സര്‍വീസുകള്‍ വീതംവെക്കുന്നതില്‍ നിക്ഷേപകര്‍ക്ക് അതൃപ്തി

സര്‍വീസുകള്‍ വീതംവെക്കുന്നതില്‍ നിക്ഷേപകര്‍ക്ക് അതൃപ്തി

മറ്റ് വിമാനക്കമ്പനികള്‍ക്ക് വെറ്റ്-ലീസ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം താല്‍പര്യം പ്രകടിപ്പിച്ച നിക്ഷേപകരെ ആശങ്കയിലാക്കുന്നു

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ മറ്റ് വിമാനക്കമ്പനികള്‍ക്ക് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കമ്പനിയുടെ ഓഹരി ലേല പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തിഹാദ് എയര്‍വേയ്‌സ്, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ടെക്ചര്‍ ഫണ്ട്, ടിപിജി കാപ്പിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്‌ണേഴ്‌സ് എന്നീ നാല് നിക്ഷേപകരെയാണ് എസ്ബിഐ കാപ്പിറ്റലിന്റെ നേതൃത്വത്തിലുള്ള ജെറ്റിന്റെ വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം യോഗ്യതയുള്ള ബിഡ്ഡര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇവര്‍ ഓഹരി ഏറ്റെടുക്കാനുള്ള തീരുമാനം പുനപരി
ശോധിക്കുന്നതായാണ് സൂചന.

താല്‍ക്കാലികാടിസ്ഥാനത്തില്‍ സര്‍വീസ് വീതം വെക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കാന്‍ വ്യോമയാന മന്ത്രാലയം ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സ്വകാര്യ വിമാനത്താവളങ്ങള്‍ എന്നിവയുടെ ഒരു സംയുക്ത സമിതിക്ക് കഴിഞ്ഞയാഴ്ച്ച രൂപം നല്‍കിയിരുന്നു. ഡെല്‍ഹി, മുംബൈ വിമാനതാവളങ്ങളിലെ ജെറ്റിന്റെ 400 ല്‍ അധികം ആദായകരമായ വിമാനസര്‍വീസുകള്‍ മറ്റ് വിമാനക്കമ്പനികള്‍ക്ക് നല്‍കികൊണ്ടിരിക്കുകയാണ്. പ്രസ്തുത നഗരങ്ങളില്‍ നിന്ന് അടുത്ത മാസം മുതല്‍ പുതിയ വിമാന സര്‍വീസുകളാരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, എയര്‍ഏഷ്യ ഇന്ത്യ, വിസ്താര എന്നിവരെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. ജെറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കുന്ന പക്ഷം ഇവ തിരിച്ച് നേടാമെന്ന വ്യവസ്ഥയില്‍ താല്‍ക്കാലികമായിട്ടാണ് ഈ വീതം വെപ്പ് നടക്കുന്നതെങ്കിലും വീണ്ടും ഈ സര്‍വീസുകള്‍ തിരിച്ചു പിടിക്കല്‍ എളുപ്പമാകില്ലെന്നതാണ് നിക്ഷേപകരുടെ ആശങ്ക.

ജെറ്റിന്റെ സര്‍വീസുകള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന്റെ പേരില്‍ കമ്പനി ജീവനക്കാരില്‍ നിന്നും രാഷ്ട്രീയ തലത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ ഏറ്റവുവാങ്ങുന്നുണ്ട്. എയര്‍ലൈന്‍ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മ തിടുക്കത്തിലുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയിരുന്നു.

Categories: Business & Economy, Slider
Tags: investments