ജിയോയില്‍ നിക്ഷേപിക്കാന്‍ സോഫ്റ്റ്ബാങ്ക്

ജിയോയില്‍ നിക്ഷേപിക്കാന്‍ സോഫ്റ്റ്ബാങ്ക്

ജിയോ ഇന്‍ഫോകോമില്‍ 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാകും സോഫ്റ്റ്ബാങ്ക് നടത്തുകയെന്നാണ് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട്

മുംബൈ: ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ ഓഹരികളേറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ അതിവേഗത്തില്‍ വളര്‍ച്ച നേടുന്ന ടെലികോം ബ്രാന്‍ഡായ ജിയോ ഇന്‍ഫോകോമില്‍ 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാകും സോഫ്റ്റ്ബാങ്ക് നടത്തുകയെന്നാണ് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട്. ഇടപാടുമായി ബന്ധപ്പെട്ട സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് ജിയോയുടെ മൂല്യം വിലയിരുത്തി വരികയാണ്. 50 ബില്യണ്‍ ഡോളറാണ് ജെപി മോര്‍ഗന്‍ ജിയോക്ക് കല്‍പ്പിക്കുന്ന മൂല്യം. ജപ്പാനിലും യുഎസിലും സോഫ്റ്റ്ബാങ്കിന് മൊബീല്‍ ടെലികോം ബിസിനസുകളുണ്ട്.

ജിയോയുടെ കടബാധ്യത കുറയ്ക്കുന്നതിനാണ് റിലയന്‍സ് ഓഹരി വില്‍പ്പനക്ക് പദ്ധതിയിടുന്നതെന്നാണ് അറിയുന്നത്. 2019 മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് 76,212 കോടി രൂപയാണ് ജിയോയുടെ കടം. 4-ജി ടെക്‌നോളജി അധിഷ്ഠിത സേവനവുമായി 2016 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ജിയോ രണ്ടുവര്‍ഷം കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പ്രതിമാസ ഉപഭോക്താക്കളെ നേടിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാക്കളായി മാറുകയായിരുന്നു. ഈ വര്‍ഷം ദേശവ്യാപകമായി ഗിഗാഫൈബര്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന ജിയോ വരും വര്‍ഷങ്ങളില്‍ ഗിഗാടിവി സേവനവും ആരംഭിക്കാനും ആലോചിക്കുന്നുണ്ട്. പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നത് നിക്ഷേപം പ്രയോജനപ്പെടും. ജിയോയുടെ വിപുലമായ നെറ്റ്‌വര്‍ക് പ്രയോജനപ്പെടുത്തികൊണ്ട് ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചുവടുവെക്കാനും റിലയന്‍സ് തയാറെടുക്കുകയാണ്.

Comments

comments

Categories: Business & Economy
Tags: Jio, SoftBank