തൊഴിലവസരത്തില്‍ വിപ്ലവം സൃഷ്ടിക്കാം ചെറുകിടസംരംഭങ്ങള്‍ക്ക്

തൊഴിലവസരത്തില്‍ വിപ്ലവം സൃഷ്ടിക്കാം ചെറുകിടസംരംഭങ്ങള്‍ക്ക്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതാണ് എംഎസ്എംഇ എന്നറിയപ്പെടുന്ന സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭകമേഖല. എന്നാല്‍ ഈ രംഗത്തിന്റെ പൂര്‍ണ സാധ്യതകള്‍ ഇതുവരെ നാം ഉപയോഗപ്പെടുത്തിയിട്ടില്ല. മാറുന്ന കാലത്ത് എംഎസ്എംഇ രംഗത്തും നവീകരണം വരേണ്ടത് അനിവാര്യമാണ്

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ ഹൃദയമാണ്. അവയുടെ വിപ്ലവകരമായ സമീപനം രാജ്യത്തെ ഏറെ ദൂരം കൊണ്ടെത്തിച്ചുവെങ്കിലും ഈ മേഖലയുടെ യഥാര്‍ത്ഥ് സാധ്യതകള്‍ ഇതുവരെ നാം പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കും നൈപുണ്യപരിശീലനം ആര്‍ജിക്കേണ്ട തൊഴിലാളികള്‍ക്കുമിടയില്‍ ഒരു വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. ഇതാണ് പലപ്പോഴും മേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നത്.

എല്ലാത്തിലും സാങ്കേതികവിദ്യയാണ് മുന്നില്‍ നില്‍ക്കുന്നത് എന്നതിനാല്‍ എത്ര പേരെ ജോലിക്കെടുക്കുന്നു എന്നതില്‍ അത്ര വലിയ കാര്യമുണ്ടോയെന്നത് സംശയമാണ്. ശരിയായ രീതിയില്‍ ആളുകളെ ജോലിക്കെടുക്കുക എന്നതാണ് പ്രധാനം. അതേസമയം ഈ മേഖലയില്‍ പ്രകടമായ വളര്‍ച്ചയുണ്ടായെങ്കിലും ക്രമാനുഗതമായ ആവശ്യകതകള്‍ നിറവേറ്റുന്നതിന് നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യകതയുമുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പ്രതിവര്‍ഷം 14.9 മില്യണ്‍ തൊഴിലുകളാണ് എംഎസ്എംഇ മേഖല കൂട്ടിച്ചേര്‍ത്തതെന്നാണ് കോണ്‍ഫെഡെറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അടുത്തിടെ പുറത്തുവിട്ട ഒരു സര്‍വെ വ്യക്തമാക്കുന്നത്.

ലേബര്‍ ബ്യൂറോയുടെ കണക്കനുസരിച്ച് 2017-18ലെ മൊത്തം തൊഴില്‍ ശക്തി 450 മില്യണാണ്. മൊത്തത്തിലുള്ള തൊഴില്‍ കൂട്ടിച്ചേര്‍ക്കലില്‍ എംഎസ്എംഇയുടെ സംഭാവന പ്രതിവര്‍ഷം 13.5-14.9 മില്യണാണ് എന്ന് സിഐഐ പറയുന്നു. ഇത്തരത്തിലുള്ള പോസിറ്റീവ് ഫലങ്ങളുണ്ടെങ്കിലും മേഖലയില്‍ തൊഴില്‍ ലഭ്യത കുറവാണെന്ന് ആളുകള്‍ വാദിക്കുന്നു. ഇത് എന്താണ് സൂചിപ്പിക്കുന്നത്?

സ്ഥിരതയുടെ അഭാവം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഇന്ത്യയിലെ തൊഴില്‍ വളര്‍ച്ചയുടെ സുപ്രധാന ഘടകമാണ്. അടുത്ത നാല്, അഞ്ച് വര്‍ഷത്തിനുള്ളില്‍ എംഎസ്എംഇ മേഖലയ്ക്ക് ഒരു കോടി തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ സ്ഥിരതയുടെ പ്രശ്‌നം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും എന്‍ആര്‍ഐ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് സൊലൂഷന്‍സ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പറയുന്നു. അതായത്, തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാലും ആ തൊഴിലുകളുടെ സ്ഥിരത ഒരു പ്രശ്‌നമാണെന്ന് സാരം.

ഇന്ന് എംഎസ്എംഇകളിലെ അവസരമെന്നത് ഏറ്റവും അസ്ഥിരമായ ഒന്നാണ്-ഒഎന്‍ജിഒ ഫ്രെയിംവര്‍ക് സ്ഥാപകനും സിഇഒയുമായ രാമ കൃഷ്ണകുപ്പ പറയുന്നു.

