കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശങ്ങളുണ്ടാകും

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശങ്ങളുണ്ടാകും

കര്‍ഷകരെ വിപണിയുമായി അടുപ്പിക്കുന്നതിന് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കും

ന്യൂഡെല്‍ഹി: കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ ആദ്യ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ജൂലൈയിലെ പൂര്‍ണ ബജറ്റ് അവതരണത്തിന് മുന്നോടിയായി പുതിയ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്ത്യയെ ഒരു സംയോജിത വിപണിയാക്കാനാണ് റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാജ്യത്തെ കാര്‍ഷിക സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി ഇല്ലാതാക്കുന്നതടക്കമുള്ള സുപ്രധാന നയങ്ങള്‍ സര്‍വേയിലുണ്ടെന്നാണ് സൂചന. വിപണിയെ കര്‍ഷകരുമായി കൂടുതല്‍ അടുപ്പിക്കാനാണ് റിപ്പോര്‍ട്ടില്‍ ലക്ഷ്യമിടുന്നത്. ഇതിനായി സാങ്കേതികവിദ്യ എപ്രകാരം പ്രയോജനപ്പെടുത്താമെന്നും നിയന്ത്രണങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നുമാണ് റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. നിയന്ത്രണ, ലോജിസ്റ്റിക് തടസങ്ങള്‍ നീക്കുന്നതിനാണ് സര്‍വെ റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നതെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ അല്ലെങ്കില്‍ പണപ്പെരുപ്പ-ക്രമീകൃതമായ മൊത്തം മൂല്യ വര്‍ധനവ് (ജിവിഎ) പ്രകാരം കാര്‍ഷിക മേഖല ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ 2.7 ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. ജൂലൈ -സെപ്റ്റംബര്‍ പാദത്തിലിത് 4.2 ശതമാനവും മുന്‍ വര്‍ഷം സമാന പാദത്തില്‍ 4.6 ശതമാനവുമായിരുന്നു. കാര്‍ഷിക മേഖലയില്‍ ജിവിഎ ഇടിയുന്നത് ആശങ്കപ്പെടുത്തുന്നതാണ്. നിലവിലെ വിലകളില്‍ കാര്‍ഷിക മേഖലയിലെ ജിവിഎയ്ക്ക് 2 ശതമാനം വളര്‍ച്ചയാണുള്ളത്. സമാന പാദത്തില്‍ മുന്‍ വര്‍ഷം ഉണ്ടായിരുന്ന 9.1 ശതമാനത്തില്‍ നിന്നും 2018 ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ 3.4 ശതമാനത്തില്‍ നിന്നും കുത്തനെയുള്ള ഇടിവാണിത്. ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള നടപടികള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുമെന്നാണ് വിവരം.

Categories: FK News, Slider