കായിക വികസനത്തിന് വഴിതെളിച്ച് ഖേലോ ഇന്ത്യ

കായിക വികസനത്തിന് വഴിതെളിച്ച് ഖേലോ ഇന്ത്യ

ആധുനിക രാഷ്ട്രത്തിന്റെ നിര്‍മാണ ഘട്ടത്തില്‍ കായിക മേഖലയ്ക്ക് അത്യധികം പ്രാധാന്യമാണുള്ളത്. ജനങ്ങളുടെ പൊതു മാനസിക, ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴില്‍ സൃഷ്ടിക്കും ഗുണം ചെയ്യുന്നതാണ് ഈ മേഖലയിലെ വികസനം. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഭാവി കായിക താരങ്ങളെ വെള്ളിവെളിച്ചത്തേക്കെത്തിക്കുക എന്നതിനപ്പുറം രാജ്യത്തിന്റെ വികസനത്തിലും സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്.

സിദ്ധാര്‍ത്ഥ ഉപാധ്യായ്

ഒരു നേരംപോക്ക് ഗൗരവമായി എടുത്തിട്ടുള്ള ആര്‍ക്കും അല്ലെങ്കില്‍ സമര്‍പ്പണമനോഭാവത്തോടെ ഒരു കായിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാള്‍ക്കും സാമൂഹിക ഐക്യം കെട്ടിപ്പടുക്കാന്‍ കായിക ഇനങ്ങള്‍ക്കുള്ള കഴിവ് മനസിലാകും. ഇത് മാറ്റങ്ങളെ സ്വാധീനിക്കുകയും ഭാവിയുടെ വികസനത്തെയും സാമൂഹിക പെരുമാറ്റത്തെയും വലിയ രീതിയില്‍ നിയന്ത്രിക്കുകയും ചെയ്യും. പതിനഞ്ചാം വയസു മുതല്‍ കായിക താരമായിരുന്ന എന്റെ അനുഭവമാണിത്. എതിരെയുള്ള കളിക്കാരനെ പരാജയപ്പെടുത്തുകയെന്ന പൊതു ലക്ഷ്യം നേടാനായി നൈപുണ്യവും മനക്കരുത്തും തീരുമാനങ്ങളും പ്രയോജനപ്പെടുത്താന്‍ സമാന അവസരം നല്‍കുന്ന മേഖലായാണ് കായിക മേഖല. ഇവിടെ ജാതിയോ മതമോ തത്വസംഹിതകളോ പ്രസക്തമല്ല.

ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസായി മാറിയപ്പോള്‍ പേരിലെ സാങ്കേതികതയില്‍ മാത്രമല്ല അതിന്റെ വ്യാപ്തിയിലും സാധ്യതകളിലും മാറ്റം വന്നിട്ടുണ്ട്. കായിക മേഖലയില്‍ ഇങ്ങനെയാണ് സ്വാഭാവിക അഭിവൃദ്ധി നിയമം പ്രവര്‍ത്തിക്കുന്നത്. അഭിവൃദ്ധിയുടെ നിയമം നീതിയുക്തമായ എല്ലാ സംരംഭങ്ങളിലും പ്രയോഗിക്കാമെന്ന് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങള്‍ ധാരാളമായി കായികവിനോദങ്ങളിലേര്‍പ്പെടുന്നതും ഒരിക്കലും എരിഞ്ഞുതീരാത്ത കഴിവുകളുടെ സംഭരണത്തിലേക്ക് അവയെല്ലാം ഉള്‍ച്ചേര്‍ക്കപ്പെടുന്നതുമായ ദേശമാണ് ഒരു മികച്ച കായിക രാഷ്ട്രം. ഒരു വ്യക്തി തന്റെ ജന്‍മസിദ്ധമായ കഴിവുകളും ക്ഷമതയും പുറത്തുകൊണ്ടുവരാനാണ് കളിക്കുന്നത്. ചിലര്‍ അതിശയകരമായി കളിക്കുകയും സ്വയം കീര്‍ത്തി കൊണ്ടുവരുന്നവരുമാണ്. ഇങ്ങനെയുള്ളവര്‍ കായികരംഗത്ത് അവരുടെ ക്ലബ്ബുകളെയും ജില്ലകളെയും സംസ്ഥാനത്തെയും രാജ്യത്തെയും പ്രതിനിധീകരിക്കും.

