ഊര്‍മ്മിള മടോണ്ഡ്കര്‍ എന്ന രാഷ്ട്രീയക്കാരി

ഊര്‍മ്മിള മടോണ്ഡ്കര്‍ എന്ന രാഷ്ട്രീയക്കാരി

രാഷ്ട്രീയത്തിലേക്കിറങ്ങുന്ന സിനിമാക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഈ താരനിരയിലേക്ക് ഏറ്റവുമൊടുവില്‍ കടന്നു വന്നിരിക്കുന്നത് ‘രംഗീല’ സിനിമയിലൂടെ ഒരു കാലത്ത് തരംഗമായ മുംബൈയുടെ സ്വന്തം ഊര്‍മ്മിള മടോണ്ഡ്കറാണ്. കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഊര്‍മ്മിള, നോര്‍ത്ത് മുംബൈ ലോക്‌സഭാ സീറ്റില്‍ നിന്ന് ജനവിധി തേടുകയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാനും ജനങ്ങളുമായി സംവദിക്കാനും എന്നും താല്‍പ്പര്യം കാട്ടിയ ഊര്‍മ്മിള, രാഷ്ട്രീയത്തിലും ശോഭിക്കാനാണ് സാധ്യതയെന്ന് പ്രവചിക്കുകയാണ് സുഹൃത്തും ചലച്ചിത്ര നിരൂപകനുമായ ലേഖകന്‍

ഊര്‍മ്മിള മടോണ്ഡ്കറെപ്പറ്റി എപ്പോഴാലോചിച്ചാലും ചൂടേറിയ ഭക്ഷണവും ഊഷ്മളമായ ചര്‍ച്ചകളുമാണ് എന്റെ മനസിലേക്ക് കടന്നു വരുന്നത്. ഊര്‍മ്മിള ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ്. നിങ്ങള്‍ക്ക് അവരെ അറിയാമെങ്കില്‍ ‘ഡസന് മറുപടിയായി പത്തൊന്‍പത്’ എന്ന ഇംഗഌഷ് ശൈലി വേഗം പിടികിട്ടും. നമ്മളോട് ഊഷ്മളമായ സൗഹൃദം സ്ഥാപിക്കാനായാല്‍ സ്വീകരണ മുറിയിലെ ഏകാംഗ വിനോദ വ്യവസായമായി അവര്‍ മാറും. അങ്ങനെയല്ലെങ്കില്‍, നിങ്ങളെ അവരുടെ ജീവിതത്തില്‍ നിന്ന് നിഷ്‌കരുണം പുറത്താക്കും.

ഊര്‍മ്മിളയുടെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പില്‍ ആശ്ചര്യചകിതനായെന്ന് ഞാനൊരിക്കലും പറയില്ല. അവര്‍ എന്നും സാഹസികതയെ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു. മനസിലുള്ളത് തുറന്ന് പറയാന്‍ ഒരിക്കലും പേടിക്കാത്ത ഒരാള്‍. അതേ സമയം തന്നെ ആവശ്യം വരുന്ന സമയത്ത് അങ്ങേയറ്റം നയപരമായി പെരുമാറാനും അവര്‍ക്ക് വശമുണ്ടായിരുന്നു. ചുരുക്കത്തില്‍ തികഞ്ഞ ഒരു രാഷ്ട്രീയക്കാരിയാണവര്‍. തീരുമാനമെടുക്കുന്നതിലുള്ള നിശ്ചയദാര്‍ഢ്യമാണ് അവരുടെ വ്യക്തിത്വത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം. സമകാലീന വിഷയങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല വിജ്ഞാനമുണ്ട്. താന്‍ തെരഞ്ഞെടുത്ത സിനിമകളില്‍ (കോണ്‍, പിഞ്ചര്‍ തുടങ്ങി മേനേ ഗാന്ധി കോ നഹി മാരാ വരെ) നടത്തിയ പരിശ്രമത്തിന്റെ പകുതിയെങ്കിലും രാഷ്ട്രീയ രംഗത്ത് കാഴ്ച്ചവെച്ചാല്‍ ഈ മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ അവര്‍ക്കാകും.

