ഔഷധകയറ്റുമതി ഉയര്‍ന്നു

ഔഷധകയറ്റുമതി ഉയര്‍ന്നു

2018-19 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തെ മരുന്നുകളുടെ കയറ്റുമതി 11 ശതമാനം വര്‍ധിച്ച് 19.2 ബില്ല്യണ്‍ ഡോളര്‍ നേടി. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയാണ് വര്‍ധിച്ചത്. 2017-18 ല്‍ 17.3 ബില്യണ്‍ ഡോളറാണ് മരുന്നു കയറ്റുമതി നേടിയത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 16.7 ബില്യണ്‍ ഡോളറായിരുന്നു. വടക്കേ അമേരിക്കയില്‍ നിന്നാണ് കയറ്റുമതിയുടെ 30 ശതമാനവും നേടാനായത്. ആഫ്രിക്കന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേട്ടം യഥാക്രമം 19 ശതമാനവും 16 ശതമാനവുമാണ്. വാണിജ്യമന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ചൈനയും മരുന്നു വിപണി പതുക്കെ തുറന്നുകൊടുക്കുന്നത് ഇന്ത്യക്ക് വലിയ സാധ്യതയൊരുക്കുമെന്ന് കയറ്റുമതി വിദഗ്ധര്‍ പറയുന്നു. ദക്ഷിണാഫ്രിക്ക, റഷ്യ, നൈജീരിയ, ബ്രസീല്‍, ജര്‍മ്മനി എന്നിവയാണ് ഇന്ത്യന്‍ മരുന്നു വിപണി സാധ്യത കല്‍പ്പിക്കുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍. 2018-19 കാലഘട്ടത്തില്‍ രാജ്യത്തിന്റെ മൊത്തം കയറ്റുമതിരംഗത്തിന്റെ ആറു ശതമാനമാണ് മരുന്നു കയറ്റുമതിയുടെ സംഭാവന. കയറ്റുമതി മേഖലയിലെ മികച്ച അഞ്ച് മേഖലകളിലൊന്നാണിത്. 331 ഡോളറാണ് ഇന്ത്യയുടെ മൊത്തം കയറ്റുമതിവരുമാനം. ഇന്ത്യന്‍ ഔഷധമേഖലയിലെ ഏറ്റവും വലിയ വിഭാഗമാണ് ജനറിക് മരുന്നുകള്‍. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 75 ശതമാനം വിപണിവിഹിതമാണ് ഇവ വഹിക്കുന്നത്. ആഗോള ജെനറിക് മരുന്നുകളുടെ 20% നല്‍കുന്നതിലൂടെ ഈ രംഗത്തെ ഏറ്റവും വലിയ ദാതാവും ഇന്ത്യ തന്നെ. രാജ്യാന്തര കയറ്റുമതിയിലെ ഉയര്‍ന്ന വളര്‍ച്ച ഔഷധവ്യവസായ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശനാണ്യം നേടാനും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടാനും സഹാായിക്കുന്നു.

Comments

comments

Categories: Health