സര്‍ക്കാര്‍, സര്‍ക്കാരേതര ഏജന്‍സികള്‍ കായികമേഖലയ്ക്ക് സമാനമായ പ്രോല്‍സാഹനം നല്‍കുന്നതിന്റെയും, ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സമീപത്തു തന്നെ ലഭ്യമാക്കുന്നതിന്റെയും ഉദ്ദേശ്യം കഴിവിന്റെ തീവ്രത വര്‍ധിപ്പിക്കുകയെന്നതാണ്. കായിക സംസ്‌കാരം സ്വഭാവികമായി വളരാനും ഇത് സഹായകമാകും. സ്‌കൂള്‍ തലം മുതല്‍ കായികമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കോളെജ് തലത്തില്‍ നല്ല കളിക്കാരെ വാര്‍ത്തെടുക്കുന്നതിന് സഹായിക്കും. 17 വയസിനു താഴെയുള്ള കുട്ടികളുടെ കായിക കഴിവുകള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധ ചെലുത്തുന്നത് 21 വയസാകുമ്പോഴേക്കും സമര്‍ത്ഥനായ ഒരു താരത്തെ രൂപപ്പെടുത്തും.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഓരോ ചെറിയ പരിശ്രമം പോലും ഫലവത്താകുന്നുണ്ടെന്ന് ഉറപ്പാക്കികൊണ്ട് കായിക രംഗത്ത് സ്വാഭാവിക മുന്നേറ്റ നിയമം നടപ്പാക്കും. കായികമേഖലയില്‍ ഇന്ത്യയുടെ ക്ഷമത തിരിച്ചറിയുന്നതിന് ഘട്ടം ഘട്ടമായ മറ്റൊരു പരിഹാരമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴില്‍ നാമൊരു വ്യത്യസ്തമായ എന്‍ജിനീയറിംഗ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. താഴെതട്ടില്‍ മതിയായ ബന്ധങ്ങള്‍ സ്ഥാപിക്കുകയും കായിക മേഖലയുടെ വികസനത്തിനായി നടപ്പാക്കാന്‍ എളുപ്പമുള്ള ഒരു രൂപരേഖ വികസിപ്പിക്കുകയുമാണ് സര്‍ക്കാര്‍.

രാജ്യവ്യാപകമായി കൂടുതല്‍ സ്‌കൂളുകള്‍ ഈ നീതിയുക്തമായ പോരാട്ടത്തിന്റെ ഭാഗമാകുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കെഐവൈജി, കായിക കരിക്കുലവും പുനക്രമീകരിച്ചിട്ടുണ്ട്. ഈ പദ്ധതി സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ആനുകൂല്യങ്ങളും അവസരങ്ങളും ലഭ്യമാക്കികൊണ്ട് അടിസ്ഥാനതലം മുതല്‍ കായിക വിനോദത്തെ വ്യാപിപ്പിക്കാന്‍ സഹായിക്കും. അങ്ങനെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആളുകള്‍ കായിക വിനോദത്തില്‍ ഏര്‍പ്പെടുന്ന രീതിയിലും കായിക സംസ്‌കാരത്തിലും നിര്‍ണായക മാറ്റമുണ്ടാവുകയും ഒളിംപിക്‌സ് പോലുള്ള ഒരു ആഗോള കായിക മേളയിലെ മല്‍സരങ്ങളെ നേരിടാന്‍ സജ്ജരാക്കുകയും ചെയ്യും.

