11,000 കോടി രൂപയുടെ ആനുകൂല്യം കര്‍ഷകരിലേക്കെത്തി

11,000 കോടി രൂപയുടെ ആനുകൂല്യം കര്‍ഷകരിലേക്കെത്തി

31 മില്യണ്‍ കര്‍ഷകര്‍ക്കാണ് 2000 രൂപ വീതം ലഭിച്ചത്. ഇതില്‍ 21 മില്യണ്‍ കര്‍ഷകര്‍ക്ക് രണ്ടാം ഗഡുവും ലഭിച്ചു

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ ഇതുവരെ 11,000 കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തു കഴിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ 31 മില്യണ്‍ കര്‍ഷകരിലേക്കാണ് ഈ ആനുകൂല്യം എത്തിയിട്ടുള്ളതെന്ന് പിഎം കിസാന്‍ സിഇഒ വിവേക് അഗര്‍വാള്‍ പറഞ്ഞു. പദ്ധതിക്കുകീഴിലുള്ള ഒന്നാം ഗഡുവും രണ്ടാം ഗഡുവും ഒരേ സമയം നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

2,000 രൂപ വീതമാണ് രാജ്യത്തെ 31 മില്യണ്‍ കര്‍ഷകരുടെ ബാങ്ക് എക്കൗണ്ടിലേക്ക് എത്തിയിട്ടുള്ളത്. ആദ്യ ഗഡു നല്‍കിയത് കര്‍ഷകരുടെ ആധാര്‍ നമ്പര്‍ വെരിഫൈ ചെയ്ത ശേഷമാണ് രണ്ടാം ഗഡു നല്‍കിയത്. ആധാര്‍ രജിസ്‌ട്രേഷന്‍ മാത്രം അടിസ്ഥാനമാക്കിയായിരുന്നു ആദ്യ ഗഡു നല്‍കിയത്. പദ്ധതിക്കുകീഴില്‍ രണ്ടാമത്തെ ഗഡു ലഭിക്കുന്നതിന് ആദ്യ ഗഡു നല്‍കിയ കര്‍ഷകരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ വെരിഫൈ ചെയ്യണമെന്നും അവരുടെ ആധാര്‍ നമ്പര്‍ കൂടി കൂട്ടിച്ചേര്‍ക്കണമെന്നും വിവേക് അഗര്‍വാള്‍ അറിയിച്ചു.

ഇതുവരെ പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുള്ള 31 മില്യണ്‍ കര്‍ഷകരില്‍ 21 മില്യണ്‍ കര്‍ഷകര്‍ക്കാണ് രണ്ടാമത്തെ ഗഡുവും ലഭിച്ചത്. പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പായി പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 47.6 മില്യണ്‍ കര്‍ഷകരുടെ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ ഒന്നുമതലാണ് സര്‍ക്കാര്‍ രണ്ടാമത്തെ ഗഡുവും വിതരണം ചെയ്തുതുടങ്ങിയത്.

പൊതുതെരഞ്ഞെടുപ്പ് കാരണം പദ്ധതി നടത്തിപ്പിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരക്ക് കാരണം പ്രതീക്ഷിച്ച വേഗത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കാനായിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം പദ്ധതി നടത്തിപ്പിന് വേഗം കൂടുമെന്നും അഗര്‍വാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് ഊര്‍ജം പകരാന്‍ സ്‌കീം സഹായിക്കും.

ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ള കര്‍ഷകര്‍ക്കാണ് രണ്ടാമത്തെ ഗഡു ലഭിച്ചത്. അതേസമയം, ആദ്യ ഗഡുവിനായി കര്‍ഷകരുടെ വിവരങ്ങള്‍ നല്‍കുന്നതിന് അതീവ ഉത്സാഹം കാണിച്ച പഞ്ചാബ് സര്‍ക്കാര്‍ രണ്ടാമത്തെ ഗഡു നല്‍കാനുള്ള വിവരങ്ങള്‍ വെരിഫൈ ചെയ്യുന്നതില്‍ പിന്നിലായി.

മാര്‍ച്ച് പത്തിനാണ് പൊതുതെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്നു. ഇതിനുമുന്‍പ് പട്ടികപ്പെടുത്തിയിട്ടുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നത് തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് വേണ്ടിയാണ് പിഎം-കിസാന്‍ സ്‌കീം അവതരിപ്പിച്ചത്. അടുത്തുള്ള പൊതു സേവന കേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതിയില്‍ പേര് ചേര്‍ക്കേണ്ടത്. തുടര്‍ന്ന് കര്‍ഷകരുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ട് ആനൂകൂല്യം എത്തും. പ്രതിവര്‍ഷം 6,000 രൂപയുടെ സഹായമാണ് ഇതുവഴി കര്‍കര്‍ക്ക് ലഭിക്കുക.

Comments

comments

Categories: FK News
Tags: Framers