താന്‍ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമായ ‘ഓം ജയ് ജഗദീശ്’ല്‍ ഊര്‍മ്മിളയെ അഭിനയിപ്പിക്കുകയും ‘മേനേ ഗാന്ധി കോ നഹി മാരാ’ എന്ന ചിത്രത്തില്‍ അവരുടെ കഥാപാത്രത്തിന്റെ പിതാവിന്റെ വേഷം ചെയ്യുകയും ചെയ്ത നടന്‍ അനുപം ഖേര്‍, ചെയ്യുന്നതെന്താണെങ്കിലും അതില്‍ മികവ് കൈവരിക്കാനുള്ള അതിശയിപ്പിക്കുന്ന അവരുടെ ആന്തരിക പ്രേരണകളെക്കുറിച്ച് വാല്‍സല്യത്തോടെ സംസാരിക്കാറുണ്ട്. ഊര്‍മ്മിള സിനിമാ രംഗത്തേക്ക് കടന്നു വന്ന സമയത്തു തന്നെ അവരുടെ തീക്ഷ്്ണമായ സമര്‍പ്പണ മനോഭാവം ഞാന്‍ ശ്രദ്ധിച്ചിരുന്നു. ശ്രീദേവിയെപ്പോലെ തന്നെ, നായികാ വേഷത്തിലുള്ള ഊര്‍മ്മിളയുടെ ആദ്യ ഹിന്ദി സിനിമ (ആ ഗലേ ലഗ് ജാ) ഒരു പരാജയമായിരുന്നു. ശ്രീദേവിയെപ്പോലെ തന്നെ ഊര്‍മ്മിള പുനരവതരിപ്പിക്കപ്പെട്ടു, ശേഷം ചരിത്രം. 1995 സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.05 മണിക്ക് ഒരു താരോദയമുണ്ടായി. അതൊരു യുദ്ധ കാഹളം പോലെയായിരുന്നു. ഡിസൈനര്‍ മനീഷ് മല്‍ഹോത്ര തയാറാക്കിയ മിനി സ്‌കര്‍ട്ടില്‍ ‘യായീരേ യായീരേ സോര്‍ ലഗാകേ നാച്ചേരേ..’ എന്ന് സ്‌ക്രീനില്‍ അലറി വിളിച്ച ഊര്‍മ്മിള താരപരിവേഷം കൈവരിക്കുകയായിരുന്നു.

വളരെ പെട്ടെന്ന കുതിച്ചുയര്‍ന്ന ഊര്‍മ്മിളയുടെ താരപ്രശസ്തിയില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ഒരിക്കല്‍ ‘രംഗീല’യുടെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത് ഓര്‍ക്കുന്നു. ‘രംഗീലയിലൂടെ ഞാനാണ് ഊര്‍മ്മിളയുടെ കരിയര്‍ രൂപപ്പെടുത്തിയതെന്ന് ആളുകള്‍ പറയുമ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും അതിനോട് വിയോജിച്ചു. പണ്ട് ഊര്‍മ്മിളയെ വെച്ച് ‘ദ്രോഹി’ എന്ന സിനിമ സംവിധാനം ചെയ്ത അതേ ആള്‍ തന്നെയാണ് ഞാന്‍. ആ സിനിമയ്ക്ക് എന്ത് സംഭവിച്ചു? ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും വിജയം എന്നത് ശരിയായ അവസരം ലഭിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അപ്പോള്‍ എല്ലാ ഘടകങ്ങളും ഒരു ബിന്ദുവില്‍ തന്നെ സംയോജിക്കുന്നു. ദ്രോഹിയുടെ സമയത്ത് ഒരു ഗാനം ചെയ്യാന്‍ നൃത്തസ്വിധായകന്‍ ഇല്ലാത്ത അപ്രതീക്ഷിത സംഭവമുണ്ടായി. അപ്പോള്‍ ഞാന്‍ ഊര്‍മ്മിളയോട് സ്വന്തം കൊറിയോഗ്രാഫിയില്‍ നൃത്തം ചെയ്യാമോയെന്ന് ചോദിക്കുകയും അവര്‍ അത് സമ്മതിക്കുകയും ചെയ്തു. മികച്ച പ്രകടനമാണ് അന്ന് ഊര്‍മ്മിള കാഴ്ചവെച്ചത്. ആ സമയത്താണ് ഊര്‍മിളയെ വെച്ച് രംഗീല നിര്‍മിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.

