വ്യോമയാന വികസനത്തിന് ഒമാന്‍ 6 ബില്യണ്‍ ഡോളര്‍ ധനസഹായം തേടുന്നു

വ്യോമയാന വികസനത്തിന് ഒമാന്‍ 6 ബില്യണ്‍ ഡോളര്‍ ധനസഹായം തേടുന്നു

തദ്ദേശീയ, അന്താരാഷ്ട്ര ബാങ്കുകളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു

വ്യോമയാന വികസനത്തിനായി ഒമാന്‍ 6 ബില്യണ്‍ ഡോളറിന്റെ(22 ബില്യണ്‍ ദിര്‍ഹം) ധനസഹായം തേടുന്നു. ധനസഹായം ലഭിക്കുന്നതിനായി ഒമാനിലെ ദേശീയ വിമാനക്കമ്പനിയുടെയും വിമാനത്താവളങ്ങളുടെയും മേല്‍നോട്ടച്ചുമതലയുള്ള ഒമാന്‍ ഏവിയേഷന്‍ ഗ്രൂപ്പ് തദ്ദേശീയ, അന്തര്‍ദേശീയ ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ചു.

എണ്ണേതര മേഖലകളുടെ വികസനത്തിന്റെ ഭാഗമായാണ് ഒമാന്‍ വ്യോമയാന മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്. അടുത്ത പത്ത് വര്‍ഷങ്ങളില്‍ വിവിധ ഗഡുക്കളായി 6 ബില്യണ്‍ ഡോളര്‍ ധനസഹായം സ്വീകരിക്കാനാണ് ഒമാന്‍ ഏവിയേഷന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ആദ്യ ഗഡു 2020 ജൂണോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാന്‍ ഏവിയേഷന്‍ ഗ്രൂപ്പ് സിഇഒ മുസ്തഫ അല്‍ ഹിനൈ വ്യക്തമാക്കി. ധനസഹായവുമായി ബന്ധപ്പെട്ട് പല പദ്ധതികളും പരിഗണനയിലുണ്ടെന്നും ഇവയെല്ലാം പരിശോധിച്ച് വരികയാണെന്നും മുസ്തഫ അല്‍ ഹിനൈ അറിയിച്ചു. കടപ്പത്രം, ജാമ്യം, വായ്പ എന്നിവയെല്ലാം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2018ലാണ് ഒമാന്‍ എയര്‍, ഒമാന്‍ വിമാനത്താവളങ്ങള്‍, ഒമാനിലെ മറ്റ് വ്യോമയാന സേവനങ്ങള്‍ എന്നിവയുടെ കൂട്ടുത്തരവാദിത്വത്തോടെ ഒമാന്‍ ഏവിയേഷന്‍ ഗ്രൂപ്പ് സ്ഥാപിതമായത്.

വിമാനത്താവളങ്ങള്‍ക്ക് ചുറ്റുമായി ചരക്ക് നീക്കം, വ്യോമയാനം, വാണിജ്യം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പുതിയ നഗരങ്ങള്‍ സ്ഥാപിക്കാനാണ് ഒമാന്‍ ഏവിയേഷന്‍ ഗ്രൂപ്പിന്റെ പദ്ധതി. ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് ധനസഹായത്തില്‍ ഭൂരിഭാഗവും വിനിയോഗിക്കുക. ഇത് നഷ്ടത്തിലുള്ള ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് കരുതുന്നതെന്ന് മുസ്തഫ അല്‍ ഹിനൈ പ്രതീക്ഷ പ്രകടിപ്പിച്ചു. സര്‍ക്കാര്‍ സബ്‌സിഡികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക എന്ന ഒമാന്‍ വ്യോമയാന മേഖലയുടെ നയത്തിന്റെ ഭാഗമാണ് ഈ ദീര്‍ഘകാല സാമ്പത്തിക പദ്ധതിക്ക് രൂപം നല്‍കിയതെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു.

എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ഒമാന്റെ റേറ്റിംഗ് സ്‌റ്റേബിളില്‍ നിന്നും നെഗറ്റീവ് ആയി നവീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഒമാന്‍ വ്യോമയാന വികസനം പദ്ധതിയിടുന്നത്. ധനക്കമ്മി പരിഹരിക്കാന്‍ പാടുപെടുന്ന ഒമാന് നിക്ഷേപക ഗ്രേഡില്‍ നിന്നും രണ്ട് നില താഴെ BB ഡെബിറ്റ് റേറ്റിംഗാണ് എസ് ആന്‍ഡ് പി നല്‍കിയിരിക്കുന്നത്.

2020 ഓടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവള മാനേജ്‌മെന്റ് കമ്പനിയിലെ ഭാഗിക ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയുണ്ടെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് സിഇഒ ആയ അയ്‌മെന്‍ അല്‍ ഹൊസ്‌നി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നെങ്കിലും പ്രഥമ ഓഹരി വില്‍പ്പനയുമായി മുമ്പോട്ട് പോകണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ബോയിംഗ് കമ്പനിയില്‍ നിന്നും 20 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളും 4 ബോയിംഗ് 787 വിമാനങ്ങളും ഓര്‍ഡര്‍ ചെയ്തിരിക്കുന്ന ഒമാന്‍ എയറിന് ഇവ വാങ്ങുക്കുന്നതിനും ഫണ്ട് ആവശ്യമാണ്. നഷ്ടത്തിലുള്ള ഒമാന് എയറിനെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചില വിമാനങ്ങള്‍ വാങ്ങുന്നത് 2022ലേക്ക് നീട്ടിവെക്കാനും കമ്പനി തീരുമാനമെടുത്തു. ഫണ്ട് അപര്യാപ്തത പരിഹരിക്കുന്നതിന്റെ ഭാഗമായി എംബ്രയെര്‍ ഇ-175 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ചില റൂട്ടുകളില്‍ ഒമാന്‍ എയര്‍ സര്‍വ്വീസ് വര്‍ധിപ്പിച്ചെങ്കിലും അവയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ലെന്ന് അല്‍ ഹിനൈ പറഞ്ഞു.

ഒപെകിന് പുറത്തുള്ള ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാഷ്ട്രമായ ഒമാന്‍ 2014ല്‍ എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്നാണ് എണ്ണേതര വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനമെടുത്തത്. വികസന പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ഒമാന്‍ വ്യോമയാന മേഖലയുടെ വളര്‍ച്ച, ടൂറിസം, ചരക്ക് നീക്കം തുടങ്ങിയ മേഖലകള്‍ക്ക് കരുത്തേകുമെന്നാണ് കരുതുന്നത്. ഇന്ത്യ, ചൈന, റഷ്യ, ജര്‍മ്മനി, യുകെ, സ്വിറ്റ്‌സര്‍ലന്റ്, ജിസിസി തുടങ്ങി 25 ഓളം വിപണികളില്‍ നിന്നുള്ള സന്ദര്‍ശകരെയാണ് ഒമാന്‍ ടൂറിസം മേഖല ലക്ഷ്യമിടുന്നത്.

Comments

comments

Categories: Arabia