എംജി ഹെക്ടര്‍ എസ്‌യുവി ഈ മാസം 29 ന് നിര്‍മ്മിച്ചുതുടങ്ങും

എംജി ഹെക്ടര്‍ എസ്‌യുവി ഈ മാസം 29 ന് നിര്‍മ്മിച്ചുതുടങ്ങും

ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം. വൈകാതെ പുറത്തിറക്കും

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവി ഈ മാസം 29 ന് നിര്‍മ്മിച്ചുതുടങ്ങും. ഇതേതുടര്‍ന്ന് എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഉല്‍പ്പന്നം വൈകാതെ പുറത്തിറക്കും. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം. തുടക്കത്തില്‍, 5 സീറ്റ് വേര്‍ഷന്‍ ഹെക്ടര്‍ എസ്‌യുവി ആയിരിക്കും വിപണിയിലെത്തിക്കുന്നത്. 15-20 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. നിലവില്‍ ഡീലര്‍മാരെ നിയമിക്കുന്നതിന്റെ തിരക്കിലാണ് എംജി മോട്ടോര്‍ ഇന്ത്യ. ജൂണ്‍ മാസത്തോടെ ഇന്ത്യയില്‍ അമ്പത് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.

1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, എഫ്‌സിഎയില്‍നിന്ന് വാങ്ങിയ 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകളുടെയും കൂടെ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെയ്ക്കും. ടര്‍ബോ-പെട്രോള്‍ മോട്ടോറിന് 6 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനായിരിക്കും. ഹെക്ടര്‍ എസ്‌യുവിയുടെ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റും എംജി മോട്ടോര്‍ ഇന്ത്യ വിപണിയിലെത്തിക്കും.

എംജി മോട്ടോറിന്റെയും ഇന്ത്യയിലെയും ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി വിപണി വാഴാനെത്തുന്നത്. ഐ-സ്മാര്‍ട്ട് എന്ന ആധുനിക കണക്റ്റിവിറ്റി സംവിധാനമാണ് എംജി ഹെക്ടറിന്റെ ഏറ്റവും വലിയ സവിശേഷത. സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍ ടെക്‌നോളജി കമ്പനികളുടെ സഹകരണത്തോടെയാണ് ഐ-സ്മാര്‍ട്ട് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യ, ബില്‍റ്റ്-ഇന്‍ ആപ്പുകള്‍, കൃത്രിമ ബുദ്ധി (എഐ), സ്മാര്‍ട്ട് ഫീച്ചറുകള്‍, വോയ്‌സ് അസിസ്റ്റ്, ഇന്‍ഫൊടെയ്ന്‍മെന്റ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഐ-സ്മാര്‍ട്ട് കണക്റ്റിവിറ്റി സിസ്റ്റം.

Comments

comments

Categories: Auto
Tags: MG Hector