ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേധാവിയെ വേണം; രാജന് നറുക്ക് വീഴുമോ

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേധാവിയെ വേണം; രാജന് നറുക്ക് വീഴുമോ
  • 2013 മുതല്‍ 2016 വരെയാണ് രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരുന്നത്
  • 2003 മുതല്‍ 2006 വരെ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായിരുന്നു
  • 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിക്കുന്നതിലും അദ്ദേഹം വിജയിച്ചിരുന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് രാജനെത്തിയാല്‍ പുതുചരിത്രം

ബ്രിട്ടന്റെ ധനകാര്യ മന്ത്രി ഫിലിപ് ഹാമ്മന്‍ഡ് ഒരു തെരച്ചിലിന് ഇറങ്ങിയിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഒരു മേധാവിയെ വേണം, അതാണ് ലക്ഷ്യം. ബ്രെക്‌സിറ്റ് കാലത്ത് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള ആളാകണം രാജ്യത്തിന്റെ കേന്ദ്രബാങ്കിന്റെ തലപ്പത്ത് വേണ്ടതെന്ന് ഫിലിപ് ആഗ്രഹിക്കുന്നു. 325 വര്‍ഷം പഴക്കമുള്ള ലോകത്തിലെ തന്നെ പ്രമുഖ ധനകാര്യസ്ഥാപനത്തിന്റെ പുതിയ ഗവര്‍ണര്‍ക്കായുള്ള ഔദ്യോഗിക തെരച്ചില്‍ ആരംഭിച്ചതായി ധനമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിലെ ഗവര്‍ണര്‍ മാര്‍ക് കാര്‍ണിയുടെ കാലാവധി 2020 ജനുവരി 31ന് അവസാനിക്കും. 2013 ജൂലൈ ഒന്നിനാണ് കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയായി എത്തുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്ന പ്രക്രിയായ ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ രണ്ട് തവണ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നില്‍കിയിരുന്നു.

അതിവേഗം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമ്പദ് വ്യവസ്ഥയില്‍ ബാങ്ക് മേധാവിയുടെ പങ്ക് വളരെ പ്രധാനമാണ്. ശരിയായ നൈപുണ്യവും മികച്ച അനുഭവ പരിചയവുമുള്ള വ്യക്തിയെ തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ നയിക്കാന്‍ നിയോഗിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ധനകാര്യ കേന്ദ്രമെന്ന ബ്രിട്ടന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശേഷിയുണ്ടാകണം പുതിയ ഗവര്‍ണര്‍ക്ക്. സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കാനും സാധിക്കണം-ഫിലിപ് പറഞ്ഞു.

അത്ര ചെറിയ പദവിയില്ല

ഏകദേശം നാലര കോടി രൂപയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം. ഇതിന് പുറമെ അലവന്‍സ് ഇനത്തിലും കിട്ടും നല്ലൊരു തുക. മാത്രമല്ല, ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയുടെ ഗതി നിര്‍ണയിക്കുകയെന്ന വളരെ ഭാരിച്ചതും സങ്കീര്‍ണവുമായ ഉത്തരവാദിത്തവും ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. പ്രത്യേകിച്ചും ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ അത് അതിസങ്കീര്‍ണമാകുമെന്നത് തീര്‍ച്ച. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മൂന്ന് കേന്ദ്ര കമ്മിറ്റികളുടെ അധ്യക്ഷനും ഗവര്‍ണര്‍ തന്നെയാണ്. പലിശനിരക്കുകള്‍ നിശ്ചയിക്കുന്ന ധന നയ സമിതി, ധനകാര്യ സംവിധാനത്തിലെ പ്രതിസന്ധികള്‍ നിരീക്ഷിക്കുന്ന ധനകാര്യ നയ സമിതി, ധനകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന പ്രുഡന്‍ഷ്യല്‍ റെഗുലേഷന്‍ അതോറിറ്റി എന്നിവയുടെ അധ്യക്ഷന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആയിരിക്കും.

രഘുറാം രാജന് സാധ്യതയുണ്ടോ?

നിലവിലെ ഗവര്‍ണര്‍ കാര്‍ണി കനേഡിയനാണ്. കാനഡ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍മേധാവി. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താന്‍ ഒരു റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ സഹായവും ബ്രിട്ടന്‍ തേടിയിട്ടുണ്ട്. സങ്കീര്‍ണ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നതിനാല്‍ ഏറ്റവും മികച്ച വിദഗ്ധന്‍ തന്നെ ബാങ്കിനെ നയിക്കണമെന്നാണ് ബ്രിട്ടന്റെ നിലപാട്. ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയില്‍ ഇതിനോടകം ഇടം നേടിയ ചിലരുണ്ട്. നിലവില്‍ ബാങ്കിന്റെ ധന നയ വിഭാഗം ഡെപ്യൂട്ടി ഗവര്‍ണറായി പ്രവര്‍ത്തിക്കുന്ന ബെന്‍ ബ്രോഡ്‌ബെന്റ്, ഫൈനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റിയുടെ ആന്‍ഡ്ര്യൂ ബയ്‌ലി തുടങ്ങിയവരെയാണ് സ്ഥാപനത്തിനകത്ത് നിന്ന് പരിഗണിക്കുന്നത്. പരിഗണന പട്ടികയിലുള്ള ഏറ്റവും ശ്രദ്ധേയമായ വ്യക്തി ഇന്ത്യയുടെ രഘുറാം രാജനാണ്.

നിലവില്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി പ്രൊഫസറായ രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം പ്രവചിത്ത ശാസ്ത്രജ്ഞനെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. രാജന് നറുക്ക് വീണാല്‍ അത് പുതുചരിത്രമാകുമെന്നത് തീര്‍ച്ച. ജൂണ്‍ അഞ്ച് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദമായ അഭിമുഖത്തിന് ശേഷമായിരിക്കും നിയമനം.

Comments

comments

Categories: Top Stories