ശീതളപാനീയങ്ങള്‍ക്കു ബദല്‍ കുടിവെള്ളം

ശീതളപാനീയങ്ങള്‍ക്കു ബദല്‍ കുടിവെള്ളം

ചെറുപ്പക്കാരില്‍ അനാരോഗ്യം വിതയ്ക്കുന്ന ശീതളപാനീയ ഉപഭോഗം കുറയ്ക്കാന്‍ കുടിവെള്ളം പ്രോല്‍സാഹിപ്പിക്കണം

യുഎസിലെ യുവാക്കളും കുട്ടികളും സാദാ വെള്ളം കുടിക്കാറില്ല, പകരം സോഡയോ കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങേേളാ ആണു കുടിക്കുന്നതെന്നു പുതിയ പഠനം പറയുന്നു. ഇതില്‍ നിന്നു ലഭിക്കുന്ന അമിത കലോറി ഉപയോഗിക്കപ്പെടാതെ പോകുകയും അത് പൊണ്ണത്തടിക്കും പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമെല്ലാം കാരണമാകുകയും ചെയ്യുന്നു. പ്രതിദിനം കുട്ടികള്‍ കുടിക്കുന്ന മധുരപാനീയങ്ങളില്‍ നിന്നും സോഡ, ജ്യൂസ് മുതലായവയില്‍ നിന്നും ശരാശരി 93 കലോറി ഊര്‍ജമാണ് അമിതമായി സംഭരിക്കപ്പെടുന്നതെന്നും കണ്ടെത്തി. ഈ പഠനഫലം പ്രാധാന്യം നേടുന്നത് കുട്ടികളില്‍ ഇവയുടെ അമിതോപഭോഗം ശരീരഭാരം, ദന്തപ്രശ്‌നങ്ങള്‍, ടൈപ്പ് രണ്ട് പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാക്കുമെന്ന വസ്തുതയാണ്.

സോഡയും ശീതളപാനീയങ്ങളും കുട്ടികളില്‍ അമിത കലോറി അടിഞ്ഞു കൂടാന്‍ ഇടയാക്കുന്നു, ഇവയ്ക്കു പകരം വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് ഇവരില്‍ അമിതഭാരത്തിനും പൊണ്ണത്തടിക്കുമുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനത്തിനു നേതൃത്വം വഹിച്ച പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ആഷര്‍ റോസിന്‍ജര്‍ വ്യക്തമാക്കുന്നു. 2011- 2016 കാലഘട്ടത്തില്‍ ശേഖരിച്ച രണ്ടു മുതല്‍ 19 വരെ പ്രായമുള്ള 8,400 പേരുടെ ഭക്ഷണക്രമം പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 11 ആയിരുന്നു. ഇവര്‍ പ്രതിദിനം ശരാശരി 132 കലോറി സോഡകളില്‍ നിന്നും മറ്റ് ശീതളപാനീയങ്ങളില്‍ നിന്നും അകത്താക്കിയിരുന്നതായി കണ്ടെത്തി. കുടിവെള്ളം നല്‍കിയതോടെ ഇവരില്‍ 112 കലോറിയോളം കുറയ്ക്കാനാകുമെന്നു തെളിഞ്ഞു. വെള്ളത്തിനു പകരം സോഡയുടെയും ശീതളപാനീയങ്ങളുടെയും ശരാശരി ഉപഭോഗം ഊര്‍ജനില 210 കലോറിയായി ഉയര്‍ത്തും.

ഇക്കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസങ്ങളോ കുടുംബ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങളോ കണക്കാക്കിയിട്ടില്ല. എന്നാല്‍ ഇവ ഉപയോഗിക്കുന്നവരിലെ വംശീയമായ ഘടകം കണക്കിലെടുത്തു. വെളുത്ത വര്‍ഗക്കാര്‍ വെള്ളം കുടിക്കാതെ ശീതളപാനീയങ്ങള്‍ മാത്രം കുടിച്ചതിലൂടെ ശരാശരി 237 കലോറി ഊര്‍ജ്ജം പ്രതിദിനം കൈവരിച്ചു. എന്നാല്‍ വെള്ളം മാത്രം കുടിച്ച വെള്ളക്കാരില്‍ അത് ശരാശരി 115 കലോറി ഊര്‍ജമായി നിജപ്പെട്ടു. വെള്ളം കുടിക്കാത്ത കറുത്ത വര്‍ഗക്കാരായ ചെറുപ്പക്കാര്‍ ദിവസം ശരാശരി 218 കലോറിയാണ് സോഡയിലും മധുര പാനീയങ്ങളിലും നിന്നു നേടിയത്. എന്നാല്‍ വെള്ളം മാത്രം കുടിച്ച കറുത്തവര്‍ഗക്കാരില്‍ 125 കലോറിയേ സംഭരിക്കപ്പെട്ടുള്ളൂ.

പഠനം കുടിവെള്ളത്തിന്റെ ഉപഭോഗം ശീതളപാനീയ-സോഡ ഉപഭോഗത്തെ നേരിട്ട് ബാധിക്കുമോ എന്നോ ഇത്തരം പഞ്ചസാര ലായനികള്‍ ആരോഗ്യത്തിന് എന്തെങ്കിലും വിധത്തിലുള്ള പ്രതികൂല ഫലം ഉണ്ടാക്കുമെന്നോ തെളിയിക്കാനുള്ള ഒരു പരീക്ഷണമായിരുന്നില്ലെങ്കിലും ഇതു പ്രതിലോമകരമായ സാഹചര്യം തീര്‍ക്കുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ പെരല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഗവേഷകയായ ക്രിസ്റ്റീന റോബര്‍ട്ടോ പറഞ്ഞു. കുടിവെള്ളം കുടിക്കാത്ത കുട്ടികളില്‍ മധുരപാനീയങ്ങളുടെ അമിതോപഭോഗം പ്രകടമാണ്, കുട്ടികളില്‍ കൂടുതല്‍ കുടിവെള്ളശീലം വളര്‍ത്തി അനാരോഗ്യകരമായ ശീതളപാനീയ സ്വാധീനം കുറയ്ക്കാനും തദ്വാരാ ഇവരുടെ ആരോഗ്യം പ്രോല്‍സാഹിപ്പിക്കുന്നതും പ്രധാന ലക്ഷ്യങ്ങളായി കാണണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

കുടിവെള്ളത്തിന്റെ പ്രാധാന്യം കുട്ടികള്‍ മനസ്സിലാക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നു ന്യൂഹാംഷെയറിലുള്ള ഡാര്‍ട്ട്മൗത്ത് കോളേജിലെ ഗീസല്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഗവേഷകയായ ജെന്നിഫര്‍ എമോണ്ട് പറയുന്നു. കുട്ടികളില്‍ നിറവും പഞ്ചസാരയും ചേര്‍ത്ത പാനീയങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കുകയും പകരം വെള്ളം തിരഞ്ഞെടുക്കാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ക്കും നിര്‍ണായകപങ്കു വഹിക്കാനാകും. സ്‌കൂളുകള്‍ ഇത്തരം അനാരോഗ്യകരമായ പാനീയങ്ങള്‍ നിരുല്‍സാഹപ്പെടുത്തുകയും ശുദ്ധജലം ലഭ്യമാക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്നും ജെന്നിഫര്‍ നിര്‍ദേശിച്ചു.

Comments

comments

Categories: Health