ജിയോയുടെ ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ കുത്തനേ ഇടിവ്

ജിയോയുടെ ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ കുത്തനേ ഇടിവ്

നിരക്ക് യുദ്ധത്തിന്റെ രൂക്ഷത കുറയ്ക്കാനിടയാക്കും എന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി പ്രതിമാസ വരുമാനത്തില്‍ (ആവറേജ് റെവന്യു പെര്‍ യൂസര്‍- എആര്‍പിയു) സത്തനേ ഇടിവുണ്ടാകുന്നത് റിലയന്‍സ് ജിയോയെ നിരക്ക് വര്‍ധനയ്ക്ക് പ്രേരിപ്പിച്ചേക്കും എന്ന പ്രതീക്ഷയിലാണ് മറ്റ് ടെലികോം കമ്പനികള്‍. ഉപഭോക്തൃ അടിത്തറ വിപൂലീകരിക്കാന്‍ ഇപ്പോഴും ജിയോയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് വരുമാനത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്നില്ല. വന്‍ നിരക്കിളവും സൗജന്യ ഓഫറുകളുമായി റിലയന്‍സ് ജിയോ എത്തിയതോടെയാണ് ടെലികോം മേഖലയിലെ നിരക്ക് യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായത്. വിപണിയില്‍ നിന്ന് പല കമ്പനികളുടെയും പിന്‍മാറ്റത്തിനും ലയന കരാറുകള്‍ക്കും ജിയോയുടെ വരവ് ഇടയാക്കിയിരുന്നു.
2017ലെ ഡിസംബര്‍ പാദത്തിലെ കണക്ക് പ്രകാരം 154 രൂപയായിരുന്നു ഒരു ഉപയോക്താവില്‍ നിന്ന് ജിയോയ്ക്ക് ലഭിച്ച ശരാശരി പ്രതിമാസ വരുമാനം. 2018 ലെ ഡിസംബര്‍ പാദം എത്തുമ്പോള്‍ അത് 15.6 ശതമാനം ഇടിഞ്ഞ് 130 രൂപയിലേക്കെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 126.2 എന്ന നിലയിലേക്ക് ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം എത്തിയിട്ടുണ്ട്. മൊത്തം വരുമാനത്തെ മൊത്തം ഉപയോക്താക്കളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് എആര്‍പിയു കണക്കാക്കുന്നത്. കൂടുതലായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഉപയോക്താക്കള്‍ വരുമാനത്തില്‍ കൂടുതലായി സംഭാവന ചെയ്യുന്നില്ല എന്നതാണ് തുടര്‍ച്ചയായി എആര്‍പിയു ഇടിയുന്നതിലൂടെ വ്യക്തമാകുന്നത്.

വേണ്ടത്ര ചെലവിടല്‍ നടത്താത്ത ഉപയോക്താക്കള്‍ ഒരു പരിധിക്കപ്പുറം വര്‍ധിക്കുന്നത് ജിയോയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നുമാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചുരുങ്ങിയ പരിധിക്ക് താഴെ റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കളെ ഒഴിവാക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വോഡഫോണ്‍ ഐഡിയയും എയര്‍ടെലും ഇപ്പോള്‍ നടപ്പാക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 35 രൂപയ്‌ക്കെങ്കിലും പ്രതിമാസം റീച്ചാര്‍ജ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് ഈ കമ്പനികള്‍ സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്തിതുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ചെലവു ചുരുക്കാമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ എയര്‍ടെലിന്റെ എആര്‍പിയു മുന്‍പാദത്തിലെ 100ല്‍ നിന്ന് 104 ആയി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി 9 പാദങ്ങളിലെ ഇടിവിന് ശേഷമാണ് ഈ വര്‍ധന ഉണ്ടായത്. വോഡഫോണ്‍ ഐഡിയയുടെ എആര്‍പിയു 1 രൂപ വര്‍ധിച്ച് ഡിസംബര്‍ പാദത്തില്‍ 89 രൂപയിലേക്കെത്തി.

കഴിഞ്ഞ അഞ്ച് പാദങ്ങളിലും എആര്‍പിയു ഇടിവ് പ്രകടമാക്കിയെങ്കിലും 4ജി ഉപയോക്താക്കളില്‍ നിന്നുള്ള വരുമാനത്തിലും ഡാറ്റയില്‍ നിന്നുള്ള ലാഭത്തിലും എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ് ജിയോ.

Comments

comments

Categories: Business & Economy
Tags: Jio