യുഎഇയില്‍ സന്ദര്‍ശകര്‍ ചെലവിട്ടത് 22.8 ബില്യണ്‍ ദിര്‍ഹം

യുഎഇയില്‍ സന്ദര്‍ശകര്‍ ചെലവിട്ടത് 22.8 ബില്യണ്‍ ദിര്‍ഹം

അന്തരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗള്‍ഫ് രാജ്യമായ യുഎഇക്ക് വന്‍കുതിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം 22.8 ബില്യണ്‍ ദിര്‍ഹമാണ് യുഎഇയില്‍ എത്തിയ വിനോദസഞ്ചാരികള്‍ ഇവിടെ വിനിയോഗിച്ചത്.തൊട്ടുമുമ്പത്തെ വര്‍ഷം ഇതേകാലയളവില്‍ 21.7 ബില്യണ്‍ ദിര്‍ഹമാണ് വിനോദസഞ്ചരരംഗത്ത് നിന്നും രാജ്യത്ത് വിനിയോഗിക്കപ്പെട്ടത്. സൗദി അറേബ്യാ, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് കൂടുതല്‍ തുക ചെലവഴിക്കുന്നത്.

യുഎഇ ട്രാവല്‍ സ്‌നാപ്‌ഷോട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സൗദിയില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികളുടെ മൊത്തം ചെലവില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്.മുന്‍വര്‍ഷം 4.4 ബില്യണ്‍ ദിര്‍ഹം വിനിയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 4.8 ബില്യണ്‍ ദിര്‍ഹമാണ് ചെലവിട്ടിരിക്കുന്നത്. അമേരിക്കന്‍ വിനോദസഞ്ചാരികള്‍ 2.4 ബില്യണ്‍ ദിര്‍ഹം വിനിയോഗിച്ചപ്പോള്‍ യുകെയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ചെലവഴിച്ചത് 2 ബില്യണ്‍ ദിര്‍ഹമാണ്. യുഎഇയുടെ മാറുന്ന വിനോദസഞ്ചാര മുഖത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ നല്‍കിയ വിഹിതവും ഒട്ടും ചെറുതല്ല. കുവൈറ്റില്‍ നിന്നുള്ള സഞ്ചാരികള്‍ ഒരു ബില്യണ്‍ ദിര്‍ഹം യുഎഇയില്‍ വിനിയോഗിച്ചപ്പോള്‍ ഒമാനില്‍ നിന്നുള്ളവര്‍ 856 ദശലക്ഷം ദിര്‍ഹവും ബഹറിനില്‍ നിന്നുള്ളവര്‍ 371 ദശലക്ഷം ദിര്‍ഹവും ആസ്‌ത്രേലിയന്‍ സഞ്ചാരികള്‍ 36 മില്യന്‍ ദിര്‍ഹവും വിനിയോഗിച്ചു. മാത്രമല്ല, യു എ ഇ സന്ദര്‍ശകരുടെ ആകെ വിസ കാര്‍ഡ് ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധിക്കുകയും ചെയ്തു.

ആഗോളതലത്തില്‍ ഏറ്റവും മികച്ച വിനോദസഞ്ചാരങ്ങളില്‍ ഒന്നായി യുഎഇ വളരുന്നത് തന്നെയാണ് ഇത്തരത്തില്‍ യുഎഇയില്‍ എത്തുന്ന സഞ്ചാരികളില്‍ നിന്നുള്ള ധനവിനിയോഗം വര്‍ധിക്കുന്നതിനുള്ള പ്രധാനകാരണം. ലോകത്തെ മികച്ച ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ എന്ന നിലക്കും യുഎഇ മികച്ച പ്രകടമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ ദിര്‍ഹത്തിന്റെ നിരക്ക് കുറഞ്ഞത് യുഎഇയെ ചെലവേറിയ കേന്ദ്രമാക്കി മാറ്റിയെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണത്തെ അത് ബാധിച്ചില്ല. 2018 ല്‍ 15.8 ദശലക്ഷം ആളുകള്‍ ദുബായ് സന്ദര്‍ശിച്ചു.

റഷ്യന്‍ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇതേ സമയം സൗദി അറേബ്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ധനവിനിമയം 9 ശതമാനവും ചൈന , ഇന്ത്യ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 6 ശതമാനവും റഷ്യ കുവൈത്ത്, ഒമാന്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 3 ശതമാനവും വര്‍ധനവുണ്ടായി.

വിസ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ 9.2 ബില്യന്‍ ദിര്‍ഹമാണ് യുഎഇയില്‍ യാത്രക്കായി ചെലവഴിച്ചത്. ഫാഷന്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവക്കായി 3.8 ബില്യണ്‍ ദിര്‍ഹവും ലക്ഷ്വറി സാധനങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവക്കായി 1.8 ബില്യണ്‍ ദിര്‍ഹവും വിനോദോപാധികള്‍ക്കായി 959 മില്യണ്‍ ദിര്‍ഹവും വിനിയോഗിച്ചു.

ഇതിലൂടെ റെസ്റ്റോറന്റ് ചെലവ് 30 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിമാന കമ്പനികള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ വരുമാനം ഒന്‍പത് ശതമാനം കൂടി. യുഎസ്, യുഎസ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ഇന്ത്യ, നെതര്‍ലന്‍ഡ്, ജര്‍മ്മനി, സൗദി അറേബ്യ, സൈപ്രസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യുഎഇയില്ല് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്.

Comments

comments

Categories: Arabia
Tags: UAE Tourists