഡസ്ട്രിയന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുകൂടിയാണ് പുതിയ ആള്‍ട്ടോ 800 എന്ന് മാരുതി സുസുകി അറിയിച്ചു.

നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളല്‍ 25 ശതമാനം കുറയ്ക്കുന്നതാണ് പുതിയ ബിഎസ് 6 എന്‍ജിന്‍. എന്‍ജിന്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ എന്നിവ പരിഷ്‌കരിച്ചാണ് മാരുതി സുസുകി ഈ നേട്ടം കൈവരിച്ചത്. എന്‍ഡ് ഓഫ് ലൈഫ് വെഹിക്കിള്‍സ് (ഇഎല്‍വി) പാലിക്കുന്നതുകൂടിയാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ആള്‍ട്ടോ 800. വീണ്ടെടുക്കാവുന്ന ഘടകങ്ങള്‍ 95 ശതമാനത്തിലധികവും വീണ്ടും ഉപയോഗിക്കാവുന്ന ഘടകങ്ങള്‍ 85 ശതമാനവും ഉപയോഗിച്ചിരിക്കുന്നു.

വേരിയന്റ് വില

സ്റ്റാന്‍ഡേഡ് 2,93,689 രൂപ

എല്‍എക്‌സ്‌ഐ 3,50,375 രൂപ

വിഎക്‌സ്‌ഐ 3,71,709 രൂപ

Comments

comments

Categories: Auto
Tags: Alto 800