മൊബീല്‍ ബാങ്കിംഗില്‍ പേടിഎം പേമെന്റ്‌സ് ബാങ്കിന്റെ വിഹിതം ഇടിഞ്ഞു

മൊബീല്‍ ബാങ്കിംഗില്‍ പേടിഎം പേമെന്റ്‌സ് ബാങ്കിന്റെ വിഹിതം ഇടിഞ്ഞു

ഫെബ്രുവരിയില്‍ രാജ്യത്തെ മൊബീല്‍ ബാങ്കിംഗ് വ്യാപ്തിയില്‍ പേടിഎം പേമെന്റ്‌സ് ബാങ്കിന്റെ വിഹിതം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 26 ശതമാനം വിഹിതമായിരുന്നു പേടിഎമ്മിന് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഫെബ്രുവരിയിലത് 18 ശതമാനമായി. എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും മുന്നേറ്റമാണ് ഇതിന് പ്രധാന കാരണമായത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 739 മില്യണ്‍ മൊബീല്‍ ബാങ്കിംഗ് ഇടപാടുകള്‍ നടന്നതില്‍ 133 മില്യണ്‍ ഇടപാടുകളാണ് പേടിഎം രേഖപ്പെടുത്തിയത്. 130 മില്യണ്‍ ഇടപാടുകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊട്ടടുത്ത സ്ഥാനത്ത് തന്നെയുണ്ട്. 17.6 ശതമാനം വിഹിതമാണ് എസ്ബി ഐക്കുള്ളത്. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ 18.35 ശതമാനം ഉണ്ടായിരുന്ന സ്ഥാനത്താണിത്. 39 മില്യണ്‍ ഇടപാടുകളാണ് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിലൂടെ നടന്നത്. 5.3 ശതമാനം വിപണി വിഹിതം എയര്‍ടെല്‍ സ്വന്തമാക്കി.

എച്ച്ഡിഎഫ്‌സി ബാങ്കിന് മൊബീല്‍ ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന 1.59 ശതമാനം വിഹിതം 6.65 ശതമാനത്തിലേക്ക് ഉയര്‍ന്നു. മൊത്തം മൊബീല്‍ ബാങ്കിംഗ് ഇടപാടുകളുടെ എണ്ണത്തില്‍ 231 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2018 ഫെബ്രുവരിയില്‍ 223.25 മില്യണ്‍ ഇടപാടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Comments

comments

Categories: Banking