ഉപജീവനമാര്‍ഗ്ഗത്തിന്, സ്വയം നിലനില്‍ക്കുന്നതിന് അല്ലെങ്കില്‍ മേഖലയില്‍ വളരുന്നതിനുമൊക്കെയാണ് ഒരു തൊഴില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ഇത്തരത്തിലുള്ളൊരു സ്ഥിരത എംഎസ്എംഇ മേഖല പ്രദാനം ചെയ്യുന്നില്ല. ആവശ്യകത ഉയരുന്നുണ്ട്, എന്നാല്‍ വ്യവസായം വേണ്ടത്ര സുരക്ഷ നല്‍കുന്നില്ല. എംഎസ്എംഇയിലെ അരക്ഷിതാവസ്ഥ പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തൊഴില്‍ശക്തിയുടെ ഭൂരിഭാഗവും പ്രതിനിധീകരിക്കുന്ന ഈ മേഖല ഇന്ത്യയുടെ കയറ്റുമതി, നിര്‍മാണ മേഖലയിലേക്ക് സമഗ്ര സംഭാവനയാണ് നല്‍കുന്നത്.

എംഎസ്എംഇ മേഖല മാനുഫാക്ചറിംഗ് മേഖലയിലേക്ക് 3.6 കോടി (70%) തൊഴിലുകള്‍ സംഭാവന ചെയ്‌തെന്ന് എംഎസ്എംഇ മന്ത്രാലയത്തിന്റെ 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ലോകത്തുടനീളം സംഭവിക്കുന്ന സാങ്കേതികവിദ്യാ മാറ്റങ്ങള്‍, ഉപഭോക്തൃ സ്വഭാവ വ്യതിയാനങ്ങള്‍ തുടങ്ങിയവയിലുള്ള നിരവധി പ്രവണതകളുടെ സ്വാധീനത്താലാണ് മാനുഫാക്ചറിംഗ് പശ്ചാത്തലം എല്ലായ്‌പ്പോഴും രൂപപ്പെടുന്നത്. അസ്ഥിരതാ ഘടകത്തെ സാങ്കേതികവിദ്യയുടെ വ്യാപനം കൂടുതല്‍ വര്‍ധിപ്പിക്കുന്നു.

നൈപുണ്യ അന്തരം

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന സംവിധാനത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) സങ്കേതങ്ങളെ സ്വീകരിക്കാന്‍ തയാറായിട്ടുണ്ട്. സാവധാനമാണെങ്കില്‍ കൂടി തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം ഹൈടെക് റോബോട്ടുകളിലേക്കും അവയെത്തിച്ചേരും.

ടെക് നീവകരണ നേട്ടങ്ങള്‍ കണ്ടെത്തിയതിനാല്‍ സാങ്കേതികമായി പുരോഗമനത്തിന്റെ പാതയിലാണ് എംഎസ്എംഇകള്‍-കണക്റ്റ് ഇന്ത്യ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ എല്‍ ആര്‍ ശ്രീധര്‍ പറയുന്നു. തൊഴില്‍ സൃഷ്ടി പോസിറ്റീവ് ആണെങ്കില്‍ ഇരുതലങ്ങളിലുമുള്ള തൊഴിലാളികള്‍ക്കിടയില്‍ താല്‍ക്കാലിക വിഭജനമുണ്ടാകും. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം മേഖലയില്‍ പ്രകടമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. എന്നാല്‍ ശരിയായ നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ആവശ്യകത കൂടി ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനസൗകര്യ വെല്ലുവിളികള്‍

എംഎസ്എംഇകള്‍ അവരുടെ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ അഭൂതപൂര്‍വമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് വഹിക്കുന്നു. ലാഭകരമായ തൊഴില്‍, സാമൂഹിക സംരംഭക അവസരങ്ങള്‍ എന്നിവ വഴി തന്റെ കമ്പനിക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ 500,000 തൊഴിലുകള്‍ സൃഷ്ടിക്കാനാവുമെന്ന് ജനജല്‍ കമ്പനി സിഎംഡി പരാഗ് അഗര്‍വാള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെയും അധികാരികളുടെയും പിന്തുണയുടെ അഭാവം അവസരം തടസപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് സിഐഐ സര്‍വേയും നിരീക്ഷിച്ചിരുന്നു.

എംഎസ്എംഇ വിഭാഗത്തിലെ തൊഴിലില്‍ ആരോഗ്യകരമായ വളര്‍ച്ചയാണുള്ളതെന്ന് സമീപകാലത്തെ റിപ്പോര്‍ട്ടുകളെല്ലാം തന്നെ ചൂണ്ടിക്കാട്ടുന്നു. പുതിയ സാങ്കേതികവിദ്യയുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യവസായത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും നടന്നു വരികയാണ്.

വെല്ലുവിളികള്‍

  • സ്ഥിരതയാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രധാന വെല്ലുവിളി
  • കൃത്രിമ ബുദ്ധിയുടെ വ്യാപനം തൊഴില്‍ ശക്തിയെ ബാധിക്കുമോയെന്ന ആശങ്ക
  • നിലവിലുള്ള തൊഴിലാളികളുടെ നൈപുണ്യ പരിശീലന നിലവാരം മെച്ചപ്പെടുത്തുക

വലിയ അവസരങ്ങള്‍

  • ചെറുകിട, ഇടത്തരം സംരംഭകമേഖലയാണ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
  • മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ തുറന്നിടുന്നത് വലിയ അവസരങ്ങള്‍
  • കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പ്രതിവര്‍ഷം 14.9 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിച്ചു

Comments

comments

Categories: Top Stories