ഐകിയ; ഫര്‍ണിച്ചര്‍ ലോകത്തെ മാറ്റി മറിച്ച ബ്രാന്‍ഡ്

ഐകിയ; ഫര്‍ണിച്ചര്‍ ലോകത്തെ മാറ്റി മറിച്ച ബ്രാന്‍ഡ്

ലോകത്തെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായി വളര്‍ന്നു വികസിച്ചിരിക്കുന്ന ഐകിയ (IKEA), ഇന്ത്യയിലും പദമൂന്നിക്കഴിഞ്ഞിരിക്കുന്നു. ഐകിയയുടെ മേന്മയും നിലവാരവും വിശ്വാസ്യതയില്‍ അധിഷ്ഠിതമാണ്. സ്വീഡനിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച, ഇന്‍ഗ്വര്‍ കാംപ്രാഡാണ് ലോകത്തെ ഏറ്റവും മികച്ച ഈ ഫര്‍ണിച്ചര്‍ ബ്രാന്‍ഡിന് രൂപം കൊടുത്തത്. ഇന്‍ഗ്വറിന്റെ മരണശേഷവും മികച്ച വളര്‍ച്ചയാണ് ഐകിയ നേടിക്കൊണ്ടിരിക്കുന്നത്

ഒ ടി എസ് നമ്പ്യാര്‍

ഇന്‍ഗ്വര്‍ കാംപ്രാഡ്; തെക്കന്‍ സ്വീഡനില്‍ സ്മാലന്‍ഡ് ഗ്രാമത്തില്‍ 1926 ല്‍ ജനിച്ചു. 91 ാം വയസില്‍ മരിക്കുമ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ ധനികരിലൊരാളായി. ഭീമാകാരമായ ഫര്‍ണിച്ചറുകളെ റെഡി ടു അസംബ്ലിംഗ് പാക്കേജുകളാക്കി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈടുറ്റതും വൈവിധ്യമാര്‍ന്നതും ഭംഗിയുള്ളതുമായ ഫര്‍ണിച്ചറുകള്‍ വിപണിയില്‍ ലഭ്യമാക്കുകയുംചെയ്ത കാംപ്രാഡിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. ഐകിയ (IKEA) എന്ന ലോക പ്രസിദ്ധ ബ്രാന്‍ഡ് നാമത്തിനൊപ്പം തന്റെ സ്ഥലപേരും നാടിന്റെ പേരുമെല്ലാം അദ്ദേഹം വിളംബരം ചെയ്തു.

(ബോക്‌സ്)

I – INGVAR

K – KAMPRAD

E – ELMTARYD -തന്റെ കൃഷി സ്ഥലത്തിന്റെ പേര്

A – AGUNNAYD – താമസിക്കുന്ന നഗരം (രാജ്യം)

2018 ജനുവരി 27 ന് സ്വീഡനിലെ സ്മാലന്‍ഡിലെ തന്റെ വസതിയില്‍ 91 ാം വയസില്‍ ന്യുമോണിയ ബാധിച്ച് മരിക്കുമ്പോള്‍ ലോകത്തിലെ തന്നെ സമ്പന്നരില്‍ എട്ടാം സ്ഥാനത്തായിരുന്നു ഇന്‍ഗ്വര്‍ കാംപ്രാഡ്. 5.8 ബില്യണ്‍ ഡോളറിന്റെ സമ്പത്താണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ഫര്‍ണിച്ചര്‍ & ഫര്‍ണിഷിംഗ്

ഫര്‍ണിച്ചര്‍, ഫര്‍ണിഷിംഗ് രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണ് ഇന്ന് ഐകിയ. 35 ബില്യണ്‍ യൂറോയിലധികം പ്രതിവര്‍ഷ വിറ്റുവരവോടെ വിലക്കുറവുകളുടെ ഫര്‍ണിച്ചര്‍ വിപണിയെ കയ്യിലൊതുക്കിയ ഇന്‍ഗ്വര്‍, പണക്കാരനായപ്പോഴും പിശുക്കനും അദ്ധ്വാനശീലനുമായി തുടര്‍ന്നു.

ഏറ്റവും ധനികനായിട്ടും തെരുവോരങ്ങളിലെ വഴിവാണിഭക്കാരുടെ വില കുറഞ്ഞ വസ്ത്രങ്ങളാണത്രെ അദ്ദേഹം വാങ്ങിയിരുന്നത്. സ്വീഡനില്‍ മുടിവെട്ട് ചെലവേറിയതായതിനാല്‍ യാത്രകളില്‍ അവികസിത രാജ്യങ്ങളിലെ സലൂണുകളില്‍ നിന്ന് മുടിവെട്ടി പണം ലാഭിച്ചു ഈ പണക്കാരന്‍. സാധാരണക്കാരന്റെ ഭക്ഷണം കൊണ്ട് അദ്ദേഹം തൃപ്തനായിരുന്നു. താന്‍ വില കുറഞ്ഞ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്ന് തുറന്നുപറഞ്ഞ് അതില്‍ അഭിമാനം കൊണ്ടു ഈ ബിസിനസ് ജീനിയസ്. പിശുക്ക് ഞങ്ങള്‍ സ്മാലന്‍ഡുകാരുടെ സ്വഭാവമാണ് എന്നാണ് തന്നെ കളിയാക്കിയിരുന്ന പത്രക്കാരോട് അദ്ദേഹം പറഞ്ഞത്. നികുതി ലാഭിക്കാന്‍ തന്റെ താമസ സ്ഥലം പോലും മാറ്റി, ആദായ നികുതി വകുപ്പുമായി നിയമയുദ്ധം നടത്തി. സ്വീഡനിലെ ഒരു ചെറിയ വീട്ടിലായിരുന്നു ഇന്‍ഗ്വറിന്റെ താമസം. ബസിലായിരുന്നു ഓഫീസിലേക്ക് എത്തിയിരുന്നത്. (സ്വീഡനില്‍ പ്രധാനമന്ത്രിയും തീവണ്ടിയിലാണ് ഓഫീസിലേക്ക് പോകുന്നത്, കൊടിവെച്ച കാറിലല്ല)

25 രാജ്യങ്ങളില്‍ 276 ഷോറൂമുകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ഇന്ന് അദ്ദേഹത്തിന്റെ സാമ്രാജ്യം; ഫ്രാഞ്ചൈസികള്‍ 40 ഓളം വേറെയും. ചൈനയില്‍ മാത്രം 24 ഷോറൂമുകള്‍. മൊത്തം വിറ്റുവരവ് 37 ബില്യണ്‍ യൂറോ,(ഒരു യൂറോ = 78.67 രൂപ) അഥവാ 3,000 കോടി രൂപയിലധികം. തന്റെ സമ്പാദ്യത്തിന്റെ പകുതി സ്വീഡനിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചും മാതൃക കാട്ടി ഈ ധനികന്‍. ലളിത ജീവിതം എന്നാല്‍ പിശുക്കല്ലെന്നും തെളിയിച്ചു. സമൂഹത്തില്‍ നിന്ന് നേടിയതില്‍ ഒരു ഭാഗം തിരിച്ചു കൊടുത്തത് ഏറെ മാന്യമായ പ്രവൃത്തിയായി വിലയിരുത്തപ്പെടുന്നു. ധാരാളിത്തം കാട്ടുന്നതല്ല, ലളിത ജീവിതമാണ് അദ്ദേഹം മഹത്തരമായി കണ്ടത്.

Categories: FK Special, Slider