ചൈനീസ് പാല്‍, പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതി വിലക്ക് തുടരും

ചൈനീസ് പാല്‍, പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതി വിലക്ക് തുടരും

വിഷ പദാര്‍ത്ഥങ്ങളുടെ പരിശോധനയ്ക്കുള്ള തുറമുഖങ്ങളിലെ ലബോറട്ടറികള്‍ നവീകരിക്കുന്നതുവരെ ഇറക്കുമതി വിലക്ക് നീട്ടാനാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം

  • 2008 സെപ്റ്റംബറിലാണ് ആദ്യ ചൈനയില്‍ നിന്നുള്ള പാല്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് ആദ്യ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നിടീത് ക്രമേണ നീട്ടുകയായിരുന്നു. അവസാനം പ്രഖ്യാപിച്ച വിലക്കിന്റെ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിച്ചത്.
  • ചൈനയില്‍ നിന്ന് പാലും പാലുല്‍പ്പന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയെന്ന നിലയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്
  • ലോകത്തിലെ തന്നെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദകരും ഉപഭോഗ രാജ്യവും ഇന്ത്യയാണ്. 150 മില്യണ്‍ ടണ്‍ പാലാണ് പ്രതിവര്‍ഷം ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്.
  • ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം യുപിയാണ്. പാലുല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് രാജസ്ഥാനും മൂന്നാം സ്ഥാനത്ത് ഗുജറാത്തുമാണുള്ളത്

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാല്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ചൈനയില്‍ നിന്നുള്ള ചോക്കലേറ്റ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത്തരം ഉല്‍പ്പന്നങ്ങളിലെ വിഷ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള തുറമുഖങ്ങളിലെ ലബോറട്ടറികളുടെ നിലവാരം ഉയര്‍ത്തുന്നതുവരെ വിലക്ക് തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളിലെ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിന് തുറമുഖങ്ങളിലെ എല്ലാ ലബോറട്ടറികളും ആധൂനിക രീതിയില്‍ സജ്ജമാക്കുന്നതുവരെ ഇറക്കുമതി നിയന്ത്രണം തുടരാനാണ് ഭക്ഷ്യ സുരക്ഷ അതോറിറ്റിയായ എഫ്എസ്എസ്എഐ (ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശിച്ചിട്ടുള്ളത്.

2008 സെപ്റ്റംബറിലാണ് ആദ്യ ചൈനയില്‍ നിന്നുള്ള പാല്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് ആദ്യ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നിടീത് ക്രമേണ നീട്ടുകയായിരുന്നു. അവസാനം പ്രഖ്യാപിച്ച വിലക്കിന്റെ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ഇതോടെയാണ് വിലക്ക് വീണ്ടും നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാല്‍, പാലുല്‍പ്പന്നങ്ങള്‍ (ചോക്കലേറ്റ്, ചോക്കലേറ്റ് ഉല്‍പ്പന്നങ്ങള്‍, മിഠായി, പാലുപയോഗിച്ച് നിര്‍മിക്കുന്ന മധുപലഹാരങ്ങള്‍) എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ലബോറട്ടറികളുടെ ശേഷി വര്‍ധിപ്പിക്കുന്നതുവരെ നീട്ടുമെന്ന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ഉത്തരവില്‍ വ്യക്തമാക്കി.

എന്നാല്‍, തുറമുഖങ്ങളിലെ എല്ലാ ലബോറട്ടറികളുടെയും നിലവാരം ഉയര്‍ത്തുന്നതിന് എത്ര സമയമെടുക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചില പാലുല്‍പ്പന്നങ്ങളില്‍ വിഷപദാര്‍ത്ഥമായ മെലാമൈനിന്റെ സാന്നിധ്യം ഉണ്ടെന്ന ആശങ്കയ തുടര്‍ന്നാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്ലാസ്റ്റിക്കിന്റെയും വളങ്ങളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒരു തരം വിഷ രാസവസ്തുവാണ് മെലാമൈന്‍.

ചൈനയില്‍ നിന്ന് പാലും പാലുല്‍പ്പന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയെന്ന നിലയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദകരും ഉപഭോഗ രാജ്യവും ഇന്ത്യയാണ്. 150 മില്യണ്‍ ടണ്‍ പാലാണ് പ്രതിവര്‍ഷം ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം യുപിയാണ്. പാലുല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് രാജസ്ഥാനും മൂന്നാം സ്ഥാനത്ത് ഗുജറാത്തുമാണുള്ളത്.

Comments

comments

Categories: FK News