മലമ്പനി പ്രതിരോധമരുന്ന് സജ്ജം

മലമ്പനി പ്രതിരോധമരുന്ന് സജ്ജം

ഒരു ബില്യണ്‍ ഡോളര്‍ ചെലവിട്ട് മൂന്നു ദശാബ്ദത്തെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ശേഷം വികസിപ്പിച്ചെടുത്ത മരുന്ന് ഉടന്‍ പ്രയോഗിക്കും

ലോകത്തിലെ ഏറ്റവും അപകടകാരിയായ സംക്രമികരോഗമാണ് മലമ്പനി അഥവാ മലേറിയ. മുന്‍ കാലങ്ങളില്‍ ഒട്ടേറെ പേരുടെ ജീവനെടുത്ത ഈ കൊതുകുജന്യരോഗം മൂന്നാംലോക രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ആഫ്രിക്കക്കാരെയാണ് ഈ രോഗം കൊല്ലുന്നത്. ഇതിനെതിരേ ശക്തമായ പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കാനായി ഏതാണ്ട് ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ മുപ്പതു വര്‍ഷം ചെലവിട്ട് നടത്തിയ ഗവേഷണങ്ങള്‍ ഒടുവില്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്.

മോസ്‌ക്യുറിക്‌സ് എന്നാണു മരുന്നിന്റെ പേര്. ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ ആണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഏഴ് രാജ്യങ്ങളിലെ 15,000 പേരില്‍ അഞ്ചു വര്‍ഷമെടുത്തു നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോയ ശേഷം 2015ലാണ് ആദ്യഘട്ട ചികില്‍സാ പരിപാടിക്ക് അംഗീകാരം നല്‍കിയത്. പരീക്ഷണങ്ങളില്‍ മലമ്പനിയുടെ പ്രത്യാഘാതങ്ങള്‍ 40% കുറയ്ക്കാന്‍ ശേഷിയുള്ളതായി കണ്ടെത്തി. ഈ ആഴ്ചയില്‍ മലാവിയുടെ തലസ്ഥാനം ലിലോംഗ്വേയില്‍ രോഗികളില്‍ മരുന്ന് പ്രയോഗിക്കും. അടുത്ത ആഴ്ച കെനിയയിലും ഘാനയിലും മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കും.

യഥാര്‍ത്ഥത്തില്‍ കൊതുകുകടിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഏകകോശജീവികളായ പ്ലാസ്‌മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് മലമ്പനി രോഗമുണ്ടാക്കുന്നത്. ഇവ അരുണ രക്താണുക്കളില്‍ പ്രവേശിക്കുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. രണ്ടു വയസില്‍ താഴെയുള്ള 1,20,000 കുട്ടികളിലാണ് ആദ്യഘട്ടത്തില്‍ പ്രതിരോധകുത്തിവെപ്പു നടത്തുക. പ്രതിരോധം വിജയകരമാക്കന്‍ നാലു ഡോസ് മരുന്നു കൂടി നല്‍കണം. പ്രതിരോധമരുന്നിന്റെ പ്രവര്‍ത്തനം ഫലപ്രദമാണോയെന്നു വിലയിരുത്തുകയും കുറഞ്ഞ ചെലവില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ സാധ്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യും.

മലമ്പനിക്കെതിരേ വാക്‌സിന്‍ പൂര്‍ണമായ സംരക്ഷണം നല്‍കില്ലെങ്കിലും, നിലവില്‍ വികസിപ്പിച്ചെടുത്ത മരുന്നുകളില്‍ ആദ്യത്തേതും ഏറ്റവും ഫലപ്രദവുമാണിത്. വ്യാപകമായി മരുന്ന് ഉപയോഗിക്കാനായാല്‍ നൂറുകണക്കിന് ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൊതുകുകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ഇപ്പോഴുള്ള ആയുധങ്ങള്‍ കൊതുകുവലകള്‍, കൊതുകുനാശിനികള്‍, മരുന്നുകള്‍ എന്നിവ മാത്രമാണ്. ഇതില്‍ ഏറ്റവും ഫലപ്രദമാണ് പുതിയ പ്രതിരോധമരുന്നെന്ന് ലോകാരോഗ്യ സംഘടന വിശ്വസിക്കുന്നു.

2017 ല്‍ 435,000 പേരാണ് മലേറിയ ബാധിച്ചു മരിച്ചത്. അവരില്‍ ഭൂരിഭാഗവും ആഫ്രിക്കയിലെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളാണ്. 24 മണിക്കൂറിനുള്ളില്‍ മലമ്പനിക്ക് ഒരു കുട്ടിയെ കൊല്ലാന്‍ കഴിയുമെന്ന് ഗവേഷകന്‍ ടിസ്യുന്‍ഗേന്‍ മ്വാലോ പറഞ്ഞു. രോഗത്തെ അതിജീവിച്ചാല്‍പ്പോലും കുട്ടികളുടെ തലച്ചോറും വൃക്കയുമടക്കം എല്ലാ അവയവങ്ങളെയും ബാധിക്കാനുമിടയുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ രോഗബാധിതരുടെ എണ്ണം തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ രണ്ടു ദശലക്ഷം ഉയര്‍ന്ന് 219 ദശലക്ഷത്തിലെത്തി. കഴിഞ്ഞ ദശകത്തിലെ മലമ്പനി നിയന്ത്രണപരിപാടികളില്‍ ഒരു സ്തംഭനമുണ്ടായി. ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍, യഥാര്‍ത്ഥത്തില്‍ മലമ്പനിബാധ കൂടുതല്‍ വഷളായിട്ടുണ്ട്.

പൊതുവേ ഉപയോഗിക്കപ്പെടുന്ന കൊതുകുനാശിനികള്‍ക്കെതിരേ കൊതുകുകള്‍ പ്രതിരോധശേഷി നേടിയത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. മലാവി, കെനിയ, ഘാന എന്നിവിടങ്ങളെ മരുന്നു പരീക്ഷണത്തിനു തെരഞ്ഞെടുത്തത്, കാലങ്ങളായി നിരവധി പ്രതിരോധമാര്‍ഗങ്ങളൊരുക്കിയിട്ടും അവര്‍ക്ക് രോഗബാധയില്‍ നിന്ന് പറയത്തക്ക ഒരു കുറവും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. മലേറിയ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളില്‍ ദശാബ്ദങ്ങളായി അനുവര്‍ത്തിക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണ് ഈ പ്രതിരോധ കുത്തിവെപ്പ്. അടുത്തകാലത്തായി മലമ്പനിബാധ കൂടിയിട്ടുണ്ടെങ്കിലും രോഗം മൂലം മരണമടയുന്നവരുടെ എണ്ണം മൂന്നില്‍ രണ്ടായി കുറഞ്ഞുവെന്നതു തന്നെയാണ് പ്രതിരോധകുത്തിവെപ്പിന്റെ പ്രസക്തി.

Comments

comments

Categories: Health
Tags: Malaria