ഹോണ്ട അമേസ് വിഎക്‌സ് വേരിയന്റില്‍ സിവിടി നല്‍കി

ഹോണ്ട അമേസ് വിഎക്‌സ് വേരിയന്റില്‍ സിവിടി നല്‍കി

വിഎക്‌സ് സിവിടിയാണ് ഇനി ഹോണ്ട അമേസിന്റെ ടോപ് വേരിയന്റ്

ന്യൂഡെല്‍ഹി : ഹോണ്ട അമേസ് സബ്‌കോംപാക്റ്റ് സെഡാന്റെ വിഎക്‌സ് വേരിയന്റില്‍ സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) നല്‍കി. വിഎക്‌സ് സിവിടിയാണ് ഇനി ഹോണ്ട അമേസിന്റെ ടോപ് വേരിയന്റ്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ ഹോണ്ട അമേസ് വിഎക്‌സ് സിവിടി ലഭിക്കും. യഥാക്രമം 8.56 ലക്ഷം രൂപയും 9.56 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഹോണ്ട അമേസിന്റെ എസ്, വി വേരിയന്റുകളില്‍ മാത്രമാണ് സിവിടി ഓപ്ഷന്‍ ലഭിച്ചിരുന്നത്.

രണ്ടാം തലമുറ ഹോണ്ട അമേസ് വാങ്ങുന്ന ഇരുപത് ശതമാനത്തിലധികം പേരും പെട്രോള്‍-ഡീസല്‍ സിവിടി വേരിയന്റുകളാണ് തെരഞ്ഞെടുക്കുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയുടെ വില്‍പ്പന-വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്റ്ററുമായ രാജേഷ് ഗോയല്‍ പറഞ്ഞു. അതുകൊണ്ടാണ് വിഎക്‌സ് എന്ന ടോപ് വേരിയന്റില്‍ സിവിടി നല്‍കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ), സാറ്റലൈറ്റ് ലിങ്ക്ഡ് ഇന്‍-ബില്‍റ്റ് ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഇന്‍ഫ്രാറെഡ് റിമോട്ട് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് വോയ്‌സ് കണ്‍ട്രോള്‍ സ്വിച്ചുകള്‍, ഗൈഡ്‌ലൈനുകളോടെ റിയര്‍ പാര്‍ക്കിംഗ് കാമറ, പിഞ്ച് ഗാര്‍ഡ് സഹിതം വണ്‍ ടച്ച് അപ്പ് ഡ്രൈവര്‍സൈഡ് വിന്‍ഡോ എന്നിവ ഹോണ്ട അമേസ് വിഎക്‌സ് സിവിടി വേരിയന്റ് സംബന്ധിച്ച ഫീച്ചറുകളാണ്. ഫ്രണ്ട് പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലാം എന്നിവ ഇപ്പോള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കുന്നു. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, ഇരട്ട എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജ്, ഇംപാക്റ്റ് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക് എന്നിവ നേരത്തെ മുതല്‍ സ്റ്റാന്‍ഡേഡാണ്.

ഹോണ്ട അമേസ് ഉപയോഗിക്കുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതേസമയം, 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ മാന്വല്‍ വേര്‍ഷനില്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എന്നാല്‍ ഡീസല്‍-സിവിടി വേര്‍ഷനില്‍ 78 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കും മാത്രമാണ് ലഭിക്കുന്നത്. 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. നിലവില്‍ ഡീസല്‍-സിവിടി ഓപ്ഷനില്‍ ലഭിക്കുന്ന ഒരേയൊരു കാറാണ് ഹോണ്ട അമേസ്.

Comments

comments

Categories: Auto
Tags: Honda amaze