സ്ഥിരമായി ധീരമാര്‍ന്ന തെരഞ്ഞെടുപ്പുകളാണ് ഊര്‍മ്മിള നടത്തിയതെന്നാണ് അവരുടെ കരിയര്‍ സൂചിപ്പിക്കുന്നത്. ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നതിന് അവര്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അബദ്ധം പിണയുകയോ വീഴ്ച്ച പറ്റുകയോ ചെയ്താലും ആ പരാജയ ഭീതിയെ തന്റെ സാഹസിക സ്വഭാവത്തില്‍ പ്രഭാവം ചെലുത്താന്‍ അവര്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. ശേഖര്‍ കപൂറിന്റെ ‘മൗസം’ എന്ന ചിത്രത്തില്‍ ബാലതാരമായെത്തിയ ഊര്‍മിളയുടെ ഉല്‍സാഹം ഓര്‍മിക്കുമ്പോള്‍ ഊര്‍മ്മിള ജന്‍മനാ തന്നെ ഒരു താരമായിരുന്നെന്നാണ് തോന്നിയതെന്ന് ഷബാന ആസ്മി പറഞ്ഞിട്ടുണ്ട്.

എല്ലാറ്റിനുമുപരി ഊര്‍മിള ഒരു എന്റര്‍ടെയ്‌നറാണ്. അവര്‍ക്ക് അനായാസം ശ്രദ്ധാകേന്ദ്രമാകാന്‍ കഴിയും. രാഷ്ട്രീയകാരിയാകുന്നതിനായി തന്റെ ലജ്ജാശീലത്തോട് ഏറെ പണിപ്പെട്ട് വിടപറഞ്ഞ ഡ്രീംഗേള്‍ ഹേമമാലിനിയില്‍ നിന്ന് വ്യത്യസ്തമായി ഊര്‍മ്മിള ജനക്കൂട്ടത്തിന്റെ നടുവില്‍ നില്‍ക്കാന്‍ ഒട്ടും മടിയില്ലാത്തയാളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ നടന്ന കമല്‍ ഹാസന്റെ ‘അഭയ്’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവേളയില്‍ അവരുടെ രംഗപ്രവേശം ഞാനോര്‍മിക്കുന്നു. കാമറ ഫഌഷുകള്‍ ഭ്രാന്തമായി മിന്നികൊണ്ടിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങളെടുക്കുന്ന സമയത്ത് സുഹൃത്തായ എന്റെ അടുത്തേക്ക് വേഗത്തിലെത്തി അഭിവാദ്യം ചെയ്യുന്നത് ഉചിതമാകുമോയെന്ന ചിന്തകളൊന്നും കൂടാതെ തന്നെ അവര്‍ അപ്രകാരെ ചെയ്തു. ഒരു ദിവസം വിനോദ വ്യവസായ രംഗത്തെ ആരാധകരേക്കാള്‍ കൂടുതല്‍ ജനകൂട്ടത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്കാകുമെന്ന് എനിക്കറിയാമായിരുന്നു. ആ നിമിഷം ഇപ്പോള്‍ ആഗതമായിക്കഴിഞ്ഞു.

(മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമാണ് ലേഖകന്‍)

കടപ്പാട് : ഐഎഎന്‍എസ്

Categories: FK Special, Slider