സ്വപ്‌നങ്ങള്‍ കാണാന്‍ മടിക്കാത്ത ഒരു നേതാവിന്റെ ധീരതയാര്‍ന്ന നടപടിയായിരുന്നു അത്. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ശരിയായ സ്ഥാനം ഉറപ്പിക്കുന്നതില്‍ കായികമേഖലക്കുള്ള പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്രമോദി മനസിലാക്കിയിട്ടുണ്ട്. സാങ്കേതിക വിപ്ലവത്തിന്റെ ഫലമായി വേഗത്തില്‍ ചുരുങ്ങികൊണ്ടിരിക്കുന്ന ലോകത്തില്‍ കായികമേഖലയുടെ ബ്രാന്‍ഡിംഗ് മൂല്യം അദ്ദേഹത്തിനറിയാം. വിവിധ രാജ്യങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള കൂടുതല്‍ കൂടുതല്‍ ആളുകള്‍ സമാനമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

കായിക ഇനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും മികച്ച ആരോഗ്യം ഉറപ്പാക്കാറുണ്ട്. സുരക്ഷയുടെ നിലവറയായും ഇന്ത്യ പോലുള്ള വൈവിധ്യമാര്‍ന്ന രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഐക്യ ശക്തിയായും അത് പ്രവര്‍ത്തിക്കുന്നു. ആളുകളില്‍ കായിക ആവേശം ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നു. ദേശീയ, അന്താരാഷ്ട്ര തലങ്ങളിലെ മികച്ച പ്രകടനം ആ പ്രത്യേക കായികയിനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വലിയ പ്രശസ്തിയാണ് നല്‍കുന്നത്. കായിക മേഖല ഉടനെ തന്നെ ലാഭകരമായ കരിയര്‍ ഓപ്ഷനായി മാറും. അപ്പോള്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടുകയെന്നതിന്റെ പ്രാധാന്യവും വര്‍ധിക്കും.

ഒരു ദിവസം കൊണ്ട്, സ്ഥിതിഗതികള്‍ മാറ്റിമറിക്കാനാവില്ല. പ്രത്യേകിച്ച് ഒരാള്‍ ഒരു രാജ്യത്തെ ഒരു ബില്യണ്‍ ജനങ്ങളുടെ സാസ്‌കാരിക ചുറ്റുപാടുകള്‍ പരിവര്‍ത്തനം ചെയ്യുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന സമയത്ത്. അതിനാല്‍ അടിസ്ഥാനതലത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളും ഭൂതകാലത്തില്‍ നിന്ന് പുതിയൊരു നാളെക്ക് എത്തിപ്പെടുന്നതിന്റെ ബുദ്ധിമുട്ടും മനസിലാക്കുന്നതിലാണ് ബുദ്ധി. കഴിവുള്ളവരെ കണ്ടെത്തുകയും പരിപോക്ഷിപ്പിക്കുകയു ചെയ്യുന്നതാണ് മൊത്തത്തിലുള്ള ഒരു കായിക ആവാസവ്യവസ്ഥയുടെ വികസനത്തിന് അടിസ്ഥാനമായി ആവശ്യമായ കാര്യമെന്നത് നിക്ഷേധിക്കുന്നില്ല.

ചുരുക്കത്തില്‍ കെഐവൈജി കായികമേഖലയ്ക്ക് ആവശ്യമുള്ള ആവേഗം നല്‍കുകയാണ്. കളിക്കളത്തിലെ മല്‍സരഫലങ്ങള്‍ കാണുമ്പോള്‍ കായികരംഗത്ത് വേഗത്തിലുള്ള ഗതി ലഭിക്കുകഴിഞ്ഞതായിട്ടാണ് മനസിലാകുന്നത്. ഇതിന് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഭാവി ശോഭനമാക്കാന്‍ മാത്രമല്ല കായികമേഖലയിലെ എല്ലാവരെയും ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിക്കാനും കഴിവുണ്ട്.

(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗവും കായികമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റാരിസിന്റെ സ്ഥാപകനുമാണ് ലേഖകന്‍.)

Categories: FK Special, Slider
Tags: Khelo India