ലഡാക്കിലേക്കുള്ള റോഡ് പൂര്‍ത്തിയായി

ലഡാക്കിലേക്കുള്ള റോഡ് പൂര്‍ത്തിയായി

ന്യൂഡെല്‍ഹി: ഹിമാലയന്‍ അതിര്‍ത്തിയിലെ ഏറ്റവുമധികം അപകടം നിറഞ്ഞതും തന്ത്രപ്രധാനവുമായ ലഡാക് പാതയുടെ നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി. ലേയ്ക്കും കാരറകോറം മലയിടുക്കിനുമിടയിലുള്ള റോഡിന്റെ 255 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ദര്‍ബക്-ഷയോക്-ദൗലത് ബെഗ് ഓള്‍ഡി (ഡിഎസ്-ഡിബിഒ) പാതയുടെ നിര്‍മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്. മഞ്ഞുമൂടികിടക്കുന്ന നദികള്‍ക്കു കുറുകെ 37 പാലങ്ങളാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ഈ മാസം 20 നാണ് ലേയില്‍ നിന്ന് കാറകോറത്തിലേക്കുള്ള റോഡില്‍ ആദ്യമായി മോട്ടോര്‍ വാഹനങ്ങള്‍ ഓടിയത്. ഇന്ത്യന്‍ സൈന്യത്തിന് വടക്കു കിഴക്കന്‍ ലഡാക് മേഖലയിലേക്ക് ഏതു കാലാവസ്ഥയിലേക്കും സഞ്ചാരപാതയൊരുക്കുന്നതാണ് പുതിയ റോഡ്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ സംഘര്‍ഷഭരിതമായിരുന്ന ഈ പ്രദേശം ഇരു രാജ്യങ്ങളും തമ്മില്‍ 2013, 2014 വര്‍ഷങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കും സാക്ഷിയായി. ചെനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തന്ത്രപ്രധാന പാതയുടെ നിര്‍മാണം ഇന്ത്യ വിഭാവനം ചെയ്തിരുന്നത്.

ഷയോക്കില്‍ നിന്നും കാറകോറം പാസിന്റെ അവസാനത്തെ 235 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ജനവാസമില്ല. റോഡിന്റെ ഡിഎസ്-ഡിബിഒ വിഭാഗം ഇന്ത്യന്‍ ആര്‍മി സബ്-സെക്റ്റര്‍ നോര്‍ത്ത് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ തന്ത്രപ്രധാനമായ വടക്കന്‍ മൂലയിലാണെന്നുള്ളതിനാല്‍ പ്രതിരോധ മന്ത്രാലയത്തെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട മേഖലയാണിത്. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍, ജിവാന്‍ നാല, ചിപ്പ് ചാപ് നദി തുടങ്ങിയ അതിര്‍ത്തി മേഖലകളില്‍ ആധിപത്യം പുലര്‍ത്താനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ പുതിയ റോഡ് പിന്തുണക്കും. 2000-2012 കാഘട്ടത്തില്‍ 320 കോടി രൂപ മുടക്കി ഡിഎസ്-ഡിബിഒ പാത നിര്‍മാണത്തിന് ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

Categories: FK News, Slider
Tags: Ladakh road